ന്യൂഡല്‍ഹി: കാടിറങ്ങി വന്ന പുള്ളിപ്പുലിയെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് കൊലപ്പെടുത്തി. ഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലാണ് സംഭവം. ഗ്രാമത്തിലിറങ്ങി അക്രമാസക്തനായി നിരവധി പേരെ പരിക്കേല്‍പ്പിച്ച പുലിയെ 1500-ലധികം പേര്‍ ചേര്‍ന്നാണ് അടിച്ചുകൊന്നത്. പുലിയുടെ പരാക്രമത്തില്‍ പൊലീസുകാരനടക്കം ഒന്‍പതു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ എഴുപേരെ സമീപത്തെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുഡ്ഗാവിലെ മാണ്ഡവാര്‍ ഗ്രാമത്തിലാണ് പുലിയിറങ്ങിയത്. ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയ പുലി ഗ്രാമത്തെ മൂന്നു മണിക്കൂറോളമാണ് ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.
അതിരാവിലെയാണ് പുലി ഗ്രാമത്തിലെത്തിയതെന്ന് ഗുഡ്ഗാവ് വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥന്‍ റണ്‍ബീര്‍ സിങ് പറഞ്ഞു. ഗ്രാമത്തിലെത്തിയ പുലി പരിസരത്ത് അലഞ്ഞിരുന്ന മൃഗങ്ങളെ ആക്രമിക്കുകയായിരുന്നു.
പുലിയിറങ്ങിയതറിഞ്ഞ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ആളനക്കമറിഞ്ഞ പുലി സമീപത്തെ വീടില്‍ കയറി കട്ടിലിനടിയില്‍ ഒളിക്കുകയായിരുന്നു.
അതേസമയം ഭീതിയിലാണ്ട ജനം വീടുകളില്‍ കേറി വാതിലിടച്ചു. എന്നാല്‍ ചിലര്‍ വടിയും തടിക്കഷ്ണങ്ങളുമായി പുലിയെ തേടി പുറത്തിറങ്ങി. തുടര്‍ന്ന് ആവേശം നിറഞ്ഞ ഗ്രാമവാസികള്‍ എല്ലാവരും മഴുവും മറ്റു ആയുധങ്ങളുമായി പുലിയുമായുള്ള സംഘട്ടനത്തിനൊരുങ്ങുകയായിരുന്നു.
1500-ലധികം ആളുകളാണ് പുലിയെ തേടിയിറങ്ങിയത്്. ആള്‍ക്കൂട്ടം കൂട്ടമായി ഇറങ്ങിയതോടെ പുലി പരിഭ്രമിക്കുകയും പലരെയും ആക്രമിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറിലധികമെടുത്താണ് പുലിയെ വകവരുത്തിയത്. അതേസമയം, പൊലീസ് വളരെ വൈകിയാണ് സംഭവ സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.
പുലിയുടെ ആക്രമണത്തില്‍ ഒമ്പതു പേര്‍ക്കാണ്് പരിക്കേറ്റത്. ചത്തിട്ടും അരിശം തീരാത്ത ചിലര്‍ പുലിയെ നിലത്തിട്ടു വീണ്ടും തല്ലിചതച്ചു.
ജീവനറ്റ പുലിയെ തുടര്‍ന്നു നാട്ടുകാര്‍ പ്രദര്‍ശിപ്പിക്കാനായി റോഡിലെത്തിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ വന്യജീവി നിയമപ്രകാരം ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വീഡിയോ കാണാം…