ദിലീപിനും കാവ്യക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. മാഡം കാവ്യമാധവനാണെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കുമാത്രമാണ് ഇത് പുതിയ കാര്യമെന്നും ലിബര്‍ട്ടി ബഷീര്‍ മാതൃഭൂമി ചാനലിനോട് പറഞ്ഞു. കാവ്യയെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ടാണ് പോലീസ് തയ്യാറാകാത്തത്? കാവ്യയെ അറസ്റ്റ് ചെയ്യേണ്ടതാണ്. എന്തുകൊണ്ടാണ് ഇളവ് നല്‍കുന്നതെന്ന് മനസ്സിലാകുന്നില്ല. ദിലീപിനെ കുടുക്കിയതിന് പിന്നില്‍ താനാണെന്ന് പറഞ്ഞതിലുള്ള പ്രതികാരം അല്ല ഇതൊന്നും. കേസുമായി ബന്ധപ്പെട്ട് മൂന്നാംദിവസം ദിലീപാണ് ഇതിന് പിന്നിലെന്നും മമ്മുട്ടി ഇടപെട്ടില്ലെങ്കില്‍ അറസ്റ്റു നടക്കുമെന്നും മമ്മുട്ടി ഇടപെട്ടാല്‍ അറസ്റ്റ് നടക്കില്ലെന്നും പറഞ്ഞിരുന്നു. തുടക്കത്തില്‍ അറസ്റ്റ് നടക്കാത്തത് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ്. കാവ്യയാണ് മാഡമെന്ന് നേരത്തെ അറിയാമായിരുന്നു. കാവ്യക്ക് കേസുമായി ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളും കാവ്യയുമായി ബന്ധപ്പെടുന്നവയാണ്. അപ്പോള്‍ പിന്നെ കാവ്യയാണെന്ന് നൂറുശതമാനം ഉറപ്പാണെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ദിലീപിനും കാവ്യക്കും ഒരേ വെറുപ്പാണ് ആ പെണ്‍കുട്ടിയോടും മഞ്ജുവിനോടുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നാണ് കേസിലെ മാഡം കാവ്യമാധവനാണെന്ന് പള്‍സര്‍സുനി പറഞ്ഞത്. എറണാംകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു വെളിപ്പെടുത്തല്‍.