തിരുവനന്തപുരം: സമരം ചെയ്‌തെന്ന കാരണത്താല്‍ പുതിയ സിനിമകള്‍ തങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന ആരോപണവുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ബഷീര്‍ നിവേദനം നല്‍കി. പുതിയ സംഘടനയുടെ പ്രസിഡന്റ് നടന്‍ ദിലീപ് ഫെഡറേഷന്‍ അംഗങ്ങളെ ഭീഷണിപ്പെടുത്തി സംഘടനയില്‍ ചേര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ബഷീറിന്റെ തലശേരിയിലെ ലിബര്‍ട്ടി പാരഡൈസ്, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന്‍ അക്കരയുടെ ചാലക്കുടിയിലെ അഗസ്റ്റി, അക്കര, വൈസ് പ്രസിഡന്റുമാരായ സന്തോഷിന്റെ മാവേലിക്കരയിലെ വള്ളക്കാല്‍ കോംപ്ളക്സ്, ജേക്കബിന്റെ കാഞ്ഞാണിയിലെ സിംല എന്നിവ ഉള്‍പ്പെടെ 25 തിയറ്ററുകള്‍ക്കാണ് പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനായി അനുവദിക്കാത്തത്. ഒരു മാസത്തോളം നീണ്ടുനിന്ന തിയറ്റര്‍ സമരത്തിനുശേഷം ഈയാഴ്ച രണ്ടു ചിത്രങ്ങളാണ് തിയറ്ററുകളില്‍ എത്തുന്നത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ മെഗാ താരം മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ് ഈ മാസം 19, 20 തിയതികളില്‍ റിലീസ് ചെയ്യുന്നത്. ജയസൂര്യയുടെ ഫുക്രി, പൃഥ്വിരാജിന്റെ ഇസ്ര എന്നീ ചിത്രങ്ങളും ഉടന്‍ പ്രദര്‍ശനത്തിനെത്തും.