സ്‌നേഹസാഹോദര്യത്തിന്റെ ആനന്ദനിര്‍വൃതിയായി ചെറിയപെരുന്നാള്‍ ഇന്ന് ആഘോഷിക്കപ്പെടുകയാണ്. മുപ്പതുദിനരാത്രങ്ങള്‍ നീണ്ട കഠിനവ്രതത്തിന്റെയും പ്രാര്‍ത്ഥനകളുടെയും സമാപ്തിയിലാണ് മുസ്‌ലിംലോകം ചെറിയപെരുന്നാള്‍ ആഘോഷത്തിലെത്തുന്നത്. സ്വാഭാവികദേഹേച്ഛകളെ നിയന്ത്രിക്കുകയും സഹോദരജീവികളുടെ വിശപ്പും ജീവല്‍പ്രയാസങ്ങളും നേരിട്ട് അനുഭവിച്ചറിയുകയുംകൂടിയാണ് റമസാന്‍വ്രതംകൊണ്ട് ലക്ഷ്യമിടുന്നത്. ഈസന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നിരവധി ഇതരമതസ്ഥരും റസമാന്‍വ്രതം അനുഷ്ഠിക്കുന്നതും നാമറിഞ്ഞു. വ്രതവും ഈദ്ആഘോഷവുംകൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെട്ടത്, അവയെല്ലാം പരിപൂര്‍ണമായും നാം അധിവസിക്കുന്ന സമൂഹത്തിലെമ്പാടും സ്‌നേഹവൃക്ഷത്തണലിലെ പാരസ്പര്യത്തിന്റെ കുളിരായി പടരട്ടെ എന്ന് നമുക്കെല്ലാവര്‍ക്കും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ഏതാനുംദിവസംമുമ്പ് റമസാന്റെ പുണ്യദിനങ്ങളിലാണ് നാംകേരളീയര്‍ വിഷുവും ക്രൈസ്തവരുടെ ദു:ഖവെളളിയും ഈസ്റ്ററുമെല്ലാം ഒരുമിച്ചാഘോഷിച്ചത്. അവയിലൂടെ പകര്‍ന്നുകിട്ടപ്പെട്ട മാനസികൈക്യവും ആനന്ദവും തുടര്‍ന്നും എല്ലാവരിലുമുണ്ടാകട്ടെ എന്ന് ഒരിക്കല്‍കൂടി പ്രാര്‍ത്ഥിക്കുകയാണ്.
എന്നാല്‍ ഇപ്പറഞ്ഞത്ര ശുഭകരമല്ല സമീപകാലത്തായി നമുക്കുചുറ്റിലും തുറിച്ചുനോക്കപ്പെടുന്ന ചില യാഥാര്‍ത്ഥ്യങ്ങളെന്നുകൂടി തിരിച്ചറിയാന്‍ നാമിന്ന് നിര്‍ബന്ധിതരായിരിക്കുന്നു. രാജ്യത്താകെ പടര്‍ന്നുപന്തലിച്ചുവരുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണത്. ഏതാണ്ട് ഒരേ അനുപാതത്തില്‍ വിവിധസമുദായങ്ങള്‍ അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്ന കേരളത്തില്‍ പങ്കുവെക്കലിന്റെ മാനവികതയും ശാസ്ത്രീയതയും നൈതികതയും തിരിച്ചറിയാതെ ചിലരെങ്കിലും അരുതായ്മകളുടെ നഞ്ചുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്നതാണത്. ഏതെങ്കിലും തരത്തിലുള്ള അധികാരസാമ്പത്തികതാല്‍പര്യങ്ങളൊക്കെയാകും ഈ കുപ്രചാരണങ്ങള്‍ക്കും വിദ്വേഷപ്രസരണത്തിനുമൊക്കെ പിന്നിലുള്ളത്. റമസാന്റെ അവസാനത്തെ വെള്ളിയാഴ്ച കേരളത്തിലെ പ്രമുഖ പൊതുപ്രവര്‍ത്തകന്‍ തിരുവനന്തപുരത്ത് ഒരുപ്രമുഖ മതത്തിന്റെ സമ്മേളനത്തില്‍വെച്ചുകൊണ്ട് പ്രചരിപ്പിച്ച വര്‍ഗീയതയുടെയും ഭിന്നിപ്പിന്റെയും വിഷം ഭാഗ്യവശാല്‍ സമൂഹത്തില്‍ പടരാതെപോയി. സനാതനമായതും സമസ്തലോകത്തിനും സുഖം ഭവിപ്പാന്‍ ഉദ്‌ഘോഷിക്കുന്നതുമായ ഹൈന്ദവമതത്തിന്റെ കൂടിച്ചേരല്‍വേദിയിലാണ് മുന്‍ ജനപ്രതിനിധികൂടിയായ ഒരാള്‍ ശരീരമാലിന്യത്തെപോലും വെല്ലുന്നതരത്തില്‍ സാമുദായികമായവിഷം സ്വന്തംനാവിനാല്‍ വമിപ്പിച്ചത്. മുസ്‌ലിംകള്‍ അവരുടെ ഭക്ഷണശാലകളില്‍ മറ്റുള്ള സമുദായക്കാര്‍ ഭക്ഷിക്കാനെത്തുമ്പോള്‍ വന്ധ്യതക്ക് കാരണമാകുന്ന ഏതോദ്രാവകം കലര്‍ത്തിനല്‍കുന്നു, മുസ്‌ലിംവ്യവസായി ഇതരമതസ്ഥരുടെ പണമുപയോഗിച്ച് ലാഭംകൊയ്യുന്നു, ഇങ്ങനെപോയാല്‍ മുസ്‌ലിംരാഷ്ട്രമുണ്ടാകും ഇങ്ങനെപോകുന്നു ഈ വൈതാളികന്റെ കേരളീയസമൂഹത്തോടുളള വെല്ലുവിളി.
മതേതര ഇന്ത്യയുടെ ഭാഗമാണ് കേരളമെങ്കിലും ഇവിടം പല ഇതരസംസ്ഥാനങ്ങളിലും അടുത്തകാലത്തായി നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന അന്യമതവിദ്വേഷത്തിന്റെ വിളനിലമായിട്ടില്ല. ഹിന്ദുമതത്തെ കൂട്ടുപിടിച്ചുകൊണ്ട് മുസ്‌ലിംവംശീയവിദ്വേഷം പടര്‍ത്തിക്കൊണ്ടിരിക്കുന്നതും അവരുടെ ആചാരാനുഷ്ഠാനങ്ങളെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നതും കൊലപ്പെടുത്തുന്നതുമെല്ലാം നാം കണ്ടുകൊണ്ടിരിക്കുന്നു. ദലിതരും ഇതിനിരയാണ്. ഇതിനെതിരെ സുപ്രീംകോടതിക്കുതന്നെ ആ സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ക്ക് താക്കീത് നല്‍കേണ്ടിവന്നു. രാജ്യംഭരിക്കുന്നവര്‍ ഇതിനിടയിലും കുംഭകര്‍ണസേവയിലോ അണിയറയില്‍ വാളൊരുക്കിക്കൊടുക്കുന്ന തിരക്കിലോ ആണ്. നാരായണഗുരുവും അയ്യങ്കാളിയും ഇതരമതാചാര്യന്മാരും സാമൂഹികരാഷ്ട്രീയനേതാക്കളുമെല്ലാം കുഴച്ചെടുത്ത നവോത്ഥാനത്തിന്റെ വിശുദ്ധമണ്ണ് ഇന്നും അതേപടി ഇവിടെ കിടപ്പുണ്ട് എന്നതിനാലാണ് ഇത്തരക്കാര്‍ക്ക് പരസ്യപിന്തുണനല്‍കാന്‍ ബി.ജെ.പിക്കാര്‍ക്കുപോലും കഴിയാതെപോയത്. ഈ നൈര്‍മല്യതയുടെ സ്വച്ഛന്ദഒഴുക്കില്‍ പാഷാണം കലക്കാനെത്തുന്ന കോമാളികളെ കയ്യോടെ കയ്യാമംവെച്ച് അകത്തിടേണ്ട ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം ഏതെങ്കിലും താല്‍പര്യത്തിന്റെപേരില്‍ നിര്‍വഹിക്കപ്പെടാതെ പോയിക്കൂടാ. കേരളീയസമൂഹമൊന്നടങ്കം ഒത്തൊരുമിച്ച് ഈവര്‍ഗീയവിഷംതീനികളെ ആട്ടിയോടിക്കുകതന്നെ ചെയ്യുമെന്നുറപ്പാണ്. ഇതാകട്ടെ പെരുന്നാളിന്റെ കേരളീയമായ സന്ദേശവും. സമസ്തര്‍ക്കും നല്ലൊരു ഈദുല്‍ ഫിത്വര്‍ ആശംസിക്കുന്നു.