X

കുതിക്കട്ടെ കൗമാരം; സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഇന്ന് തൃശൂരില്‍ തുടക്കം

അഷ്‌റഫ് തൈവളപ്പ്

തൃശൂര്‍: ഒന്നരപതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം തൃശൂര്‍ വേദിയൊരുക്കുന്ന 65ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഇന്ന് കൊടിയേറ്റം. നാലുദിവസം വീറും വാശിയും നിറച്ച് തൃശൂര്‍ കുന്നംകുളത്തെ പുത്തന്‍ സിന്തറ്റിക് ട്രാക്കില്‍ പുതിയ ദൂരവും വേഗവും ഉയരവും തേടിയെത്തുന്നത് 2762 കൗമാര കായിക പ്രതിഭകൾ. രാവിലെ ഏഴിന് ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തോടെ ട്രാക്കുണരും. വെള്ളിയാഴ്ച്ച വൈകിട്ട് സീനിയര്‍ ആണ്‍കുട്ടികളുടെ 4-400 റിലോ മത്സരത്തോടെ ട്രാക്കിറക്കം. പകലും രാത്രിയുമായാണ് ഇത്തവണയും മത്സരങ്ങള്‍. രജിസ്‌ട്രേഷന്‍ ഇന്നലെ പൂര്‍ത്തിയായി. 400 മീറ്ററില്‍ ഉള്‍പ്പെടെ ആദ്യദിനം 21 ഇനങ്ങളില്‍ ഫൈനല്‍. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും. 6 വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് മത്സരം. രാവിലെ 6.30 മുതല്‍ വൈകിട്ട് 8.30 വരെ മത്സരങ്ങള്‍ നടക്കും. പാലക്കാടാണ് നിലവിലെ ചാമ്പ്യന്‍മാര്‍. മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് എച്ച്എസ്എസാണ് സ്‌കൂള്‍ വിഭാഗം ജേതാക്കള്‍.

പതിവില്ലാതെ ഇത്തവണ സംസ്ഥാന മീറ്റ് നേരത്തെ നടത്തുന്നത് ജില്ലാ മേളകളെ കാര്യമായി ബാധിച്ചിരുന്നു. സാധാരണ ഡിസംബര്‍ ആദ്യവാരമാണ് സംസ്ഥാന മീറ്റ് നടക്കാറ്. എന്നാല്‍ ഇത്തവണ നേരത്തേയാക്കിയതിനാല്‍ ഉപജില്ലാ മേളകളും, ജില്ലാ മേളകളും തിരക്കിട്ട് തീര്‍ക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. എറണാകുളം, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലെല്ലാം കഴിഞ്ഞ ദിവസമാണ് ജില്ലാമീറ്റ് സമാപിച്ചത്. അതിനിടയിൽ സംസ്ഥാന ജൂനിയർ മീറ്റും നടന്നു. ഒന്ന് വിശ്രമിക്കാന്‍ പോലും സമയമില്ലാതെയാണ് വിജയികള്‍ തൃശൂരിലേക്ക് വണ്ടി കയറിയത്. മികച്ച താരങ്ങള്‍ എത്താറുള്ള എറണാകുളത്ത് പല മത്സരങ്ങള്‍ക്കും ഹീറ്റ്‌സ് പോലും നടത്താത്തെ ടൈം ട്രയല്‍സ് നടത്തിയാണ് ജേതാക്കളെ നിശ്ചയിച്ചത്. നവംബറിലെ ദേശീയ ഗെയിംസും ദേശീയ സ്‌കൂള്‍ ഗെയിംസുമാണ് മീറ്റ് നേരത്തെ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇക്കാരണത്താല്‍ നൂറിലേറെ താരങ്ങള്‍ക്ക് വാറംഗലില്‍ നടക്കുന്ന സൗത്ത് സോണ്‍ മീറ്റ് നഷ്ടമാവുകയും ചെയ്തു. അത്‌ലറ്റിക് ഫെഡറേഷന്‍ ജനുവരില്‍ നിശ്ചയിച്ച മീറ്റാണ് വിദ്യാഭ്യാസ വകുപ്പിന്റെ ദുര്‍വാശി കാരണം കുട്ടികള്‍ക്ക് നഷ്ടമായത്. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെ ലഭിക്കുന്നതിനാല്‍ സൗത്ത് സോണ്‍ മീറ്റ് ഒഴിവാക്കി പലരും സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം സൗത്ത് സോണ്‍ മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാനുള്ള അവസരവും നഷ്ടമാവും. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്നും നാളെയും തൃശൂരില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നതെങ്കിലും, ശക്തമായ മഴ പെയ്താല്‍ മത്സരങ്ങളുടെ നടത്തിപ്പും അവതാളത്തിലാവും.

webdesk11: