X

ഇലക്ടറല്‍ ബോണ്ടിന്റെ നിയമസാധുത; അഞ്ചംഗ ബെഞ്ച് നാളെ വാദം കേള്‍ക്കല്‍ തുടങ്ങും

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചയ്തുള്ള ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ വാദം കേള്‍ക്കല്‍ തുടങ്ങും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, ജെ.ബി പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച നാലു ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഇലക്ടറല്‍ ബോണ്ടിന്റെ സുതാര്യതയാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ചോദ്യം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനകളില്‍ സുതാര്യത ഉറപ്പു വരുത്താനെന്ന പേരിലാണ് മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പാക്കിയത്. ഇതു പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന പണമായി നല്‍കുന്നതിനു പകരം ബോണ്ടുകള്‍ വഴി നല്‍കുന്നതാണ് സംവിധാനം.
ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികള്‍ക്ക് കൂട്ടായോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബോണ്ടുകള്‍ എത്ര വേണമെങ്കിലും വാങ്ങിക്കാമെന്നാണ് ഇതില്‍ പറയുന്നത്. വാങ്ങുന്ന ആളുടെ വിവരങ്ങള്‍ സ്വകാര്യമാക്കി വെക്കാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്.
ഇത്തരമൊരു വ്യവസ്ഥ അഴിമതി പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ഹര്‍ജിക്കാരായ സര്‍ക്കാറിതര സംഘടന അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആര്‍) വാദം. എ.ഡി. ആറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

webdesk11: