പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ആദ്യ പകുതിയില്‍ നേടിയ ഹാട്രിക്കിന്റെ ബലത്തില്‍ ലാ ലിഗയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഡിപോര്‍ട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബാഴ്‌സ നിലംപരിശാക്കിയത്.
ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ഹാന്‍സി ഫ്‌ലിക്കിനും സംഘത്തിനും മൂന്നു പോയന്റിന്റെ ലീഡായി. 7, 22, 32 മിനിറ്റുകളിലാണ് സൂപ്പര്‍ താരത്തിന്റെ ഹാട്രിക്. അലാവെസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റഫീഞ്ഞയുടെ ഫ്രീകിക്കില്‍ നിന്നാണ് ലെവന്‍ഡോവ്സ്‌കി കാറ്റലന്‍സിന് ലീഡ് നേടികൊടുത്തത്. റഫീഞ്ഞ ബോക്‌സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസിന് കൃത്യമായി ഓടിയെത്തിയ താരം ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി.
22ാം മിനിറ്റില്‍ റഫീഞ്ഞയുടെ ക്രോസില്‍നിന്നുതന്നെ ലെവന്‍ഡോവ്സ്‌കി ലീഡ് വര്‍ധിപ്പിച്ചു. പത്ത് മിനിറ്റിനുള്ളില്‍ താരം വീണ്ടും പന്ത് വലയിലാക്കി ഹാട്രിക് പൂര്‍ത്തിയാക്കി. എറിക് ഗാര്‍സിയയുടെ പാസ് വലയിലെത്തിച്ചാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്. താരത്തിന്റെ കരിയറില്‍ ആദ്യ പകുതിയില്‍ നേടുന്ന ആദ്യ ഹാട്രിക്കാണ്. സീസണില്‍ വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി ബാഴ്‌സക്കായി 11 മത്സരങ്ങളില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍നേട്ടം 12 ആയി.
ആതിഥേയര്‍ക്ക് മത്സരത്തില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. ടോണി മാര്‍ട്ടിനെസ് അലാവെസിനായി ആശ്വാസ ഗോള്‍ മടക്കിയെന്ന് തോന്നിച്ചെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി. പന്തടക്കത്തിലും ആക്രമണത്തിലും ബാഴ്‌സയുടെ ആധിപത്യമായിരുന്നു. മത്സരത്തില്‍ 72 ശതമാനവും പന്ത് കൈവശം വെച്ചത് ബാഴ്‌സയായിരുന്നു. ഒമ്പത് മത്സരങ്ങളില്‍നിന്ന് 24 പോയന്റുമായാണ് ബാഴ്‌സ ഒന്നാമത് തുടരുന്നത്. രണ്ടാമതുള്ള റയല്‍ മഡ്രിഡിന് 21 പോയന്റുണ്ട്.