X

കോണ്‍ഗ്രസ് പോകാത്തിടങ്ങളില്‍ യാത്ര സി.പി.എം നടത്തട്ടെ

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നല്ല ജനപിന്തുണയോടെ മുന്നേറുകയാണ്. അടുത്തകാലത്ത് നടന്ന ഭേദപ്പെട്ടൊരു ജനസമ്പര്‍ക്ക പരിപാടിയാണിത്. ജനാധിപത്യവും മതേരത്വവും സംരക്ഷിക്കാനും ജനകീയ ഐക്യം വീണ്ടെടുത്ത് ഫാഷിസ്റ്റ്ശക്തികളെ ചെറുത്തു തോല്‍പ്പിക്കാനും ഉദ്ദേശിക്കപ്പെട്ട പ്രക്ഷോഭമായും ഇതിനെ കാണാം. അത്തരം ശ്രമങ്ങളൊന്നും ഫലപ്രദമായി ഇതുവരെ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. സാധ്യമാകുന്നത്ര ഇതുപോലുള്ള ജനസമ്പര്‍ക്ക ബോധവത്കരണ പരിപാടികള്‍ ഇന്ത്യയില്‍ നടക്കണം. അതു ചെയ്യേണ്ടത് മതേതര-ജനാധിപത്യ ശക്തികളും പാര്‍ട്ടികളുമാണ്. കോണ്‍ഗ്രസ് അല്ലാത്ത മതേതര കക്ഷികള്‍ ഇതര സംസ്ഥാനങ്ങളില്‍ അവരുടെതായ പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നുണ്ടാവാം. അവയില്‍ അധികവും പ്രാദേശിക കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്നുവന്നേക്കാമെന്ന് പ്രതീക്ഷിക്കുന്ന ഐക്യമുന്നണിയെ സഹായിക്കാന്‍ അതിനും കഴിയും. സി.പി.എം, സി.പി.ഐ പോലുള്ള ഇടതുപക്ഷ കക്ഷികളും അവരുടെ സൈബര്‍ സംഘങ്ങളുമൊക്കെ കോണ്‍ഗ്രസ് നടത്തുന്ന എല്ലാ പരിപാടികളെയും ഇപ്പോഴും എതിര്‍ത്തുകൊണ്ടാണ് മുന്നോട്ടുപോവുന്നത്. കോണ്‍ഗ്രസിന്റെ എല്ലാ നേട്ടങ്ങളെയും ലഘൂകരിച്ച് ചിരിക്കുകയും അവരുടെ ഏത് വീഴ്ചകളെയും പര്‍വതീകരിച്ചു പരിഹസിക്കുകയും ചെയ്യുന്നത് അവരുടെ ശീലമാണ്. ഇത് പുതിയ കാര്യമല്ല. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കാലത്തു പോലും അങ്ങിനെ ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഈ നിലപാടു കടുപ്പിക്കുകയും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കിട്ടുന്ന ഏതു സന്ദര്‍ഭവും പരമാധി പ്രയോജനപ്പെടുത്തുകയും ചെയ്യുക പതിവായി. ആ ലക്ഷ്യം നേടാന്‍ ആരുമായും ചേരുന്നതും സഹവസിക്കുന്നതും തികച്ചും ന്യായമായ നിലപാടായി അവര്‍ പിന്തുടരുകയാണ്. ബി.ജെ.പിയെപ്പോലുള്ള മുഴുത്ത വലതുപക്ഷ കക്ഷി കേന്ദ്രത്തിലും അനേകം സംസ്ഥാനങ്ങളിലും അധികാരത്തില്‍വരികയും ജനാധിപത്യ കക്ഷികളുടെ അസ്ഥിത്വംതന്നെ അപകടത്തിലാവുകയും ചെയ്തിട്ടും അവരുടെ കോണ്‍ഗ്രസ് വിരോധം കെട്ടടങ്ങുന്ന മട്ടില്ല. ബി.ജെ.പിയുമായും സംഘ്പരിവാര്‍ ശക്തികളുമായും നിരവധി നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ദേശീയ തലത്തില്‍ ഒന്ന്‌ചേര്‍ന്ന് കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതിലും അവര്‍ കഴിവനുസരിച്ച് പ്രവര്‍ത്തിച്ചു. അതിനെയെല്ലാം ഇന്നും ന്യായീകരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനു സംഭവിച്ച പരാജയങ്ങളോടൊപ്പം ഇടതുപക്ഷവും ഇന്ത്യയില്‍ തകര്‍ന്നടിഞ്ഞു. ലോകത്തിലും കമ്യൂണിസ്റ്റ് സാധ്യതകള്‍ തീരെ ഇല്ലാതായി. ഒരു പ്രത്യാശയും ദേശീയതലത്തിലോ സംസ്ഥാനങ്ങളിലോ ഇനിയും ഇടതുപക്ഷങ്ങള്‍ക്ക് അവശേഷിക്കുന്നില്ല. നാശത്തിന്റെ അഗാധഗര്‍ത്തങ്ങളിലേക്ക് അവരും നടന്നുനീങ്ങുകയാണ്. ആരു വിചാരിച്ചാലും രക്ഷിക്കാനാവാത്തവിധം ദുര്‍ബലമായി വരുമ്പോഴും കോണഗ്രസ് വിരുദ്ധത പ്രകടിപ്പിക്കാന്‍ കിട്ടുന്ന യാതൊരവസരവും അവര്‍ പാഴാക്കുന്നില്ല. ഇന്ത്യയില്‍ ദൈനംദിനം തഴച്ചുവളരുന്ന ബി.ജെ.പിയും അവരുടെ വര്‍ഗീയ വംശീയ ഏകാധിപത്യ നിലപാടുകളും സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നില്ല. വല്ലപ്പോഴും നടത്തുന്ന വാചക മടികള്‍ മാത്രം കേള്‍ക്കാറുണ്ട്. കോണ്‍ഗ്രസിന്റെ ഓരോ തകര്‍ച്ചയും ഇന്ത്യയിലെ മതേതര ജനവിഭാഗങ്ങളെ കൊടിയ ദുഃഖത്തിലാഴ്ത്തുന്നു. ആ പാര്‍ട്ടിയുടെ ഓരോ ഉയര്‍ച്ചയും ഈ ജനവിഭാഗത്തെ ഊര്‍ജ്ജ്വസ്വലരാക്കുന്നു. ദുര്‍ബലമായെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി ഏതു വിധേനയും ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ എന്ന് സാധാരണ ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നു. ഭാരത് ജോഡോ യാത്ര പ്രതീക്ഷ നല്‍കുന്നതാവുന്നത്് അങ്ങിനെയാണ്. വിമര്‍ശിക്കുന്നവര്‍ എതിരാളികള്‍ക്ക് ആവശ്യാനുസരണം ആയുധം ലഭ്യമാക്കുകയാണ്. അവര്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സ്വന്തം അസ്തിത്വവും വിസ്മരിക്കുന്നത് ബുദ്ധിയല്ലല്ലോ. കോണ്‍ഗ്രസിന്റെ ഈ യാത്ര അവസാനത്തേതല്ല.

ഇപ്പോള്‍ 12 സംസ്ഥാനങ്ങളിലെ 69 പാര്‍ലിമെന്റ് നിയോജകമണ്ഡലങ്ങളിലൂടെ മാത്രമെ യാത്ര കടന്നു പോകുന്നുള്ളൂ. ഇനിയും കടന്നുചെല്ലാത്ത പ്രദേശങ്ങളിലൂടെ യാത്രകളോ അനുയോജ്യമായ പരിപാടികളോ തുടര്‍ന്ന് നടത്തുമെന്ന് അവര്‍ പറയുന്നു. ഇന്ത്യയില്‍ എല്ലായിടത്തും രാഹുലിന്റെ യാത്ര എത്താത്തതില്‍ ഏറെ ദുഃഖം സി.പി.എമ്മിനാണ്. മുഖ്യമന്ത്രിയുള്‍പ്പെടെ അവരെ പരിഹസിക്കുകയാണ്. ബാക്കി സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് സി.പി.എമ്മിനു അവരുടെതായി ഒരു മഹായാത്ര സംഘടിപ്പിച്ചുകൂട? ഇത്രയേറെ പരിഹാസങ്ങള്‍ ഏറ്റു വാങ്ങിയിട്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സി.പി.എമ്മിനെ ഇതുവരെ വിമര്‍ശിച്ചിട്ടേയില്ല. യഥേഷ്ടം വിഷയങ്ങള്‍ എതിര്‍ത്തു പറയാനുണ്ടായിട്ടും ശക്തമായ വിയോജിപ്പുകള്‍ പിണറായി ഭരണത്തോടുണ്ടായിട്ടും രാഹുല്‍ പാലിക്കുന്ന മൗനം നേതാവിന്റെ മാന്യതയാണ്. ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് ഈ യാത്ര എന്നതു കൊണ്ടുമാവാം. കോണ്‍ഗ്രസിന് മാത്രമായി ഫാസിസ്റ്റ് ബി.ജെ.പി ഭരണം അവസാനിപ്പിക്കാന്‍ കഴിയുകയില്ലെന്ന് ഇന്ന് കോണ്‍ഗ്രസുക്കാര്‍ക്കും നാട്ടുക്കാര്‍ക്കും അറിയാം. ആ യാഥാര്‍ഥ്യം മനസിലാക്കി ഇതര മതേതര കക്ഷികളും ഇത്തരം പ്രക്ഷോഭങ്ങളുമായി മുന്നോട്ട് വരണം. ഒറ്റക്കും കൂട്ടായും ജാഥകളും പ്രക്ഷോഭങ്ങളും വിശദീകരണങ്ങളും വഴി ജനങ്ങളെ യോജിപ്പിക്കണം. സമാധാനപരമായും ജനാധിപത്യപരമായ മാര്‍ഗത്തിലും അതു ചെയ്യാവുന്നതാണല്ലോ. ഈ വഴിക്ക് ഏതു പാര്‍ട്ടി നടത്തുന്ന പരിപാടികളെയും പ്രോത്സാഹിപ്പിക്കണം. സ്വാഗതം ചെയ്യണം. അതാണ് മതേതര കക്ഷികള്‍ക്കും സമാന മനസ്‌ക്കര്‍ക്കും അഭികാമ്യം. വിമര്‍ശനവും പരിഹാസവും എതിര്‍പ്പും മതേതര കക്ഷികള്‍ക്കിയില്‍ ശത്രുതക്ക് മൂര്‍ച്ച കൂട്ടലാണ്. ബി.ജെ.പിയെയും കേന്ദ്രത്തെയും പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് വിരുദ്ധതയും കമ്യൂണിസ്റ്റ് വിരുദ്ധതയും പ്രയോജനപ്പെടുക. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, ആര്‍.ജെ.ഡി, ആംആദ്മി പാര്‍ട്ടി, നിധീഷന്റെ ജനതാദള്‍ തുടങ്ങിയ സകല പാര്‍ട്ടികളും സ്വന്തമായോ കൂട്ടായോ മതേതര ജനാധിപത്യം നിലനിര്‍ത്താനും ജനവിരുദ്ധ സര്‍ക്കാറിനെ മാറ്റാനും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളും ഫലപ്രദമായിരിക്കുകയുള്ളൂ.

സ്വന്തമായി ഇത്തരം പരിപാടികള്‍ ആവിഷ്്കരിച്ചുനടപ്പിലാക്കാന്‍ ആരാണ് തടസം. യോജിപ്പിന്റെ വിഷയം വരുമ്പോഴല്ലേ തര്‍ക്കം ഉല്‍ഭവിക്കുന്നുള്ളൂ. ആ തര്‍ക്കങ്ങള്‍ തന്നെ ആധികാരമോഹത്തിന്റെ അനന്തരഫലമാണല്ലോ. മതേതരകക്ഷികള്‍ ഓരോന്നും തങ്ങള്‍ക്ക് സഖ്യത്തിന്റെ നേതൃത്വം കിട്ടണമെന്നും മികച്ച പദവികള്‍ കിട്ടണമെന്നും മോഹിച്ചു സഖ്യമുണ്ടാക്കാന്‍ പോയാല്‍ അതു പൊളിയുമെന്ന് ഉറപ്പാണല്ലോ. ലക്ഷ്യത്തില്‍ ഊന്നുകയും പദവികള്‍ക്ക് രണ്ടാം സ്ഥാനം നല്‍കുകയും ചെയ്യാന്‍ പാര്‍ട്ടികള്‍ തയ്യാറായാലേ വല്ലതും നടക്കുകയുള്ളൂ.
കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആരാകണമെന്നും എങ്ങിനെ തിരഞ്ഞെടുക്കണമെന്നും രാജ്യം മുഴുവന്‍ വായിട്ടലക്കുന്ന സി.പി.എമ്മും മറ്റുള്ളവരും ബി.ജെ.പിയുടെ പ്രസിഡന്റുമാരെ തിരഞ്ഞെടുത്തപ്പോള്‍ ഒന്നും ഉരിയാടിയതായി കേട്ടിട്ടില്ല. മോദിയും അമിത്ഷായും ഒക്കെയിരിക്കെ നദ്ദയാണല്ലോ നയിക്കുന്നതും. ഇതിനുമുമ്പും അതുപോലെയൊക്കെയായിരുന്നല്ലോ. പിണറായി ഇരിക്കെ ഗോവിന്ദന്‍മാഷും വിജയരാഘവനും കൊടിയേരിയും ഒക്കെ ആയിരുന്നിട്ടും ആരും ഒന്നും പറഞ്ഞില്ലല്ലോ. ഓരോ പാര്‍ട്ടിയും അവരുടെ നേതൃത്വത്തെ തിരഞ്ഞെടുക്കും. അതിനുള്ള അവകാശം അവര്‍ക്കാണല്ലോ. കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെ മാത്രം ജനഹിത പരിശോധനയിലൂടെ തിരഞ്ഞെടുക്കേണ്ടതല്ലല്ലോ. ഒരു പാര്‍ട്ടിയും അപ്രകാരം ചെയ്തു കാണാറില്ലല്ലോ.

ഭാരത് ജോഡോ യാത്ര ഭാരതം മുഴുക്കെ എത്തിച്ചേരാത്തതില്‍ ദുഃഖിതരായ സഖാക്കള്‍ ബാക്കി സ്ഥലങ്ങളില്‍ ജാഥ സ്വന്തമായി നടത്തട്ടെ. കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെ മാത്രം കോണ്‍ഗ്രസല്ലാത്ത പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് തിരഞ്ഞെടുക്കാന്‍ വെമ്പല്‍ കൊള്ളുന്നതിലേറെ തമാശ വേറെ ഏതുണ്ട്. ജനഹിതം നോക്കിയാണോ സി.പി.എം ജനറല്‍ സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നത്. അപ്പോള്‍ ഈ രണ്ടു പണിയും കോണ്‍ഗ്രസ് ചെയ്യട്ടെ.

Test User: