കോഴിക്കോട്: പ്രളയബാധിത പ്രദേശങ്ങളില്‍ എലിപ്പനി പടരുന്നു. കോഴിക്കോട് ജില്ലയിലാണ് സ്ഥിതി അതീവഗുരുതരമായിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍ മാത്രമായി 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, അതീവജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. താല്‍ക്കാലികമായി 16 ചികിത്സാകേന്ദ്രങ്ങള്‍ തുറക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മൂന്നൂറിലധികം പേരാണ് എലിപ്പനിയുടെ രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. മറ്റു ജില്ലകളില്‍ 200 പേര്‍ ചികിത്സയിലുണ്ട്.
വെള്ളമിറങ്ങിയ സ്ഥലങ്ങളിലാണ് പനി ബാധിച്ചവരെ കണ്ടെത്തിയിട്ടുള്ളത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോയവര്‍ക്കും പനി സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശരീര വേദനയുമായാണ് പലരുമെത്തുന്നത്. ചിലര്‍ സ്വയം ചികിത്സ ചെയ്യുന്നുണ്ട്. ഇത് രോഗം തിരിച്ചറിയാതാവാന്‍ സാധ്യതയുണ്ടെന്നും ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രളയമേഖലയില്‍ എലിപ്പനി പടരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പ്രതിരോധ ഗുളികകള്‍ നേരത്തെ തന്നെ അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് പലരും കഴിക്കുന്നില്ലെന്നത് രോഗ പ്രതിരോധത്തിന് തിരിച്ചടിയാവുന്നുമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ എന്ന മരുന്ന് ആഴ്ചയില്‍ ഒന്ന് നിര്‍ബന്ധമായും കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഗര്‍ഭിണികളും കുട്ടികളും ഇത് കഴിക്കരുത്. ഇന്ന് മുതല്‍ ഗുളികകള്‍ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്നും വിതരണം ചെയ്യുന്നുണ്ട്.
പ്രളയം മൂലമുള്ള അടിയന്തര പ്രതിരോധം എന്ന നിലക്ക് 16 താല്‍ക്കാലിക ആസ്പത്രികള്‍ക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായിട്ടുണ്ട്. ഇവിടെ മെഡിക്കല്‍ പി.ജി ഡോക്ടര്‍മാര്‍ അടക്കമുള്ള അമ്പതോളം ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുപോലെ 325 ആസ്പത്രികളാണ് പ്രവര്‍ത്തിക്കുക.