വീണ്ടും പാഠശാലകളുടെ വാതില്‍ തുറന്നു. നമ്മുടെ ശേഷക്കാര്‍ ആവേശത്തോടെ അവരുടെ ബെഞ്ചുകളിലെത്തിയിരിക്കുന്നു. മണി മുഴങ്ങി ക്ലാസ് മുറികള്‍ സജീവമാകുമ്പോള്‍ രാജ്യം അവര്‍ക്കു വേണ്ട സേവനത്തിന്റെ കാര്യത്തില്‍ ഇല്ലായ്മയും വല്ലായ്മയും മറക്കുകയാണ്. കാരണം ഒരു കുടുംബത്തിന്റെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷകളുടെ ഒറ്റവാക്കാണ് വിദ്യാഭ്യാസം. എല്ലാമുണ്ടായിട്ടും വിദ്യാഭ്യാസമില്ലെങ്കില്‍ മറ്റേതുപകരംവെച്ചും ജീവിതത്തെ നിലവാരത്തിലെത്തിക്കാന്‍ കഴിയില്ല. ഒന്നുമില്ലെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കില്‍ എല്ലാ വെല്ലുവിളിയെയും തോല്‍പ്പിച്ച് മറികടക്കാം. ഭൗമോപരിതലത്തിലുണ്ടായ മനുഷ്യന്റെ ഉദ്ത്ഥാനപതനങ്ങള്‍ അതിനു സാക്ഷിയും തെളിവുമാണ്.
ജീവീയലോകത്തില്‍ മനുഷ്യനല്ലാത്ത ജന്തുക്കള്‍ക്കെല്ലാം സ്രഷ്ടാവ് അവയുടെ ജീവിതം നയിക്കാന്‍ നല്‍കിയിരിക്കുന്നത് ജന്മവാസന എന്ന സവിശേഷതയാണ്. ജനിക്കുമ്പോള്‍തന്നെ അത് അവന്‍ നിക്ഷേപിക്കുന്നു. അവക്കു വിധേയമായി അവ ജീവിക്കുന്നു. അതില്‍ നിന്ന് മാറാനോ സ്വന്തം ഇംഗിതമനുസരിച്ച് മറ്റൊന്ന് കണ്ടുപിടിക്കാനോ കഴിയില്ല. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല, അവന്‍ സ്വതന്ത്രനാണ്. ജന്മവാസനകള്‍ ഉണ്ടെങ്കിലും അതനുസരിച്ച് തന്നെ ജീവിക്കേണ്ടതില്ല. സ്വന്തം വഴി കണ്ടെത്താനും ആവശ്യമെങ്കില്‍ അതില്‍ നിന്നു മാറി മറ്റൊന്ന് കണ്ടെത്താനും അതിനു വിധേയമായി ജീവിക്കാനുമെല്ലാം അവന് കഴിവ് നല്‍കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള കഴിവ് നല്‍കിയിരിക്കുന്നത് മുമ്പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഭാവിക്കും പിണഞ്ഞു കിടക്കുന്ന സങ്കീര്‍ണതക്കും മുമ്പില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് കണ്ടെത്താന്‍ ശ്രമിക്കാന്‍ വേണ്ടിയാണ്. ഈ യജ്ഞത്തില്‍ അവനെ നയിക്കുന്നതും സഹായിക്കുന്നതും നല്‍കപ്പെട്ടിരിക്കുന്ന ബുദ്ധിശക്തിയാണ്. മനസ് എന്നും ഇത് വ്യവഹരിക്കപ്പെടുന്നു. സ്വന്തം ബുദ്ധി ഉപയോഗിച്ച് ശരിയാംവിധം ചിന്തിച്ചും മനനം ചെയ്തും സുരക്ഷിതമായ വഴി കണ്ടെത്തണം എന്നാണ്.
ബുദ്ധിക്ക് പക്ഷേ കണ്ടെത്തുന്നത് ശരിതന്നെയാവണമെന്ന നിഷ്‌കര്‍ഷയൊന്നുമില്ല. നല്ല മനുഷ്യനെ ധാര്‍മികതയെ പുണരാന്‍ പ്രചോദിപ്പിക്കുന്നത് ബുദ്ധിയാണ്. തസ്‌കരന് സമര്‍ഥമായി മോഷ്ടിക്കാനുള്ള സൂത്രം പറഞ്ഞു തരുന്നതും ബുദ്ധിയാണ്. പക്ഷേ, മറ്റൊന്നുണ്ട്. ബുദ്ധിയെ നമുക്ക് ശരി മാത്രം കണ്ടെത്താനും വിജയം മാത്രം പറഞ്ഞു തരാനും പറ്റുന്നതാക്കിയെടുക്കാന്‍ കഴിയും. അതിനുള്ള വഴി സരളമാണ്. നന്‍മയും വിജയവും മനസില്‍ ഉറപ്പിച്ചും നിറച്ചും സ്ഥാപിക്കുക, അവ നേടാനുള്ള അധ്വാനത്തെ ആസ്വാദകരമാക്കുക, നിരുത്സാഹാത്മകമായ ചിന്തകളെ അകത്തേക്ക് കടത്താതിരിക്കുക, പ്രോത്സാഹനാത്മകമായ ചിന്തകള്‍ മനസില്‍ നിറക്കുക, ജാഗ്രതയോടെ വളരാനും വളര്‍ത്താനും ശ്രദ്ധിക്കുക തുടങ്ങി കുറേ കാര്യങ്ങള്‍ ചേര്‍ന്നതാണത്. അതെല്ലാം കൂട്ടിപ്പറഞ്ഞാല്‍ അത് വിദ്യാഭ്യാസവും അതിനുള്ള പ്രക്രിയയുമായിത്തീരും. അങ്ങനെയാണ് മനുഷ്യന്റെ എല്ലാ വിജയങ്ങളുടെയും നിദാനം വിദ്യാഭ്യാസമാണ് എന്ന് ജ്ഞാനികളും ഓരോരുത്തരും പറയുന്നതും മനസിലാക്കുന്നതും.
മനുഷ്യ ജീവിതത്തില്‍ അത്യന്താപേക്ഷിതമായ ഘടകമാണ് വിദ്യാഭ്യാസം. വായു, ജലം, പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളോടൊപ്പം ചേര്‍ത്തുവായികേണ്ട ഒന്ന്. അതുകൊണ്ട് പുരാതന കാലം മുതല്‍ എല്ലാ മത, ജന, ഗോത്ര വിഭാഗങ്ങളും വിദ്യാഭ്യാസത്തെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഏറെ മുമ്പില്‍ നില്‍ക്കുന്ന മതമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ പ്രഥമ പ്രമാണമായ വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ സന്ദേശത്തിലെ സൂചനകള്‍ മാത്രം മതി അതു മനസിലാക്കാം. അല്‍ അലഖ് അധ്യായത്തിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങളായിരുന്നു ആദ്യം അവതരിച്ചത്. അവയില്‍ സൃഷ്ടി പ്രക്രിയ, അതിലെ ഭ്രൂണം, പേന, ജ്ഞാനം തുടങ്ങിയ വിഷയങ്ങളെയാണ് റബ്ബിനെ പരിചയപ്പെടുത്താന്‍ ആശ്രയിച്ചിരിക്കുന്നത്. സങ്കീര്‍ണമായ അത്തരം വിഷയങ്ങളെ കുറിച്ച് ബുദ്ധി ഉപയോഗിച്ച് സ്വന്തം റബ്ബിനെ കണ്ടെത്താനാണ് അല്ലാഹു ആവശ്യപ്പെടുന്നത്. അപ്രകാരം തന്നെ ഖുര്‍ആനിലുടനീളം ചിന്തിക്കാനും ആലോചിക്കാനും നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്. പറഞ്ഞു തരുന്നത്, അണ്ണാക്ക് തൊടാതെ വിഴുങ്ങാനോ അന്ധമായി അനുകരിക്കാനോ ഇസ്‌ലാം താല്‍പര്യപ്പെടുന്നില്ലെന്നും സ്വന്തം ബുദ്ധി ഉപയോഗിച്ച് റബ്ബിനെ വരെ കണ്ടെത്തുകയും മനസില്‍ ഉറപ്പിക്കുകയുമാണ് വേണ്ടത് എന്ന് ചുരുക്കം. നബി(സ) വിജ്ഞാനത്തെ ഏറെ പ്രകീര്‍ത്തിച്ചതായി ഹദീസുകളില്‍ കാണാം.
അത്യാധുനിക സംവിധാനങ്ങളോടുകൂടെ വിദ്യാഭ്യാസ രംഗം വളര്‍ന്നു പന്തലിച്ചിരിക്കുന്നു. രാഷ്ട്രങ്ങള്‍, വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍, ധര്‍മ പ്രചാരകര്‍ തുടങ്ങി വലിയ സമൂഹം വിദ്യാഭ്യാസ രംഗത്തെ പുഷ്‌കലമാക്കാന്‍ രാവും പകലുമില്ലാതെ ശ്രമിച്ചുവരികയാണ്. പക്ഷേ, ഇവരുടെയെല്ലാം ശ്രമങ്ങള്‍ മൊത്തത്തില്‍ ഒരു കള്ളിയില്‍ എഴുതി തൂക്കി നോക്കിയാല്‍ അവരുടെ പകുതിയിലധികം ശ്രദ്ധയും വലം വെക്കുന്നത് കുട്ടിയെ പരീക്ഷക്കും തുടര്‍ന്ന് ജോലിക്കും വേണ്ടി സജ്ജമാക്കുക എന്നതാണ് എന്ന് വ്യക്തമാണ്. എന്നാല്‍ ഇതുകൊണ്ട് വിദ്യാഭ്യാസം അതിന്റെ ലക്ഷ്യം നേടുകയില്ല. വിദ്യാഭ്യാസം എന്നത് അറിവും മൂല്യങ്ങളും വിശ്വാസങ്ങളും ശീലങ്ങളും സ്വായത്തമാക്കിയെടുക്കുന്ന വലിയ പ്രക്രിയയാണ്. കാട്ടാളനെ നല്ല മനുഷ്യനാക്കാനുള്ള പ്രക്രിയയാണ് വിദ്യാഭ്യാസം എന്നാണ് പാശ്ചാത്യ ചിന്തകന്‍ അഭിപ്രായപ്പെട്ടത്. നല്ലൊരു മനുഷ്യനെ സൃഷ്ടിച്ചെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ദൗത്യം എന്ന് സാരം. ആവശ്യമായ പാഠഭാഗങ്ങള്‍ക്ക് പുറമെ നല്ല ശീലങ്ങളും മൂല്യങ്ങളും പകര്‍ന്നുകൊടുക്കുന്നതാകണം വിദ്യാഭ്യാസം.
പരീക്ഷയില്‍ വിജയിക്കാനും ജോലി വെട്ടിപ്പിടിക്കാനും പുലര്‍ത്തുന്ന വാശിയും പിടിവലിയും കാണുമ്പോള്‍ ഈ രംഗത്ത് മഹാ മനുഷ്യ മൂല്യങ്ങളായ സ്‌നേഹം, സഹവര്‍ത്തിത്വം, അനുകമ്പ തുടങ്ങിയ നല്ല ഗുണങ്ങള്‍ ഇന്നത്തെ വിദ്യാഭ്യാസരീതിയിലൂടെ ലഭിക്കുന്നുണ്ടോ എന്ന് ആശങ്കപ്പെട്ടുപോകും. ഇവിടെയാണ് മൂല്യവത്തായ വിദ്യാഭ്യാസത്തെ കുറിച്ച് ആലോചിച്ചു പോകുന്നത്. സ്വാര്‍ഥതയും സങ്കുചിത മനോഭാവവും വളരുന്നതിനുപകരം വിദ്യാഭ്യാസത്തോടോപ്പം വിനയവും നല്ല സ്വാഭാവവും ശീലിക്കണം. വിദ്യാഭ്യാസം അര്‍ഥപൂര്‍ണമാകുന്നത് അറിവ് നേടുന്നതോടൊപ്പം സ്വഭാവ രൂപീകരണവും സാധ്യമാകുമ്പോഴാണ്. അച്ചടക്കമുള്ള തലമുറയായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. യാന്ത്രികമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലാഭം എന്നത് ഉദ്ദേശ ലക്ഷ്യമാകുമ്പോള്‍ വിദ്യാഭ്യാസം എന്നതു കച്ചവട ചരക്കും വിദ്യാര്‍ഥികള്‍ ഉപഭോക്താകളുമാകുന്നു. അതുകൊണ്ടു തന്നെ വിദ്യാഭ്യാസത്തിന്റെ മൂല്യം കുറയുന്നു. കാമ്പസുകളില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍ ഭീതിപ്പെടുത്തുന്നു. ക്രിമിനലുകളായി മാറുന്നതില്‍ ഭൂരിഭാഗവും ഇവര്‍ത്തന്നെ.
സഹപാഠികളെയും അധ്യാപകരെയും ക്ലാസ് മുറിക്കുള്ളില്‍ വെടിയുതിര്‍ത്തു കൊലപ്പെടുത്തിയ വിദ്യാര്‍ഥിയുടെ ചിത്രം വിറങ്ങലിപ്പിക്കുന്നതായിരുന്നു. കൊലപാതകവും ലൈംഗിക ചേഷ്ടകളും ലഹരി ഉപയോഗങ്ങളുമെല്ലാം കാമ്പസുകളുടെ പൊതു ചിത്രമായി മാറിയിട്ടുണ്ട്. ദൈവതുല്യരായി കാണേണ്ട അധ്യാപകന്റെ മുഖത്തു കരിഓയില്‍ ഒഴിക്കുന്നതും അവര്‍ക്ക് നേരെ കൈ ഉയര്‍ത്തുന്നതും ക്രമേണ പതിവു കാഴ്ചയായി മാറി വരികയാണ്. പ്രതിഷേധമെന്ന അതിര്‍വരയില്‍ ഒതുങ്ങി നില്‍ക്കേണ്ട സമരമുറകള്‍ പൊതുമുതല്‍ നശിപ്പിക്കാനും അരാജകത്വത്തിനുമുള്ള വാദമായി മാറുന്നു. സഹപാഠിയുടെ ജീവന്‍ അപഹരിക്കുന്നതിന് പ്രചോദനമായത് സിനിമയില്‍ കണ്ട രംഗമായിരുന്നു എന്നു വരെ കേള്‍ക്കേണ്ടി വന്നു. ലഹരി വസ്തുക്കളുടെ സുരക്ഷിത ഇടനിലക്കാരും ഉപഭോക്താകളുമായി വിദ്യാര്‍ഥികള്‍ മാറുന്നുണ്ട് എന്ന് സമൂഹത്തില്‍ അടക്കിപ്പിടിച്ച വര്‍ത്തമാനമുണ്ട്. ധാര്‍മിക വിദ്യഭ്യാസത്തിന്റെ അഭാവമാണ് പ്രധാനമായും ഇതിനെല്ലാം വഴിവെക്കുന്നത്. എന്നുവെച്ചാല്‍ മത വിദ്യാഭ്യാസത്തിന്റെ അഭാവം എന്നു മാത്രമല്ല. മറിച്ച് വിദ്യാഭ്യാസത്തിലെ ധാര്‍മികതയുടെ അഭാവം എന്നു കൂടിയാണ്. മത വിദ്യാഭ്യാസം കൊണ്ട് മാത്രം വിദ്യാര്‍ഥിയിലെ ധാര്‍മികതയെ സംരക്ഷിച്ചുനിറുത്താം എന്ന വിശ്വാസത്തിന് ഉലച്ചിലേല്‍ക്കുന്നുണ്ട്.
വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ ലക്ഷ്യം, അത് ഉണ്ടാക്കിത്തരുന്ന ഭാവിയുടെ അന്തസ്, സമൂഹത്തിന് നല്‍കേണ്ട ദാനം, രാജ്യത്തിന് തന്നില്‍ നിന്ന് വേണ്ടത്, വിദ്യാര്‍ഥികളുടെ ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ശരിയായ ബോധ്യം പകരുന്ന വികാരത്തെയാണ് ധാര്‍മികത എന്നു വിളിക്കുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാകള്‍ക്കും വേണം. മക്കളെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞു വിട്ടാല്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്തം പൂര്‍ണമാകുന്നില്ല. അവരുടെ ഓരോ ചലനങ്ങളും ഇടപെടലുകളും സസൂക്ഷ്മം നിരീക്ഷിക്കണം. വീടാണ് ആദ്യത്തെ വിദ്യാലയം. വീട്ടില്‍ നിന്നും തുടങ്ങണം നല്ല ഉപദേശങ്ങളും ശീലങ്ങളും. ഈ ധാര്‍മിക ബോധത്തെ വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ഉത്തരവാദിത്തമായി കാണാം. ഈ ഉത്തരവാദിത്ത ബോധം കൈമോശം വന്നതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. വിദ്യാഭ്യാസവും സംസ്‌കാരവും ഇത്ര ശക്തമായി വേരോടിയിരിക്കുന്ന മണ്ണില്‍ കാലുറപ്പിക്കണമെങ്കില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടും എന്ന് ബ്രിട്ടീഷ് ഗവര്‍ണര്‍ മെക്കാളെ പ്രഭു തന്റെ സര്‍ക്കാരിനെ അറിയിച്ചതും അതിനു വേണ്ട ചതിപ്രയോഗങ്ങള്‍ അവര്‍ തുടങ്ങിയതും അതിന്റെ ഫലമായി പിന്‍തലമുറയിലെ ആളുകള്‍ പിന്തള്ളപ്പെട്ടതും അതില്‍ നമുക്കറിയാവുന്ന ഒന്നാണല്ലോ.