X
    Categories: MoreViews

ലെസ്റ്ററിന് വീണ്ടും ജയം, യുനൈറ്റഡിന് സമനില, ആര്‍സനലിനെ തകര്‍ത്ത് ലിവര്‍പൂള്‍

ലണ്ടന്‍: കോച്ച് ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയതിനു ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്കു ജയം. കഴിഞ്ഞയാഴ്ച ലിവര്‍പൂളിനെ വീഴ്ത്തിയ ലെസ്റ്റര്‍ ഇന്നലെ ഹള്‍ സിറ്റിയെയാണ് ഒന്നിനെതിരെ മൂന്നു ഗോൡന് വീഴ്ത്തിയത്. ദുര്‍ബലരായ എ.എഫ്.സി ബോണ്‍മത്തിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില വഴങ്ങിയപ്പോള്‍ ആര്‍സനലിനെ 3-1ന് വീഴ്ത്തി ലിവര്‍പൂള്‍ പോയിന്റ് ടേബിളില്‍ പുരോഗതി നേടി.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഹള്ളിനെതിരെ ലെസ്റ്ററിന്റെ തിരിച്ചുവരവ്. 14-ാം മിനുട്ടില്‍ സാം ക്ലുക്കാസ് ഹള്ളിനെ മുന്നിലെത്തിച്ചപ്പോള്‍ 27, 59 മിനുട്ടുകളില്‍ ക്രിസ്റ്റിയന്‍ ഫുച്‌സും റിയാദ് മെഹ്‌റസും ലെസ്റ്ററിനെ മുന്നിലെത്തിച്ചു. 90-ാം മിനുട്ടില്‍ ഹഡില്‍സ്റ്റന്റെ സെല്‍ഫ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

90-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് തുലച്ചതാണ് യുനൈറ്റഡിന് തിരിച്ചടിയായത്. 23-ാം മിനുട്ടില്‍ മാര്‍കോസ് റോഹോയിലൂടെ യുനൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 40-ാം മിനുട്ടില്‍ ജോഷ്വ കിങിലൂടെ ബോണ്‍മത്ത് ഒപ്പമെത്തി. ആദ്യപകുതിയുടെ അവസാനത്തില്‍ ആന്‍ഡ്ര്യൂ സുര്‍മാന്‍ ചുവപ്പുകാര്‍ഡ് കണ്ടതോടെ ബോണ്‍മത്തിന്റെ ആളെണ്ണം കുറഞ്ഞെങ്കിലും അത് മുതലെടുക്കാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്കായില്ല.

റോബര്‍ട്ടോ ഫിര്‍മിനോ, സദിയോ മാനെ, ജ്യോര്‍ജിനിയോ വിനാല്‍ദം എന്നിവരാണ് ആര്‍സനലിനെതിരെ ലിവര്‍പൂളിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ഡാനി വെല്‍ബക്ക് സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍ നേടി.

26 മത്സരത്തില്‍ നിന്ന് 63 പോയിന്റോടെ ചെല്‍സിയാണ് പ്രീമിയര്‍ ലീഗില്‍ മുന്നിലുള്ളത്. അത്രയും മത്സരങ്ങളില്‍ നിന്ന് 53 പോയിന്റുള്ള ടോട്ടനം ആണ് രണ്ടാം സ്ഥാനത്ത്. 27 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. 25 മത്സരം കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 52 പോയിന്റോടെ നാലാം സ്ഥാനത്താണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: