മലപ്പുറം: സംസ്ഥാനത്ത് പത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി മാത്രം പ്രവൃത്തിക്കുന്നത് 149 സ്‌കൂളുകള്‍. ഇതില്‍ 40 സര്‍ക്കാര്‍ സ്‌കൂളുകളും 109 എയ്ഡഡ് സ്‌കൂളുകളുമാണ്. രണ്ട് കുട്ടികള്‍ മുതല്‍ 10 കുട്ടികള്‍ വരെ എത്തുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളടക്കം 149 എണ്ണം പ്രവൃത്തിക്കുന്നതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒന്നു മുതല്‍ ആറ് വരെ അധ്യാപകര്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നുമുണ്ട്. 50 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബദല്‍ സ്‌കൂളുകള്‍ അടച്ചൂപൂട്ടിയ സര്‍ക്കാര്‍ തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വയനാട് ജില്ല ഒഴികെ മറ്റു 13 ജില്ലകളിലാണ് പത്തില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എല്‍.പി വിദ്യാലയങ്ങള്‍ പ്രവൃത്തിക്കുന്നത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍. ഒമ്പതെണ്ണമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ടയിലും,കോഴിക്കോടും നാലു സ്‌കൂളുകള്‍ വീതവും,തിരുവനന്തപുരം,കൊല്ലം,കോട്ടയം,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ മൂന്ന് സ്‌കൂളുകള്‍ വീതവും പ്രവൃത്തിക്കുന്നുണ്ട്. ഇടുക്കി,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതവും,എറണാകുളം,കാസര്‍കോട് ജില്ലകളില്‍ ഓരോ സ്‌കൂളുകളുമാണ് പ്രവൃത്തിക്കുന്നത്. 109 എയ്ഡഡ് സ്‌കൂളുകളും 10ല്‍ താഴെ കുട്ടികളുമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം,കാസര്‍കോട്,വയനാട് ജില്ലകളില്‍ ഒന്നുപോലുമില്ല. മറ്റു 11 ജില്ലകളിലും കൂടി 109 എയ്ഡഡ് സ്‌കൂളുകളാണ് ഇത്തരത്തില്‍ പ്രവൃത്തിക്കുന്നത്. ഇതില്‍ 32 സ്‌കൂളുകളുള്ള പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതലുള്ളത്.