കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച് പOന ഗവേഷണ കേന്ദ്രം ഡയറക്ടർ ഖാദർ പാലാഴിയുടേതാണ് കത്ത്.
ഫെയ്സ് ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ അറിവിലേക്കും അടിയന്തര പരിഗണനയ്ക്കുമായി സമർപ്പിക്കുന്നത്.
സർ,
വർത്തമാന കേരള സാഹചര്യത്തിൽ താങ്കളുടെ പരിശോധനയ്ക്കായി ഒരു നിർദ്ദേശം സമർപ്പിക്കാനാണ് ഈ എഴുത്ത്. ജനാധിപത്യ മൂല്യങ്ങൾ സ്വാംശീകരിക്കുകയും ഉയർന്ന ജീവിതനിലവാരം പുലർത്തുകയും ചെയ്യുന്ന സമൂഹങ്ങളുടെ ലക്ഷണങ്ങൾ ഏറെക്കുറെ പ്രകടമാക്കുന്ന സംസ്ഥാനമാണ് കേരളമെന്നാണ് പല പഠന റിപ്പോർട്ടുകളും കാണിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. യു.എൻ ഏജൻസികളുടെ കണക്കുകൾ മുതൽ ദേശീയ ഏജൻസികളുടെ പഠനങ്ങൾ വരെ ജീവിത നിലവാര സൂചികകളിൽ കേരളത്തിന്റെ ഔന്നത്യം വ്യക്തമാക്കുന്നു.
എന്നാൽ ഇതോടൊപ്പം ഏതെങ്കിലും സർവേകളുടേയോ പഠനങ്ങളുടെയോ പിൻബലമില്ലാതെ ശൂന്യതയിൽ നിന്ന് കണക്കുകൾ പറയുകയും അതിന് വ്യാപകമായി പ്രചാരം നൽകുകയും ചെയ്യുന്ന കാര്യത്തിലും നമ്മുടെ സംസ്ഥാനം മറ്റ് സ്റ്റേറ്റുകളെ മറികടക്കുമെന്ന അവസ്ഥയാണ് ഏറെക്കാലമായി കേരളത്തിൽ നിലവിലുള്ളത്. ഇതിൽ ഏറ്റവും ഉച്ചത്തിലും ആവർത്തിച്ചും ഉന്നയിക്കപ്പെടുന്നതാണ് ലൗ ജിഹാദ് എന്ന ഗൂഢ പദ്ധതിയാൽ നടപ്പാക്കുന്നുവെന്ന് ആരോപിക്കപ്പെട്ട പ്രണയ വിവാഹങ്ങൾ. ഇപ്പോഴിതാ കേരളത്തിലെ ഹിന്ദു – ക്രിസ്ത്യൻ സമുദായങ്ങളിലെ 32,000 പെൺകുട്ടികളെ പ്രണയിച്ച് മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റിനായി വിദേശത്തേക്കയച്ചു എന്നാരോപിച്ചുള്ള Kerala Story യും റിലീസാവാൻ പോവുന്നു.
ഇതോടൊപ്പം ലൗ ജിഹാദ് സംബന്ധിച്ച് ചില ഹൈന്ദവ-ക്രൈസ്തവ നേതാക്കൾ ഇടക്കിടെ പ്രസ്താവന നടത്തുന്നു , ചില ഓൺലൈൻ പോർട്ടലുകൾ ഈ കണക്കുകൾ ആവർത്തിക്കുന്നു , പേജുകളിലും സ്ക്രീനുകളിലും ‘അനിഷേധ്യമായ തെളിവുകൾ ‘ ഹാജരാക്കപ്പെടുന്നു. ഹെയ്റ്റ് പ്രചാരകർ കുറ്റം ചുമത്തപ്പെടാതെ നിർബാധം ഉലാത്തുകയും ചെയ്യുന്നു.
ലൗജിഹാദ് ഇല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടും പൊതു സമൂഹത്തിലെ ഉത്തരവാദപ്പെട്ടവർ പല ഘട്ടങ്ങളിലായി നിജസ്ഥിതി വ്യക്തമാക്കിയിട്ടും ഈ വിദ്വേഷപ്രചാരണം തുടരുന്നത് എത്ര അരാജകമായ അവസ്ഥയാണ് സർ . ഇനിയിപ്പോൾ മെയ് 5 ന് Kerala Story കൂടി റിലീസാവുന്നതോടെ രാജ്യമെങ്ങും കേരളത്തെക്കുറിച്ച് ഭീഭത്സമായ ചിത്രം വരയ്ക്കപ്പെടുകയാണ്. മാത്രമല്ല ബഹു. മുൻ മുഖ്യമന്ത്രി ശ്രീ. വി.എസ് അച്യുതാനന്ദൻ മറ്റൊരു കോൺടെക്സ്റ്റിൽ പറഞ്ഞ കാര്യങ്ങളും സിനിമയുടെ വിശ്വാസ്യത കൂട്ടാനായി ഉപജീവിക്കുന്നുണ്ടെന്നത് ഈ സിനിമയുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതത്തിന്റെ ആഴവും പരപ്പും പേടിപ്പെടുത്തുന്നതാക്കുന്നു.
ഈ പശ്ചാത്തലത്തിൽ യഥാർത്ഥ വസ്തുത എന്തെന്നറിയാൻ ഓരോ കേരളീയനും ആഗ്രഹിക്കുന്നുണ്ട് സർ . സംസ്ഥാനത്ത് വിവിധ മതക്കാർക്കിടയിൽ കേരളപ്പിറവി മുതലോ 1980ന് ശേഷമോ നടന്ന പ്രണയ വിവാഹങ്ങളെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്തിയാൽ യഥാർത്ഥ കണക്ക് ലഭ്യമാവുന്നതാണ്. ഈ കണക്കിന് കൂടുതൽ ക്ലാരിറ്റി ലഭിക്കാൻ മൊത്തം നടന്ന മതം മാറ്റങ്ങളുടെ കണക്കും ശേഖരിക്കേണ്ടതാണ്.
രണ്ട് രീതിയിൽ ഈ കണക്കുകൾ പെട്ടെന്ന് ശേഖരിക്കാൻ കഴിയുമെന്ന് തോന്നുന്നു. കേരളത്തിലെ എല്ലാ വാർഡ് മെമ്പർമാരും ഗ്രാമതല സിറ്റിംഗ് നടത്തി ഒരാഴ്ചക്കുള്ളിൽ വിവരങ്ങൾ ശേഖരിക്കാം. ഇങ്ങനെ ശേഖരിച്ച കണക്കുകൾ വാർഡ് തലത്തിൽ രൂപീകരിക്കുന്ന സർവകക്ഷി സമിതി സ്ക്രൂട്ടിനി നടത്തിയാൽ ആക്ഷേപങ്ങൾ ഒഴിവാക്കാനാവും. ഫൈനൽ റിപ്പോർട്ട് ബന്ധപ്പെട്ട പഞ്ചായത്ത് – മുനിസിപ്പൽ സെക്രട്ടറിമാർക്കോ വില്ലേജ് ഓഫീസർക്കോ സമർപ്പിക്കുക. ഇതിൽ തന്നെ ഐ.എസ്.ഐ.എസ് ഗ്രൂപ്പിലേക്ക് പോയതെന്ന് സംശയിക്കുന്നതും പൂർണ വ്യക്തതയില്ലാത്തതുമായ കേസുകൾ പ്രത്യേക കോളത്തിൽ രേഖപ്പെടുത്തണം. പ്രണയത്തെതുടർന്ന് ദൂരദിക്കിൽ നിന്ന് വന്ന് താമസിക്കുന്നവരുടേയും ഗ്രാമം വിട്ട് പോയവരുടേയും കാര്യത്തിൽ ഡ്യൂപ്ലിക്കേഷനുള്ള സാധ്യത ആധാർ നമ്പറും മറ്റും ചേർക്കുന്നതിലൂടെ ഒഴിവാക്കാനാവും.
മറ്റൊന്ന് പ്രത്യേകം തയ്യാറാക്കുന്ന ആപ്പ് വഴിയോ വില്ലേജ് ഓഫീസർമാർ നേരിട്ടോ ഈ കണക്ക് ശേഖരിക്കുന്ന രീതിയാണ്. എന്നാൽ കണക്കെടുപ്പിൽ താൽപര്യമില്ലാത്തവർ ഇതിനോട് സഹകരിച്ചു കൊള്ളണമെന്നില്ല. എന്നാൽ ആദ്യ രീതിയിൽ ഈ പ്രശ്നമില്ല. ഓരോ ഗ്രാമത്തിലും എന്തു നടന്നുവെന്ന് നേരിട്ട് വിവരം ലഭിക്കാതെതന്നെ പട്ടിക തയ്യാറാക്കാനാവും.
ഇങ്ങനെ തയ്യാറാക്കുന്ന പട്ടിക വില്ലേജ് – ത്രിതല പഞ്ചായത്ത് ഓഫീസുകളിൽ ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കാനായി പ്രദർശിപ്പിക്കുകയോ വെബ് സൈറ്റിൽ ലഭ്യമാക്കുകയോ ആവാം.
ഇപ്പറഞ്ഞ രീതിയല്ലാത്ത മറ്റനേകം മാർഗങ്ങളും സർക്കാറിന് മുന്നിലുണ്ടാവും. പബ്ലിക് റിലേഷൻസ് വകുപ്പിൽ സേവനമനുഷ്ടിച്ച വ്യക്തിയെന്ന നിലയിൽ പറയാനാവും ഇത്തരം സന്ദർഭങ്ങളെ സമീപിക്കാൻ പ്രാപ്തിയും കാഴ്ചപ്പാടുമുള്ള പ്രഗൽഭരാൽ സമ്പന്നമാണ് നമ്മുടെ സിവിൽ സർവീസ് സംവിധാനം .
ഏതായാലും ഒരു കാര്യം ആവർത്തിച്ച് പറയുകയാണ്. ദുരൂഹതകളുടേയും അവ്യക്തതകളുടേയും സങ്കീർണതകളുടേയും ആനുകൂല്യത്തിൽ ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും പകയും നിസ്സങ്കോചം പ്രചരിപ്പിക്കപ്പെടുന്നത് ഇന്നലെ വരെ നമുക്ക് തടയാൻ കഴിഞ്ഞില്ല. ഇന്നും അത് കഴിഞ്ഞില്ലെങ്കിൽ നാളത്തെ കുഞ്ഞുങ്ങൾ തിരക്കുന്നത് അവരുടെ ഇന്നലെകളിൽ നാട് നയിച്ചവരോടാവും. ഒരുപക്ഷേ അങ്ങനെ ചോദിക്കാൻ പോലും നാവനക്കാനാവാത്ത വിധം അവർ വെറുക്കപ്പെട്ടവരുടെ ഒറ്റപ്പെട്ട ദ്വീപിൽ ഹതാശരായി കഴിയുന്നവരാവും.
അതിനാൽ നുണയുടെ വലിയ അക്കങ്ങളിൽ നിന്ന് സത്യവും അസത്യവും നെല്ലും പതിരും കിഴിച്ച് യഥാർത്ഥ അക്കം അറിയാൻ എന്തെങ്കിലും ചെയ്യണം സർ .
വിശ്വാസപൂർവം
ഖാദർ പാലാഴി
കോഴിക്കോട്
29.04.2023
( ഈ കത്തിൽ കോൺഫിഡൻഷ്യലായി ഒന്നുമില്ലാത്തതിനാലും മഹാഭൂരിപക്ഷം മലയാളികളുടേയും പൊതുവികാരമാണെന്ന് തോന്നുന്നതിനാലും ഈ പ്ലാറ്റ്ഫോമിൽ പരസ്യപ്പെടുത്തുന്നു. ഒപ്പം കത്ത് ബഹു. മുഖ്യമന്ത്രിക്ക് തപാലിൽ അയക്കുകയും ചെയ്യുന്നു)