X
    Categories: Newsworld

കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ‘ലി’ മരിച്ചിട്ട് ഒരു വര്‍ഷം; ‘ചൈന വിലകൊടുക്കാതെ പോയ വാക്കുകള്‍’

വുഹാന്‍: കൊറോണ വൈറസ് ഒരു മഹാമാരിയായി ലോകമെങ്ങും പടരുന്നതിന് മുമ്പ്, ഒരു വൈറല്‍ പകര്‍ച്ച വ്യാധിയായി കണക്കാക്കപ്പെട്ടിരുന്ന സമയത്ത് ഇതൊരു ആപത് സൂചനയാണന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലി വെന്‍ ലിയാങ് കോവിഡ് ബാധിച്ച് മരിച്ചിട്ട് ഫെബ്രുവരി ആറോടു കൂടി ഒരു വര്‍ഷം പൂര്‍ത്തിയായി.

ഇത് വെറുമൊരു പകര്‍ച്ച വ്യാധിയല്ല വ്യാപകമായി പടര്‍ന്നേക്കും എന്ന് സൂചന നല്‍കിയ ലീയ്ക്ക് അന്ന് ലഭിച്ചത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നെന്നാരോപിച്ച് ചൈനീസ് പൊലീസിന്റെ അറസ്റ്റ് ഭീഷണിയായിരുന്നു. ഒടുവില്‍ കോവിഡ് ബാധിച്ച് തന്നെ 34 കാരനായ ആ ഡോക്ടര്‍ മരണപ്പെട്ടു.

ഡോക്ടര്‍ പറഞ്ഞതു പോലെ തന്നെയാണ് പിന്നീട് ചൈനയില്‍ സംഭവിച്ചത്. ചില ബഹുമതികള്‍ മരണശേഷം ലീയ്ക്ക് സര്‍ക്കാര്‍ നല്‍കിയെങ്കിലും കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്നവരെ ചൈനീസ് സര്‍ക്കാര്‍ ആദരിച്ചപ്പോള്‍ ലീയെ അവഗണിക്കുകയാണുണ്ടായത്. രാജ്യത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ച ഒരാളായി മാത്രമാണ് ഈ ഡോക്ടറെ ചൈനീസ് സര്‍ക്കാര്‍ കണ്ടത്.

മരണവാര്‍ഷിക ദിനത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ തന്നെ ലിയുടെ ഇപ്പോഴും നിലവിലുള്ള വെയ്‌ബോ അക്കൗണ്ടില്‍ ലീയെ സ്മരിച്ച് നിരവധി കമന്റുകള്‍ വന്നു. 10 ലക്ഷം കമന്റാണ് ഇതിനകം ലീയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ കമന്റ് ബോക്‌സില്‍ വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മിച്ചെങ്കിലും ലീയെ മറന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധം തീരെ കുറവാണ്. അത്തരമൊരു വിമര്‍ശനം വരാതിരിക്കാന്‍ സര്‍ക്കാര്‍ തല ശ്രമങ്ങളുമുണ്ട്. ചൈനീസ് ജനത ലീയെ ഓര്‍മ്മിച്ചു പക്ഷെ ലീയുടെ മരണം ചൈനയ്‌ക്കെതിരെയുള്ള ആയുധമാക്കാനുള്ള ശ്രമങ്ങളെ അവര്‍ തള്ളിക്കളഞ്ഞു എന്നു പറഞ്ഞാണ് ചൈനീസ് ദേശീയ മാധ്യയമായ ഗ്ലോബല്‍ ടൈംസ് ലീയുടെ മരണവാര്‍ഷിക ദിനത്തില്‍ വാര്‍ത്ത നല്‍കിയത്.

തുടക്കത്തില്‍ സര്‍ക്കാര്‍ ചെവി കൊടുത്തില്ലെങ്കിലും ലീയുടെ മുന്നറിയിപ്പിന് ഒരു പരിധി വരെ വുഹാന്‍ ജനത ചെവി കൊടുത്തിരുന്നു. ജി പെന്‍ഗുയ് എന്ന ചൈനീസ് ഡിസൈനര്‍ ലീയുടെ മുന്നറിയിപ്പ് കേട്ടാണ് മാസ്‌കുകളുടെ നിര്‍മാണം കൂട്ടാനും സ്റ്റോക്ക് ചെയ്യാനും തുടങ്ങിയത്. ആ സമയത്ത് ചൈനീസ് സര്‍ക്കാര്‍ കൊറോണ വൈറസിന്റെ വ്യാപന തീവ്രതയെ പറ്റി തുറന്നു പറഞ്ഞിട്ടില്ലായിരുന്നു.

 

Test User: