X

ലിയോനോര്‍ഡ് കൊഹെന്‍ അന്തരിച്ചു

ലോസ്ആഞ്ചലസ്: സംഗീത ലോകത്തിനു പുതിയമാനങ്ങള്‍ നല്‍കിയ വിശ്വവിഖ്യാത കനേഡിയന്‍ കവിയും സംഗീതജ്ഞനുമായ ലിയോനാര്‍ഡ് കൊഹെന്‍ അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, മരണകാരണം വ്യക്തമാക്കിയിട്ടില്ല.

സംഗീത ലോകത്തെ ബഹുമുഖ പ്രതിഭയായാണ് കൊഹെന്‍ അറിയപ്പെട്ടത്. 1934 സെപ്തംബര്‍ 21ന് ക്യുബെക് വെസ്റ്റ് മൗണ്ടിലെ ജൂതകുടുംബത്തിലായിരുന്നു കൊഹെന്റെ ജനനം. സ്പാനീക് സാഹിത്യകാരന്‍ ഫെഡറികോ ഗ്രാഷ്യ ലോര്‍കയുടെ സ്വാധീനമാണ് കൊഹെനെ കവിതയുടെ ലോകത്തെത്തിച്ചത്. ഗ്രീപ്പ് ദ്വീപായ ഹൈദ്രയിലേക്ക് മാറിയ കൊഹെന്‍ അവിടെ വച്ചാണ് തന്റെ കവിതകളുടെ സമാഹാരമായ ഫഌവേഴ്‌സ് ഫോര്‍ ഹിറ്റ്‌ലര്‍ (1964), നോവലുകളായ ദ ഫേവിറേറ്റ് ഗെയിംസ് (1963), ബ്യൂട്ടിഫുള്‍ ലോസേഴ്‌സ് (1966) എന്നിവ പ്രസിദ്ധീകരിച്ചത്. മാനവികതയും പ്രണയവും പ്രകൃതിയും കൊഹെന്റെ കവിതകളില്‍ നിറഞ്ഞു നിന്നു. ജീവിതത്തിന്റെ വിവിധ തലങ്ങള്‍ കൊഹെന്‍ കവിതകളില്‍ കാണാം.

സൂസന്ന, ഇന്‍ മൈ വൈഫ്, സോങ്‌സ് ഫ്രം എ റൂം, സോങ്‌സ് ഓഫ് ലവ് ആന്റ് ലേഡീസ് മാന്‍ തുടങ്ങിയവയാണ് പ്രമുഖ ആല്‍ബങ്ങള്‍. രണ്ടായിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായി റെക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. യുവാക്കളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നതായിരുന്നു കവിതകളേറെയും . ഗ്രാമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചു. 1988ല്‍ പുറത്തിറങ്ങിയ ‘ ഐ ആം യുവര്‍ മാന്‍’ എന്ന പ്രശസ്തമായ ഗാനം ബ്ലസിയുടെ ‘പ്രണയം’ എന്ന മലയാള ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ പ്രണയത്തില്‍ അഭിനേതാവായ മോഹന്‍ലാല്‍ ആണ് ഈ ഗാനം പാടി അഭിനയിച്ചത്. നോര്‍വെയില്‍ 16 ആഴ്ചയായി ഈ ആല്‍ബം ആയിരുന്നു ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. യുകെയിലും കാനഡയിലും ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച ഗാനവും ഇതു തന്നെയായിരുന്നു. 1980ല്‍ പിച്ച്‌ഫോര്‍ക്ക് മീഡിയ തെരഞ്ഞെടുത്ത 100 ആല്‍ബങ്ങളില്‍ അന്‍പത്തിയൊന്നാം സ്ഥാനത്ത് ഈ ആല്‍ബം സ്ഥാനം പിടിച്ചു.

chandrika: