ഷഹബാസ് വെള്ളില
കൊല്ലം: ഗോപി കൃഷ്ണന് ശാസ്ത്രക്രിയ പറഞ്ഞതാണ് ഡോക്ടര്‍. കൈപത്തിയുടെ ജോയിന്റില്‍ പൊട്ടാണ്. ശാസ്ത്രക്രിയ മാത്രമാണ് പോംവഴി. ഇതു കേട്ടതോടെ കണ്ണില്‍ ഇരുട്ടുകയറുന്നത് പോലെയായിരുന്നു ഗോപീ കൃഷ്ണന്. ആറു മാസക്കാലമായി താനും കൂട്ടുകാരും ഊണും ഉറക്കവുമില്ലാതെ പരിശീലനം നടത്തിയത് ആ ഒരൊറ്റ ദിവസം മനസ്സില്‍ കണ്ടാണല്ലോ. സംസ്ഥാന സ്‌കൂള്‍ കലോത്സവം. പരമ്പരാഗത ശക്തികളെയെല്ലാം മലര്‍ത്തിയടിച്ചാണ് മലപ്പുറം ജില്ലയില്‍ നിന്നും എം.ഇ.എസ്.എച്ച്.എസ്.എസ് ഇരിമ്പിളിയം ഹൈസ്‌കൂള്‍ വിഭാഗം പൂരക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്. അതിന്റെ ത്രില്ലില്‍ തന്നെയായിരുന്നു എല്ലാവരും.
അധ്യാപകരും സഹപാഠികളും സ്‌കൂളുമെല്ലാം വലിയ പ്രതീക്ഷയിലാണ്. പൂരക്കളിയില്‍ സംസ്ഥാനത്ത് എ ഗ്രേഡ് വാങ്ങുമെന്ന് ഉറപ്പുനല്‍കി കഠിന പരിശീലനത്തിനായിരുന്നു ഗോപീ കൃഷ്ണനും കൂട്ടുകാരും. നിര്‍ഭാഗ്യമെന്ന് പറയട്ടെ പരിശീലനത്തിനിടെയാണ് ഗോപീകൃഷ്ണന് വീണ് പരിക്കുപറ്റുന്നത്. കാര്യമായി ഒന്നും തന്നെ ഉണ്ടാവില്ലെന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷെ ഡോക്ടറുടെ അടുത്തെത്തിയതോടെ കളി കൈവിട്ടു. പ്രതീക്ഷകളെല്ലാം അസ്തമിക്കുന്ന പോലെ. എല്ലിന് പൊട്ടുണ്ട്. കൈകുഴയിലാണ് പ്രശ്‌നം. ശാസ്ത്രക്രിയ ചെയ്ത് ശരിയാക്കണം. ഒന്നര മാസത്തോളം വിശ്രമം വേണ്ടിവരും. എന്നാല്‍ ഗോപീ കൃഷ്ണന് ഒട്ടും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല അത്. അധ്യാപകരുടെയും കൂട്ടുകാരുടെയുമെല്ലാം മുഖം ഓര്‍മ്മയില്‍ വന്നു. ഒരാഴ്ച്ചക്കപ്പുറമാണ് കൊല്ലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ദൈര്യപൂര്‍വ്വം ഡോക്ടറോട് കാര്യം പറഞ്ഞു.
ഡോക്ടറും നിസ്സഹായന്‍. പിന്നീട് അച്ചന്റെ ഉറപ്പിന്മേല്‍ തല്‍ക്കാലത്തേക്ക് കൈ പ്ലാസ്റ്ററിച്ച് തിരിച്ചുപോന്നു. ഇതേ കൈയും വെച്ചാണ് കൊല്ലത്തേക്ക് വണ്ടി കയറി. വാശിയേറിയ പൂരക്കളി മത്സരത്തില്‍ ടീം എ ഗ്രേഡ് നേടിയതോടെ എല്ലാവരും ഓടിയെത്തിയത് ഗോപീകൃഷ്ണന്റെ അടുത്തേക്കായിരുന്നു. എല്ലിപൊട്ടിയ കഠിന വേദന വരിഞ്ഞുമുറുക്കിയ പ്ലാസ്റ്ററിലും വിജയിക്കണമെന്ന പാഷനിലുമാണ് ഗോപീ കൃഷ്ണന്‍ മറന്നത്. താന്‍ പിന്മാറിയാല്‍ തങ്ങളുടെ സ്‌കൂളിന്റെ കന്നി അവസരം നഷ്ടമാകുമെന്ന തിരിച്ചറിവിലാണ് വേദന സഹിച്ചും മത്സരത്തില്‍ പങ്കെടുക്കണമെന്ന് ഗോപീകൃഷ്ണന്‍ തീരുമാനിച്ചത്. ഇ ഗ്രേഡിന് പത്തരമാറ്റാണ് തിളക്കം. മലപ്പുറം ജില്ലയിലെ കൊടുമുടി സ്വദേശി രാജേഷ് സുചിത്ര ദമ്പതികളുടെ മകനാണ് പത്താം ക്ലാസുകാരനായ ഗോപീകൃഷ്ണന്‍. കുടുംബ ശ്രീ പ്രവര്‍ത്തകയാണ് അമ്മ. സെക്യൂരിറ്റി ജീവനക്കാരനാണ് അച്ചന്‍ രാജേഷ്. സജീഷ് പയ്യന്നൂരാണ് പൂരക്കളിയുടെ പരിശീലകന്‍. അഭിമന്യൂ, വിനായക്, അഭിരാം, പാര്‍ത്ഥീവ്, അജയ് കൃഷ്ണ, സഞ്ജയ് ശിവ, അഖില്‍ ടിപി, അര്‍ജുന്‍, അഹന്‍ തേജ്, നിഖില്‍, നവനീദ് എന്നിവരായിരുന്നു ടീമംഗങ്ങള്‍.