ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളാവുകയായിരുന്നു. മരണ സമയത്ത് ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നു.
1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് കാല്‍വയ്ക്കുന്നത്. 1992 ല്‍ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികള്‍’ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ അധികരിച്ചുള്ളതായിരുന്നു 2001 ലെ ‘മഴ’ എന്ന ചിത്രം. കുലം, അന്യര്‍ (2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവ പ്രധാന ചിത്രങ്ങളാണ്.
ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിന് 1992 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ‘കുലം’ എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്‌കാരവും നേടി.
എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന്‍ രാജേന്ദ്രന്‍ ശ്രദ്ധേയനായി. 2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്.
ഭാര്യ ഡോ. രമണി. പാര്‍വതി, ഗൗതമന്‍ എന്നിവര്‍ മക്കളാണ്.