X

‘പ്രധാനമന്ത്രി മോദി വാതുറക്കട്ടെ, ഞാന്‍ നിശബ്ദനാകാം’; പാർലമെന്റില്‍ രൂക്ഷവിമർശനവുമായി മണിപ്പുർ എംപി

മണിപ്പുരിലെ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച് കോൺഗ്രസ് എംപി അംഗോംച ബിമല്‍ അകോയ്ജാം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു ലോകസ്ഭയില്‍ ജെഎന്‍യു മുന്‍ പ്രൊഫസര്‍ കൂടിയായ ബിമല്‍ അകോയ്ജാമിന്റെ പ്രസംഗം.

മണിപ്പുരില്‍ അക്രമങ്ങളും ദുരിതങ്ങളും വര്‍ധിച്ചിട്ടും സ്ഥിതിഗതികള്‍ അഭിസംബോധന ചെയ്യാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വിമര്‍ശിച്ച അദ്ദേഹം, സര്‍ക്കാർ കാര്യക്ഷമമായ ഇടപെടല്‍ നടത്താത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തു. കൊളോണിയല്‍ കാലത്തിന്റെ തുടര്‍ച്ചയാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ഈ മൗനത്തിൽ പ്രതിഫലിക്കുന്നതെന്നും ബിമല്‍ പറഞ്ഞു.

മണിപ്പൂരിൽ 60,000-ൽ അലധികം ആളുകള്‍ ഭവനരഹിതരായെന്നും 200 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ ആയുധമെടുക്കാനും പരസ്പരം പോരടിക്കാനും ഗ്രാമങ്ങളെ സംരക്ഷിക്കാനും നിര്‍ബന്ധിതരാകുന്ന ആഭ്യന്തരയുദ്ധം പോലുള്ള സാഹചര്യമാണ്. ഒരു വര്‍ഷമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തത്തിൽ ഇന്ത്യന്‍ ഭരണകൂടം ഇപ്പോഴും നിശബ്ദ കാഴ്ചക്കാരായി തുടരുന്നു.
മണിപ്പൂരിലെ ഓരോ തുണ്ട് ഭൂമിയും കേന്ദ്ര സായുധ സേനയുടെ കീഴിലായിരിക്കുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും അദ്ദേഹം ചോദ്യംചെയ്തു.

‘രാജ്യത്തെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് മണിപ്പുര്‍. എന്നിട്ടും 60,000-ൽ അലധികം ആളുകള്‍ ഭവനരഹിതരാകുകയും ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെകുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിലും മണിപ്പുര്‍ സംഭവങ്ങളെകുറിച്ച് ഒന്നും പറഞ്ഞില്ല. പ്രധാനമന്ത്രി വാ തുറക്കുകയും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ആ സംസ്ഥാനത്തെ ജനങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്നും പറയുകയും ചെയ്താൽ ഞാന്‍ നിശബ്ദനാകാം. എങ്കില്‍ മാത്രമേ ഞാന്‍ ദേശീയതയെ അംഗീകരിക്കുകയുള്ളൂ’, ബിമല്‍ പറഞ്ഞു.

നിങ്ങളുടെ ഹൃദയത്തില്‍ കൈവെച്ച് അറുപതിനായിരം ഭവനരഹിതരെക്കുറിച്ച് ചിന്തിക്കുക, ഈ പ്രതിസന്ധി കാരണം വിധവകളാകുന്ന സ്ത്രീകളുടെ ജീവിതം ആലോചിക്കുക, എന്നിട്ട് നിങ്ങള്‍ ദേശീയതയെക്കുറിച്ച് സംസാരിക്കൂ എന്നും കോണ്‍ഗ്രസ് എംപി കൂട്ടിച്ചേര്‍ത്തു.

webdesk13: