X

ലെവയുടെ ഏക ഗോളില്‍ ബാഴ്‌സക്ക് വിജയം; ലാലീഗയില്‍ തലപ്പത്ത്

ലാ ലിഗയില്‍ ബദ്ധവൈരികളായ റയല്‍ മഡ്രിഡിനെ മറികടന്ന് ബാഴ്‌സലോണ വീണ്ടും ഒന്നാമത്. നിര്‍ണായക മത്സരത്തില്‍ റയോ വയ്യകാനോയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയതോടെയാണ് കറ്റാലന്‍സ് ഡിസംബറിനുശേഷം വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.

ബാഴ്‌സക്കും റയലിനും 51 പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് ഹാന്‍സി ഫ്‌ലിക്കും സംഘവും മുന്നിലെത്തിയത്. കഴിഞ്ഞ മത്സരങ്ങളില്‍ റയലും അത്‌ലറ്റികോ മഡ്രിഡും സമനില വഴങ്ങിയതാണ് ബാഴ്‌സക്ക് അനുകൂലമായത്.

28ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. സീസണില്‍ താരത്തിന്റെ 20ാം ലീഗ് ഗോളാണിത്. ഇനിഗോ മാര്‍ട്ടിനെസിനെ ബോക്‌സിനുള്ളില്‍ റയോ മധ്യനിരതാരം പാത്തെ കിസ്സ് ഫൗള്‍ ചെയ്തതിനാണ് വാര്‍ പരിശോധനയിലൂടെ ബാഴ്‌സക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്.

രണ്ടാം പകുതിയില്‍ ബാഴ്‌സക്ക് ലീഡ് ഉയര്‍ത്താനുള്ള ഒന്നിലധികം അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. സ്വന്തം തട്ടകത്തില്‍ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം ബാഴ്‌സക്ക് പുറത്തെടുക്കാനായില്ല. മൂന്നാഴ്ച മുമ്പുവരെ റയലിനേക്കാള്‍ ഏഴു പോയന്റ് പിന്നിലായിരുന്നു ബാഴ്‌സ. 24 മത്സരങ്ങളില്‍നിന്ന് 16 ജയവും അഞ്ചു തോല്‍വിയും മൂന്നു സമനിലയുമായി 51 പോയന്റാണ് ബാഴ്‌സക്ക്.

റയലിന് ഇത്രയും മത്സരങ്ങളില്‍നിന്ന് 15 ജയവും മൂന്നു തോല്‍വിയും ആറു സമനിലയും. 50 പോയന്റുമായി അത്‌ലറ്റികോ മഡ്രിഡ് മൂന്നാമതാണ്. ലീഗില്‍ കിരീട പോരാട്ടം കൂടുതല്‍ ആവേശകരമാകും.

webdesk13: