ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിക്കു നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‍ദാനം ചെയ്ത് ഉത്തർ ഭാരതീയ വികാസ് സേന. മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മകളിൽ ഒന്നാണിത്. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയിക്കു പാർട്ടിയുടെ ദേശീയ അധ്യക്ഷൻ സുനിൽ ശുക്ല കത്തയച്ചു. മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും മറുപടിക്കായി ഭാരതീയ വികാസ് സേന കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
നാല് സ്ഥാനാർഥികളെ പാർട്ടി നിശ്ചയിച്ചു കഴിഞ്ഞെന്ന് കത്തിൽ സുനിൽ വ്യക്തമാക്കുന്നുണ്ട്. ലോറൻസ് ബിഷ്ണോയിയുടെ സമ്മതം ലഭിച്ചാൽ 50 മണ്ഡലങ്ങളിലേക്കുള്ള പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാമെന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളത് . രക്തസാക്ഷി ഭഗത് സിങ്ങിനെയാണ് ലോറൻസ് ബിഷ്ണോയിൽ കാണുന്നതെന്ന് കത്തിൽ പറയുന്നു.
സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലാത്ത പാർട്ടിയുടെ കത്ത് വാർത്താപ്രാധാന്യം കിട്ടാനുള്ള നാടകമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ വധവുമായി ബന്ധപ്പെട്ട് ബിഷ്ണോയി സംഘത്തിലെ 10 പേർ ഇതിനകം പിടിയിലായി.