കൊച്ചി: കൃത്രിമം കാണിച്ച് കച്ചവടം ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് ലീഗല്‍ മെട്രോളജി വകുപ്പ്. നിര്‍ദേശങ്ങള്‍ പാലിക്കാതെ കച്ചവടം ചെയ്ത 279 വ്യാപാരസ്ഥാപനങ്ങള്ക്കെതിരെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തത്. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിയമ ലംഘനം കണ്ടെത്തിയ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് 4,67,500 രൂപ പിഴ ഈടാക്കി. ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക് ഉപകരണ വില്പന കേന്ദ്രങ്ങള്‍ തുടങ്ങിയ 12 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
മുദ്രപതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉല്പന്നം പായ്ക്ക് ചെയ്യുന്ന തീയതി, ഉല്പന്നത്തിന്റെ തൂക്കം, പരാമാവധി വില്പന വില എന്നിവ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്പന നടത്തുക, എം.ആര്.പിയേക്കാള്‍ അധിക തുക ഈടാക്കുക, എം.ആര്.പി തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.