അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസില്‍ ഏഴാം പ്രതി സ്വപ്‌നസുരേഷ് നടത്തിയ രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് നേരിട്ട് മറുപടി പറയാതെ ഒഴിഞ്ഞുമാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കും ഇടതുപക്ഷ മുന്നണിക്കും ജനം രണ്ടാമതും തുടര്‍ച്ചയായി അധികാരത്തിലേറാന്‍ അനുമതി തന്നില്ലേ എന്നാണ് ഇത്രയും വലിയൊരു ആരോപണത്തിന് പിണറായി വിജയന്‍ നല്‍കിയ മറുപടി. താനുമായും തന്റെ കുടുംബാംഗങ്ങളുമായും നേരിട്ട് ബന്ധപ്പെട്ട ആരോപണമാണ് സ്വപ്‌ന സുരേഷ് ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്കുമുമ്പാകെ ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ വിദേശയാത്രക്കിടെ മറ്റൊരു രാജ്യത്തിന്റെ കോണ്‍സുലേറ്റിന്റെ അധികാരമുപയോഗിച്ച് ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന ഗുരുതര ആരോപണമാണ് പ്രതി ഉന്നയിച്ചിട്ടുള്ളത്. മാത്രമല്ല, പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലേക്ക് സ്വര്‍ണം കടത്തിയെന്ന് സൂചിപ്പിക്കുന്ന വിധത്തില്‍ ബിരിയാണി ചെമ്പ് കടത്തിയതായും സ്വപ്‌ന പറയുന്നു. ഇതാകട്ടെ രാജ്യത്ത് ഒരു മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ന്ന ഏറ്റവും അപകീര്‍ത്തികരമായ ആരോപണമാണ്. കൊച്ചിയിലെ മജിസ്‌ട്രേട്ട് കോടതിയില്‍ ഐ.പി.സി 164 അനുസരിച്ചുള്ള മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പ്രതിയുടെ പരസ്യ വെളിപ്പെടുത്തല്‍ എന്നതിനാല്‍ കേസില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ചും ഇതേ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിയമിച്ച സര്‍ക്കാറിലെ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട മുന്‍ ഉദ്യോഗസ്ഥയാണ് ഇതെല്ലാം തുറന്നുപറയുന്നതെന്ന പശ്ചാത്തലത്തില്‍. മുമ്പ് സോളാര്‍ ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ യു.ഡി.എഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.എമ്മും ഇടതുമുന്നണിയും നടത്തിയിട്ടുള്ള സമര കോലാഹലങ്ങള്‍ ഓര്‍ത്താല്‍ അതേ ധാര്‍മികത എന്തുകൊണ്ട് പിണറായി വിജയന് ബാധകമല്ല എന്ന് ജനം ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ.
പിണറായിയുടെ മടിയില്‍ കനമുണ്ടെന്നതിന് തെളിവാണ് അദ്ദേഹം സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ല എന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മന്ത്രിയായിരുന്ന കെ.ടി ജലീല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ എന്നിവരെയാണ് സ്വപ്‌ന പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. മാത്രമല്ല, താനിത് ആദ്യമായല്ല പറയുന്നതെന്നും ഇക്കാര്യങ്ങള്‍ മുമ്പ് അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയതാണെന്നും പറയുമ്പോള്‍ അവ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ. കൂടെക്കിടന്നവര്‍ക്കല്ലേ രാപ്പനിയറിയൂ. സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര കസ്റ്റംസ് വകുപ്പിന്റെ അന്വേഷണം നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. കേസില്‍ കുറ്റപത്രം നല്‍കാനിരിക്കെയുള്ള പുതിയ വെളിപ്പെടുത്തല്‍ തീര്‍ച്ചയായും കസ്റ്റംസിനും പ്രതിപക്ഷ നേതാക്കളെ ആവശ്യത്തിനും അല്ലാതെയും വിരട്ടുന്ന സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിക്കും (ഇ.ഡി) മുന്നില്‍ വലിയ ചോദ്യശരങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിച്ചില്ലെന്ന സംശയം വിഷയം മോദി സര്‍ക്കാരിലേക്കും സി.പി.എം-ബി.ജെ.പി രഹസ്യബാന്ധവത്തിലേക്കുമാണ് വെളിച്ചംവീശുന്നത്.
യു.എ.ഇ കോണ്‍സുലേറ്റിന്റെ തിരുവനന്തപുരത്തെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പത്രയും നടന്നതെന്നതിനെക്കുറിച്ച് ഇതിനോടകം സംശയമെല്ലാം ദൂരീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതിലെ ഉദ്യോഗസ്ഥരെ ആ രാജ്യം തിരിച്ചുവിളിക്കുകയും പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അതിലെ ഉദ്യോഗസ്ഥയാണ് ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്ന സ്വപ്‌ന. അവരെ വ്യവസായ വകുപ്പില്‍ നിയമിച്ചതിനും തെളിവുണ്ട്. ഇത് വ്യക്തമാക്കുന്നത് മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളില്‍ നേരിട്ടറിവുണ്ടെന്നുതന്നെയാണ്. എന്നിട്ടും അദ്ദേഹത്തെ എന്തുകൊണ്ട് ഇതുവരെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യംചെയ്യുന്നില്ല. ഉമ്മന്‍ചാണ്ടിക്കെതിരെയടക്കം സരിത നായര്‍ ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ സി.ബി. ഐ അന്വേഷണത്തിനുത്തരവിട്ട പിണറായി വിജയന്‍ ചെയ്യേണ്ടത് തനിക്കെതിരായി സ്വന്തം അന്വേഷണ ഏജന്‍സികളെക്കൊണ്ട് അന്വേഷണം പ്രഖ്യാപിക്കലാണ്. കേരളത്തിന്റെ രാഷ്ട്രീയത്തിന് അതൊരു മാതൃകയാകും. മുഖ്യമന്ത്രിയായിരിക്കവെ സോളാര്‍ കേസില്‍ അദ്ദേഹംതന്നെ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മീഷനുമുന്നില്‍ മണിക്കൂറുകളോളം ഇരുന്നുകൊടുത്തയാളാണ് ഉമ്മന്‍ചാണ്ടി. പിണറായിയുടെ ക്രൈംബ്രാഞ്ചാണ് അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയത്. ആര്‍ജവവും ആത്മാര്‍ഥതയുമുണ്ടെങ്കില്‍ മുമ്പ് അര്‍ധരാത്രി സെക്രട്ടറിയേറ്റിനുമുന്നില്‍ കിടത്തിയ സ്വന്തം അണികള്‍ക്കുവേണ്ടിയെങ്കിലും പിണറായി അന്വേഷണത്തിന് തയ്യാറാകണം.
എന്നാല്‍ പിണറായി ചെയ്തത് ഇന്നലെ സ്വപ്‌നയുടെ സുഹൃത്തും വടക്കാഞ്ചേരി ലൈഫ് മിഷന്‍ #ാറ്റ് നിര്‍മാണക്കേസിലെ ഏഴാം പ്രതിയുമായ സരിത്തിനെ തട്ടിക്കൊണ്ടുപോകലാണെന്നത് നാടിനെയും ജനാധിപത്യത്തെയും കളങ്കപ്പെടുത്തലാണ്. പിണറായിയുടെ ഗുണ്ടാസംഘത്തെപോലെയാണ് പാലക്കാട്ടെ സ്വന്തം വീട്ടില്‍നിന്ന് സരിത്തിനെ വിജിലന്‍സ് റാഞ്ചിക്കൊണ്ടുപോയത്. സ്വപ്‌നയുടെ വെളിപ്പെടുത്തലിനുപിന്നില്‍ ആരാണെന്നാണ് പൊലീസ് ചോദിച്ചതത്രെ. ലോകത്ത് ഏകാധിപത്യംമാത്രം ശീലിച്ചിട്ടുള്ള കമ്യൂണിസ്റ്റുകള്‍ക്ക് ജനകീയാധികാരം കിട്ടിയാല്‍ എന്താകും നാടിന്റെ ഗതിയെന്നതിന് ഇതില്‍പരം തെളിവുകള്‍വേണോ?