X

പരിചയപ്പെടാം പാമ്പുകളാല്‍ തിങ്ങി നിറഞ്ഞ ദ്വീപിനെ കുറിച്ച്

പാമ്പുകള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഒരു ദ്വീപ്. ബ്രസീലിലെ ഇല ഡാ ക്വയ്മഡ ഗ്രാന്‍ഡെ അഥവാ സ്‌നേക് ഐലന്‍ഡ് എന്നാണ് ഈ ദ്വീപിന്റെ പേര്. ബ്രസീലിലെ പ്രധാന നഗരങ്ങളിലൊന്നായ സാവോ പോളോയില്‍ നിന്ന് 120 കിലോമീറ്ററോളം അകലെയാണ് 110 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ വിചിത്രദ്വീപ്. വംശനാശഭീഷണി നേരിടുന്ന ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡ് എന്ന അപൂര്‍വയിനത്തില്‍പെട്ട ആയിരക്കണക്കിനു പാമ്പുകളാണ് ഇവിടെയുള്ളത്.

കൊടിയ വിഷമുള്ള ഇവയ്ക്ക് ഒറ്റക്കടിയില്‍ അരമണിക്കൂറിനുള്ളില്‍ ഒരു മനുഷ്യനെ കൊല്ലാന്‍ സാധിക്കും. ഈ ദ്വീപിനെ സംബന്ധിച്ച് പേടിപ്പിക്കുന്ന ഒട്ടേറെ കഥകള്‍ ബ്രസീലിലെ തദ്ദേശീയര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. നിധി സംരക്ഷിക്കാനായി കടല്‍ക്കൊള്ളക്കാരാണ് ഈ പാമ്പുകളെ ഇവിടെ കൊണ്ടുവന്നിട്ടതെന്നാണ് ഇതില്‍ വളരെ പ്രശസ്തമായ ഒരു കഥ. എന്നാല്‍ ഇതു വെറുമൊരു കെട്ടുകഥയാണെന്നും യാഥാര്‍ഥ്യം ഒട്ടുമില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 11000 വര്‍ഷം മുന്‍പ് ഭൂമിയില്‍ ആദിമ ഹിമയുഗ കാലങ്ങളോടനുബന്ധിച്ച് ജലനിരപ്പുയര്‍ന്നതോടെയാണ് ഈ പാമ്പുകള്‍ ദ്വീപില്‍ അകപ്പെട്ടത്. തെക്കേ അമേരിക്കന്‍ വന്‍കരയില്‍ ജീവിക്കുന്ന മറ്റു പാമ്പുകളെ അപേക്ഷിച്ച് ഇവയില്‍ പരിണാമപരമായ മാറ്റങ്ങള്‍ പ്രകടമായി.

ദ്വീപില്‍ അകപ്പെട്ട പാമ്പുകള്‍ക്ക് സ്വാഭാവികമായ വേട്ടക്കാരാരുമുണ്ടായിരുന്നില്ല. അതിനാല്‍ ഇവയുടെ എണ്ണം വലിയ തോതില്‍ കൂടി. എന്നാല്‍ വേട്ടക്കാരില്ലാത്തതു പോലെ സ്വാഭാവികമായി ഇരകളും ഇവയ്ക്ക് ലഭ്യമല്ലായിരുന്നു. ദ്വീപിലേക്കെത്തുന്ന ദേശാടനപ്പക്ഷികളായി ഇവയുടെ ഇരകള്‍. പക്ഷികളെ പിടിക്കണമെങ്കില്‍ കടിക്കു ശേഷം ഉടനെ തന്നെ അവ വീഴണം എന്ന ആവശ്യമുയര്‍ന്നു. അല്ലെങ്കില്‍ അവ പറന്നുപോകുകയും ഇര നഷ്ടമാകുകയും ചെയ്യും. ദ്വീപിലെ പാമ്പുകളുടെ പരിണാമദശയില്‍ ഈ ആവശ്യം സ്വാധീനം ചെലുത്തി. അങ്ങനെയാണ് വന്‍കരയിലെ പാമ്പുകളെ അപേക്ഷിച്ച് ആറു മടങ്ങ് വീര്യം കൂടിയ വിഷം ദ്വീപിലെ പാമ്പുകള്‍ക്ക് ലഭിച്ചത്. ഇവയുടെ കടി ഏല്‍ക്കുന്ന സ്ഥലത്തെ മാംസം ഉരുകാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

1909 മുതല്‍ 1920 വരെയുള്ള കാലയളവില്‍ ഇവിടെ ചെറിയ തോതില്‍ മനുഷ്യവാസമുണ്ടായിരുന്നു. ദ്വീപില്‍ സ്ഥാപിച്ചിരുന്ന ഒരു ലൈറ്റ്ഹൗസിന്റെ നിയന്ത്രണത്തിനായുള്ള ആളുകളായിരുന്നു ഇവര്‍. എന്നാല്‍ പിന്നീട് ലൈറ്റ് ഹൗസ് ഓട്ടമാറ്റിക് സംവിധാനങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ഇവിടെ നിന്നു വിട്ടകന്നു. നിലവില്‍ ഈ ദ്വീപിലേക്കു പൊതുജനങ്ങള്‍ പോകുന്നത് ബ്രസീലിയന്‍ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ബ്രസീല്‍ നേവിക്കാണ് ദ്വീപിന്റെ നിയന്ത്രണം. അവരുടെ അനുമതിയുള്ള ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഇവിടം സന്ദര്‍ശിക്കാന്‍ കഴിയും. എന്നാല്‍ ഇങ്ങനെ പോകുമ്പോള്‍ സംഘത്തില്‍ ഒരു ഡോക്ടര്‍ കൂടി വേണമെന്ന് നിഷ്‌കര്‍ഷയുണ്ട്.

കരിഞ്ചന്തയില്‍ പൊന്നുംവിലയുള്ള പാമ്പുകളാണ് ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡ്. ഒരു പാമ്പിന് 7 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെ ലഭിക്കും. ഇതു മുതലാക്കാനായി കള്ളക്കടത്തുകാരും കൊള്ളക്കാരും ദ്വീപില്‍ എത്താറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡിനെ കൂടാതെ ഡിപ്‌സാസ് ആല്‍ബിഫ്രോണ്‍സ് എന്ന വിഷമില്ലാത്ത പാമ്പുകളും ഇവിടെയുണ്ട്.

Test User: