X
    Categories: Newsworld

ഡൊണാള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത്; ഉള്ളില്‍ ചെന്നാല്‍ 72 മണിക്കൂറിനുള്ളില്‍ മരണം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയക്കാന്‍ ശ്രമം. എന്നാല്‍ കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് യുഎസ് അധികൃതര്‍ തടഞ്ഞു. റിസിന്‍ എന്ന വിഷവസ്തുവാണ് കത്തില്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത്. യുഎസ് പോസ്റ്റല്‍ സംവിധാനം കേന്ദ്രീകരിച്ച് കത്ത് എവിടെ നിന്നുവന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയും.

കാനഡയില്‍ നിന്നാണ് പാക്കേജ് വന്നതെന്ന് സൂചനകളുണ്ടെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കനേഡിയന്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. രാസവസ്തുവായ റിസിന്‍ വിഴുങ്ങുകയോ, ശ്വസിക്കുകയോ, കുത്തിവെക്കുകയോ ചെയ്താല്‍ ചര്‍ദ്ദി, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ പരാജയം എന്നിവയ്ക്ക് കാരണമാകും.

റിസിനെതിരെ ഫലപ്രദമായ മരുന്നില്ല. റിസിന്‍ ഉള്ളില്‍ച്ചെന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.ഇതിനു മുമ്പും റിസിന്‍ ഉപയോഗിച്ചുള്ള പാക്കേജുകള്‍ വൈറ്റ് ഹൗസിലെത്തിയിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 2014ല്‍ മിസിസിപ്പിയിലെ ഒരാള്‍ റിസിന്‍ അടങ്ങിയ കത്ത് അയച്ചിരുന്നു. പ്രസ്തുത കേസില്‍ ഇയാള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു.

 

Test User: