X

സൂകിക്ക് റോഹിംഗ്യന്‍ അഭയാര്‍ത്ഥി എഴുതിയ തുറന്ന കത്ത് വൈറലാകുന്നു

കോക്‌സ്ബസാര്‍: മ്യാന്‍മര്‍ ഭരണകൂടത്തിന്റെ വംശീയ പീഡനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളാക്കപ്പെട്ട് ബംഗ്ലാദേശിലെ കോക്‌സ്ബസാറിലെ ക്യാമ്പില്‍ കഴിയുന്ന റോഹിംഗ്യകളിലൊരാളായ റോ മയ്യു അലി ഓങ് സാങ് സൂകിക്ക് എഴുതിയ തുറന്ന കത്ത് ചര്‍ച്ചയാവുന്നു.

പ്രിയ സൂകി നിങ്ങള്‍ സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരം നേടിയ വര്‍ഷമാണ് ഞാന്‍ ജനിച്ചത്. നമ്മുടെ രാജ്യത്തേക്ക് ഒരാള്‍ കൊണ്ടു വരുന്ന ഏറ്റവും വലിയ ബഹുമതിയായിരുന്നു അത്. ഞാന്‍ താമസിച്ചിരുന്ന റാകിനെ മേഖലയിലെ മോങ്ദാവുവില്‍ എല്ലാവര്‍ക്കും നിങ്ങളുടെ പുരസ്‌കാര ലബ്ധി സന്തോഷം നല്‍കിയിരുന്നു. നിങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരം തങ്ങളുടേത് കൂടിയായാണ് ഏവരും കണ്ടത്. സ്വാതന്ത്ര്യത്തിന് ശേഷം ഞങ്ങള്‍ക്ക് (റോഹിംഗ്യകള്‍) ആദ്യമായി ഈ രാജ്യത്തിന്റെ പൗരന്‍മാരാണെന്ന തോന്നല്‍ അന്നുണ്ടായി.

മ്യാന്‍മറികളെന്ന് വിളിക്കുന്നതില്‍ അഭിമാനം തോന്നി. സൈന്യത്തില്‍ നിന്നും വര്‍ഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന കൊടിയ പീഡനത്തില്‍ നിന്നും നിങ്ങളുടെ പുരസ്‌കാരം ഞങ്ങളെ പ്രചോദിപ്പിച്ചു. ഞാന്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എന്റെ മുത്തച്ഛനില്‍ നിന്നും കേട്ടത് നിങ്ങളെ കുറിച്ചുള്ള വലിയ വാക്കുകളായിരുന്നു. നിങ്ങളുടെ പാര്‍ട്ടിയിലെ നേതാക്കന്‍മാര്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ വലിയ ആടിനേയോ മാടിനേയോ അറുത്ത് വിഭവങ്ങളൊരുക്കി അദ്ദേഹം അവരെ സ്വാഗതം ചെയ്തിരുന്നു.

നിങ്ങള്‍ തെരഞ്ഞെടുത്ത രീതി പിന്തുടരാനായിരുന്നു എന്റെ പിതാവും മുത്തച്ഛനും തീരുമാനിച്ചത്. നിങ്ങളുടെ ശക്തമായ വാക്കുകളില്‍ എന്റെ മാതാവ് ഏറെ ആകൃഷ്ടയായിരുന്നു. 2010ല്‍ നിങ്ങളെ വീട്ടു തടങ്കലില്‍ നിന്നും സൈന്യം മോചിപ്പിച്ചപ്പോള്‍ ഞങള്‍ ഏറെ സന്തോഷിച്ചു. പക്ഷേ കഴിഞ്ഞ ഏഴു വര്‍ഷമായി ഞങ്ങള്‍ (റോഹിംഗ്യന്‍ മുസ്്‌ലിംകള്‍) പീഡിതരായി ക്രൂരമായ വംശഹത്യയുടെ ഇരകളായി തുടരുകയാണ്. ഇപ്പോള്‍ പക്ഷേ ഒരു മാറ്റമുണ്ട്. നിങ്ങള്‍ കൂടിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

2015ല്‍ പൊതു തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ജയിച്ചപ്പോള്‍ മുസ്്‌ലിം പ്രതിനിധികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി രാഷ്ട്രീയ ഭീരുത്വത്തിന്റെ ആദ്യ സൂചന നിങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. മാസങ്ങള്‍ക്കു ശേഷം നിങ്ങളുടെ ഭരണകൂടം റോഹിംഗ്യകളെ തുടച്ചു നീക്കാനുള്ള പദ്ധതി ആരംഭിച്ചു. പ്രത്യേകിച്ചും വടക്കന്‍ റാകിനെ സംസ്ഥാനത്തു നിന്നും. ഈ കാലയളവില്‍ എണ്ണമറ്റ സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്.

പിഞ്ചുകുഞ്ഞുങ്ങടക്കം നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ലോക വ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴും നിങ്ങള്‍ മാത്രം അത് നിരാകരിച്ചു. നൂറ്റാണ്ടുകളായി റാകിനെയില്‍ വസിക്കുന്ന ഞങ്ങളെ റോഹിംഗ്യ എന്നു ഉച്ചരിക്കാന്‍ പോലും നിങ്ങള്‍ക്ക് ആയിരുന്നില്ല. ആഗസ്റ്റ് 25ന് വംശീയ കലാപം ആരംഭിച്ചതിനു ശേഷം അഞ്ചു ലക്ഷം പേരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

ആയിരത്തിലധികം റോഹിംഗ്യകള്‍ കൊല്ലപ്പെട്ടു. 15.000ല്‍ അധികം ഭവനങ്ങള്‍ നാമാവശേഷമായി. സെപ്തംബര്‍ ഒന്നിന് ഞാനും മാതാപിതാക്കളോടൊപ്പം വീട് വിട്ട് അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ മൂന്ന് പകലും രണ്ട് രാത്രിയും യാത്ര ചെയ്ത് നാഫ് നദി വഴി ബംഗ്ലാദേശിലെത്തി. ഇപ്പോള്‍ കുതുപലോങ് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നു. ഞങ്ങളുടെ വീട് ചാരമായെന്ന് ഞാന്‍ അറിഞ്ഞു. പലരും പറയുന്നു സൈന്യമാണ് വീടുകള്‍ ചാമ്പലാക്കുന്നതെന്ന്. പക്ഷേ ഞാന്‍ അതിന് കുറ്റപ്പെടുത്തുന്നത് നിങ്ങളെയാണ്.

നിങ്ങള്‍ എന്റെ വീട് മാത്രമല്ല ചുട്ട് ചാമ്പലാക്കിയത്. എന്റെ പുസ്തകങ്ങളേയുമാണ്. ഒരു എഴുത്തുകാരനാവുക എന്നതായിരുന്നു എന്റെ എക്കാലത്തേയും സ്വപ്‌നം. സിത്ത് വെ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് പഠിക്കുകയായിരുന്നു ഞാന്‍. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ പറയുന്നു റോഹിംഗ്യകള്‍ക്ക് അവിടേക്ക് പ്രവേശനമില്ലെന്ന്. അതിനാല്‍ ഞാന്‍ പുസ്തകങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുകയായിരുന്നു.

നിങ്ങള്‍ കത്തിച്ചത് നെല്‍സന്‍ മണ്ടേലയുടെ ലോങ് വാക് ടു ഫ്രീടമാണ്, നിങ്ങള്‍ കത്തിച്ചത് മഹാത്മാ ഗാന്ധിയുടെ എന്റ സത്യാന്വേഷണ പരീക്ഷണങ്ങളാണ്, ലേയ്മ ബോവീയുടെ മൈറ്റി ബി അവര്‍ പവറാണ് നിങ്ങള്‍ ചാമ്പലാക്കിയത്. അല്ല നിങ്ങള്‍ നിങ്ങളുടെ തന്നെ സ്വന്തം പുസ്തകമായ ഫ്രീഡം ഫ്രം ഫിയറാണ് കത്തിച്ചത്. എന്റെ പ്രതീക്ഷകളേയും സ്വപ്‌നങ്ങളേയും ഒരുപിടി ചാരമാക്കാനായി എന്നതാണ് നിങ്ങളുടെ നേട്ടം.
ഇപ്പോള്‍ ഞങ്ങളുടെ പേര് അഭയാര്‍ത്ഥികളെന്നാണ്. എന്റെ പിതാവിന് നിങ്ങളോട് ചോദിക്കാന്‍ ഒരു ചോദ്യമുണ്ട്. എന്തു കൊണ്ട് റോഹിംഗ്യകളെ സന്ദര്‍ശിക്കുന്നില്ല. ഞങ്ങളുടെ അവസ്ഥ നിങ്ങള്‍ അറിയുന്നുണ്ടോ?. ലോകത്തെ ഏറ്റവും പീഡിത വിഭാഗം എന്നതല്ല എന്റെ ഹൃദയ വേദനക്കു കാരണം. പകരം ആങ് സാങ് സൂകിയുടെ മ്യാന്‍മറില്‍ പീഡനമേല്‍ക്കുന്നവരെന്നതാണ്.

ആകാധനയോടെ കണ്ടിരുന്ന സൂകി എന്ന നിങ്ങളുടെ പേര് സ്വരാജ്യത്തു നിന്നും അഭയം തേടി മറ്റു രാജ്യങ്ങളില്‍ ചിന്നിച്ചിതറി തെറിച്ചു കിടക്കുന്ന ലക്ഷക്കണക്കിന് റോഹിംഗ്യകളുടെ മനസില്‍ എണ്ണമറ്റ ഏകാധിപതികളുടേയും സ്വാഛാധിപതികളുടേയും കൂടേയാണ്.

chandrika: