‘അഭിമാനകരമായ അസ്തിത്വം’ എന്ന മഹദ് സന്ദേശവുമായി മുക്കാല്‍ നൂറ്റാണ്ടുമുമ്പ് സ്വതന്ത്ര ഇന്ത്യയില്‍ പിറന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തന പന്ഥാവിലെ ചരിത്ര നേട്ടത്തിനാണ് കേരളമിപ്പോള്‍ ഒരിക്കല്‍കൂടി സാക്ഷ്യംവഹിച്ചിരിക്കുന്നത്. കേരള വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ നിയമഭേദഗതി പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ പ്രഖ്യാപനം മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം സ്വര്‍ണലിപികളില്‍ ചേര്‍ത്തുവെക്കാന്‍ പോന്നതാണ്. അത്രക്കും കഠിനവും വ്യാപകവും ഐതിഹാസികവുമായ പോരാട്ടത്തിനൊടുവിലാണ് ഇടതുപക്ഷ-കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമത്തില്‍നിന്ന് പിന്തിരിഞ്ഞോടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അതുകൊണ്ടുതന്നെ നീതിക്കും ഭരണഘടനക്കും മതേതരത്വത്തിനുംവേണ്ടി പോരാടുന്ന സകല മനുഷ്യര്‍ക്കുമുള്ള സന്ദശമാണ്. ഈ വിജയത്തില്‍ അത്യാഹ്ലാദിക്കുകയാണ് ഓരോ മുസ്‌ലിംലീഗ് പ്രവര്‍ത്തകനും സമുദായവും മതേതര വിശ്വാസികളുമിപ്പോള്‍.
വിശ്വാസപരമായി ‘ദൈവത്തിനുള്ള ദാനമായി’ ഗണിക്കപ്പടുന്നതാണ് വഖഫ് സ്വത്തുക്കള്‍. അതില്‍ കൈകടത്താന്‍ രാജ്യത്തെ ഭരണഘടനക്കും കോടതികള്‍ക്കുമല്ലാതെ മറ്റൊരു ശക്തിക്കുമാകില്ലെന്നിരിക്കെ എന്തുകൊണ്ടാണ് സ്വയംഭരണ സ്ഥാപനമായ കേരള വഖഫ്‌ബോര്‍ഡിലെ നിയമനങ്ങള്‍ പൊതുസ്ഥാപനമായ പി.എസ്.സിക്ക് വിട്ടതെന്നതിനുത്തരം ആ സ്വത്തുകൂടി കൈയ്യടക്കുകയെന്ന ലക്ഷ്യമല്ലാതെ യാതൊന്നുമായിരുന്നില്ല. രാജ്യത്ത് മുസ്‌ലിംകളെ അപരവല്‍കരിക്കുകയും അവരുടെ ജീവനും സ്വത്തും അപഹരിക്കുകയും ചെയ്യപ്പെടുന്ന പതിതകാലത്താണ് മതേതരമെന്നവകാശപ്പെടുന്ന സര്‍ക്കാര്‍ 1995ലെ കേന്ദ്ര വഖഫ്‌ബോര്‍ഡ് നിയമത്തില്‍ ഭേദഗതിയുമായി വെടക്കാക്കി തനിക്കാക്കാനായി ഇറങ്ങിപ്പുറപ്പെട്ടത്. 2021 നവംബര്‍ ഒന്‍പതിനാണ് നിയമസഭയില്‍ സര്‍ക്കാര്‍ പ്രതിപക്ഷ പ്രതിഷേധത്തെ തൃണവല്‍ഗണിച്ചുകൊണ്ട് ശബ്ദവോട്ടോടെ ഇതുസംബന്ധിച്ച നിയമം പാസാക്കിയെടുത്തത്. ഇതോടെ വഖഫ്‌നിയമനങ്ങളാകെ മാസങ്ങളായി സ്തംഭിക്കുന്ന നിലവന്നു. അന്നുമുതല്‍ നിയമത്തിനെതിരെ മുസ്‌ലിംലീഗടക്കമുള്ള സകല കോണുകളില്‍നിന്നും കടുത്ത ജനരോഷമാണ് ഉയര്‍ന്നത്. മാസങ്ങള്‍ക്കുമുമ്പ് സംസ്ഥാനത്തെ ദേവസ്വംബോര്‍ഡുകളിലെ പതിനായിരത്തിലധികം നിയമനങ്ങള്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴിലാക്കിയ അതേസര്‍ക്കാരാണ് 112 ജീവനക്കാര്‍ മാത്രമുള്ള വഖഫ് ബോര്‍ഡിലെ നിയമനം പുതിയ നിയമംവഴി പി.എസ്.സിക്ക് വിട്ടത്. ഇതുവഴി പരമ്പരാഗതമായും ഭരണഘടനാപരമായും മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ട തസ്തികകള്‍ ഇതര സമുദായാംഗങ്ങളിലേക്ക് പോകുമെന്നും ആയത് പള്ളികളിലും മറ്റും അന്യമതസ്ഥരും വിശ്വാസമില്ലാത്തവരും കയറുന്നതിന് ഇടവരുത്തുമെന്നുമുള്ള വാദമാണ് മുഖ്യമായും ഉയര്‍ന്നത്. മുസ്്‌ലിംലീഗ് പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടാണ് ഭേദഗതിയെന്ന കള്ളം ഭരണകക്ഷിക്കാര്‍ പ്രചരിപ്പിച്ചു. പള്ളികളില്‍ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന മുസ്‌ലിം സംഘടനകള്‍ തയാറായപ്പോള്‍ രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ മുസ്‌ലിംലീഗ് സംസ്ഥാനത്തെമ്പാടും വന്‍പ്രതിഷേധ അലയൊലി തീര്‍ത്തു. അഞ്ചു ദിവസംമുമ്പ് തീരുമാനിച്ച് 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണറാലിയില്‍ അഭൂതപൂര്‍വമായ ജനസഞ്ചയമാണ് പങ്കെടുത്തത്. അതില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് പേര്‍ക്കെതിരെ കേസെടുപ്പിച്ചു. വാസ്തവത്തില്‍ സമ്മേളനം തങ്ങളുടെ നിലനില്‍പുതന്നെ ചോദ്യംചെയ്യുമെന്ന തോന്നലാണ് ഭരണക്കാരില്‍ ഉയര്‍ത്തിവിട്ടത്. വൈകാതെ നടന്ന സി.പി.എം കണ്ണൂര്‍ ജില്ലാസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം എരിതീയില്‍ എണ്ണയൊഴിക്കുന്നതായി. ‘മുസ്‌ലിംലീഗ് തീവ്രവാദികളുമായി കൈകോര്‍ക്കുകയാണ്. അവര്‍ ആകുന്നത് ചെയ്‌തോട്ടെ. അവരെ ആര് പരിഗണിക്കുന്നു’ എന്നെല്ലാമായിരുന്നു ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ തിട്ടൂര ഭാഷ. ഇതിനിടെ മുസ്‌ലിം സംഘടനകളെ വിളിച്ചുകൂട്ടി നല്‍കിയ ഉറപ്പും സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം തുറന്നുകാട്ടുന്നതായി. റമസാന്‍ കാലത്ത് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട പ്രക്ഷോഭം തടരുകയാണെന്ന് കഴിഞ്ഞദിവസം എറണാകുളത്തുചേര്‍ന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചതോടെയാണ് നില്‍ക്കക്കള്ളിയില്ലാതെയുള്ള സര്‍ക്കാരിന്റെ പിന്നാക്കംപോക്ക്.
നിയമസഭാസമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടിലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമഭേഗദതി കൊണ്ടുവരുമെന്ന് അറിയിച്ചിരിക്കുന്നത്. ‘മുസ്‌ലിംലീഗിന്റെ സമരത്തെതുടര്‍ന്നാണ് ഇതര സംഘടനകള്‍ വിഷയം ഏറ്റെടുത്തതെ’ന്നു പറയുന്ന പിണറായിവിജയന്‍ സത്യത്തില്‍ മുസ്‌ലിംലീഗിനെ പരിഗണിക്കാതെ തരമില്ലെന്നാണ് വ്യംഗ്യമായി സ്ഥാപിച്ചിരിക്കുന്നത്. ജീവന്മരണ പ്രക്ഷോഭങ്ങളിലൂടെ മോദി സര്‍ക്കാരിന്റെ കരിനിയമങ്ങളെ പിന്‍വലിപ്പിക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് കഴിഞ്ഞതിന് തുല്യമാണിത്. മുസ്‌ലിംലീഗിന്റെ 1980ലെ ‘ഭാഷാസമര’ത്തിന് സമാനമായ ഐതിഹാസിക വിജയവും. ധാര്‍ഷ്ട്യം മാറ്റിവെച്ച് ബോര്‍ഡിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുതകുന്ന കുറ്റമറ്റ സംവിധാനമുണ്ടാക്കാനായി ബന്ധപ്പെട്ട എല്ലാവരുമായും സംസാരിക്കുകയാണ് സര്‍ക്കാരിനി ചെയ്യേണ്ടത്. ഇസ്‌ലാമിക ശരീഅത്തായിരിക്കണം അതിന്റെ അടിസ്ഥാന മാനദണ്ഡം.