X

പാര്‍ട്ടിയിലെ അട്ടിമറിക്ക് പിന്നാലെ ചിരാഗ് പാസ്വാനെ എല്‍ജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കി

ഡല്‍ഹി: ചിരാഗ് പാസ്വാനെതിരേ ഇളയച്ഛന്‍ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തില്‍ വിമതനീക്കം നടത്തിയതിന് പിന്നാലെ എല്‍ജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗിനെ പുറത്താക്കി. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ചിരിഗ് പാസ്വാനെ നീക്കം ചെയ്തതായി വിമത എംപിമാര്‍ പറഞ്ഞു.

എല്‍ജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്നു ചിരാഗ് പാസ്വാന്‍. കഴിഞ്ഞ ദിവസം ചിരാഗ് ഒഴികെയുള്ള പാര്‍ട്ടിയുടെ എംപിമാര്‍ ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരിക്കുന്നത്.

സൂരജ് ഭാനെയാണ് പാര്‍ട്ടിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റായി വിമതര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പാര്‍ട്ടിയിലെ അഞ്ച് എം.പി.മാര്‍ ഞായറാഴ്ച ലോക്‌സഭാ സ്പീക്കറെക്കണ്ട് ചിരാഗിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് നീക്കിയതായും പകരം പരസിനെ നിയമിച്ചതായും അറിയിച്ചിരുന്നു. അലി കൈസറാണ് ഉപനേതാവ്. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ രാഷ്ട്രീയക്ഷീണത്തിന് തിരിച്ചടിയായി മുഖ്യമന്ത്രി നിതീഷ് കുമാറും ജെ.ഡി.യു.വുമാണ് ചിരാഗിനെതിരേ നാടകീയ നീക്കം ആസൂത്രണം ചെയ്തതെന്നാണ് ആരോപണം.

പാര്‍ട്ടിയിലെ വിമതനീക്കങ്ങളറിഞ്ഞ് ചിരാഗ് തിങ്കളാഴ്ച ഡല്‍ഹിയില്‍ ഇളയച്ഛന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് പശുപതിയും പ്രിന്‍സ് രാജും തയ്യാറായില്ല. ഒന്നരമണിക്കൂര്‍ കാത്തിരുന്നശേഷം ചിരാഗ് മടങ്ങിയപ്പോഴാണ് വിമതര്‍ മാധ്യമങ്ങളെക്കണ്ടത്. സംഭവത്തില്‍ ചിരാഗ് പ്രതികരിച്ചിട്ടില്ല.

Test User: