ഇന്ത്യയുടെ ഇതിഹാസ ബോക്‌സറും മുന്‍ ഒളിമ്പ്യനുമായിരുന്ന കൗര്‍ സിങ് അന്തരിച്ചു. വ്യാഴായ്ച രാവിലെ ഹരിയാന കുരുക്ഷേത്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
സൈനിക സേവനത്തിനിടെയാണ് ശ്രദ്ധ ബോക്‌സിങ്ങില്‍ പതിയുന്നത്. 1979ല്‍ സീനിയര്‍ നാഷണല്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ സ്വര്‍ണമണിഞ്ഞ കൗര്‍ സിങ് പിന്നീട് 1983 വരെ തുടര്‍ച്ചയായി നാല് വര്‍ഷവും ജേതാവായി. 1982ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതോടെ അദ്ദേഹം ഹീറോയായി. 1982ല്‍ അര്‍ജുന അവാര്‍ഡും 1983ല്‍ പത്മശ്രീയും ലഭിച്ചു.
അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുമായി കൗര്‍ സിങ് മത്സരിച്ചിട്ടുണ്ട്. 1980ല്‍ നടന്ന പ്രദര്‍ശന മത്സരത്തിലായിരുന്നു മുഹമ്മദ് അലി-കൗര്‍ സിങ് പോരാട്ടം. മുഹമ്മദ് അലിയെ നേരിട്ട ഏക ഇന്ത്യന്‍ ബോക്‌സറെന്ന നേട്ടവും കൗര്‍ സിങിന് സ്വന്തമാണ്.
1984ല്‍ ബോക്‌സിങ് മതിയാക്കിയ അദ്ദേഹം 1994ല്‍ സൈന്യത്തില്‍ നിന്നും വിരമിച്ചു. 2020 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിശേധിച്ച കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൗര്‍ സിങ് തന്റെ പത്മശ്രീ, അര്‍ജുന അവാര്‍ഡ് തിരികെ നല്‍കിയിരുന്നു.