ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ലിയോണിനെതിരെ നേടിയ ഗോളോടെ ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവും ഗോളുകള്‍ നേടുന്ന താരം എന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനരികെ എത്തിയിരിക്കുകയാണ് ബയേണ്‍ മ്യൂണിക്ക് മുന്നേറ്റ താരം റൊബേര്‍ട്ട് ലെവാന്‍ഡോവ്‌സ്‌കി. രണ്ട് ഗോളുകള്‍ കൂടി നേടുകയാണെങ്കില്‍ ലെവാന്‍ഡോവ്‌സ്‌കി ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡിനൊപ്പം എത്തും. ചാമ്പ്യന്‍സ് ലീഗ് 2013-14 സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ 17 ഗോള്‍ മറികടക്കാന്‍ പോളിഷ് താരത്തിന് ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഈ സീസണില്‍ 15 ഗോളുകള്‍ നേടിയ ലെവാന്‍ഡോവ്‌സ്‌കി അഞ്ച് അസിസ്റ്റും നല്‍കിയിട്ടുണ്ട്.
സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തിന് പിഎസ്ജിക്കെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുന്നേറ്റ നിരക്കൊപ്പം മികച്ച പ്രതിരോധ നിരയുമുള്ള ഫ്രഞ്ച് ക്ലബിനെതിരെ വിജയിക്കണമെങ്കില്‍ ബയേണിന് കുറച്ച് വിയര്‍ക്കേണ്ടി വരും.ഞായറാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 12.30 നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.