X

കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങി; വനം വകുപ്പിന്റെ സ്ഥിരീകരണം

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങിയതായ നാട്ടുകാരുടെ ആരോപണത്തിന് വനം വകുപ്പിന്റെ സ്ഥിരീകരണം. പുലിയിറങ്ങിയതായി നാട്ടുകാര്‍ അറിയിച്ച സ്ഥലങ്ങളിലെ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചത്.
പള്ളിയാംമൂലയില്‍ കഴിഞ്ഞ ദിവസം രണ്ട് പശുക്കളെ കൊന്നതും പുലി തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതേസമയം പുലിയെ പിടികൂടാനായി വയനാട്ടില്‍നിന്ന് കൂട് എത്തിക്കാന്‍ വനംവകുപ്പ് നീക്കം തുടങ്ങി.
പള്ളിയാംമൂല ഭാഗത്ത് പുലിയെ കണ്ട വിവരം കഴിഞ്ഞ ദിവസം നാട്ടുകാരാണ് അറിയിച്ചത്. ഇവിടെ ആളൊഴിഞ്ഞ പറമ്പില്‍ കെട്ടിയിരുന്ന പശുവിനേയും കിടാവിനേയും അജ്ഞാത ജീവി കൊലപ്പെടുത്തിയതായും കണ്ടെത്തി. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് നിന്നും അറവ് ശാലയിലേക്ക് ജസീല്‍ എന്നയാള്‍ കൊണ്ടുവന്ന വെച്ചൂര്‍ ഇനത്തില്‍പ്പെട്ട പശുക്കളാണ് ചത്തത്.

പുലിയുടെ അക്രമമെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പുലിയുടേതെന്ന് സംശയിക്കപ്പെടുന്ന കാല്‍പ്പാടുകളൂം കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതു ശരിവെക്കന്ന തരത്തിലാണ് വനം വകുപ്പിന്റെ പരിശോധന നടന്നത്. പുലിസാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ പശുവിന്റെ ജഢം പോസ്റ്റ്മോര്‍ട്ടം ചെയ്തു.

കഴിഞ്ഞമാസം അഞ്ചിന് നഗരമധ്യത്തിലെ തായത്തെരു കസാനക്കോട്ടയില്‍ ഇറങ്ങിയ പുലി ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. മൂന്നുപേര്‍ പുലിയുടെ ആക്രമണത്തിന് ഇരയായി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രാത്രിയോടെയാണ് പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്. പുലിയെ പിന്നീട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു.

chandrika: