മാനദണ്ഡങ്ങൾ പാലിക്കാതെ വാർഡ് വിഭജനത്തിന് ഇറങ്ങിപ്പുറപ്പെട്ട സർക്കാറിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് മുസ്ലിംലീഗ് പാർലമെൻററി പാർട്ടി ഉപ നേതാവും മുൻ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ ഡോ.എം.കെ.മുനീർ പ്രസ്താവിച്ചു. നിയമസഭയിൽ ചർച്ച ചെയ്യാതെയാണ് വാർഡ് വിഭജനത്തിന് വേണ്ടി സർക്കാർ നിയമഭേദഗതി നടത്തിയത്. ഇത് മൂലമാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2011ലെ സെൻസസിൻറെ അടിസ്ഥാനത്തിൽ ഒരു തവണ വാർഡ് വിഭജനം നടത്തിയ 27 തദ്ദേശസ്ഥാപനങ്ങളിൽ അതേ സെൻസസിൻറെ അടിസ്ഥാനത്തിൽ വീണ്ടും വാർഡ് വിഭജനം നടത്തുന്നതിനെയാണ് കോടതിയിൽ ചോദ്യം ചെയ്തത്. ഇക്കാര്യത്തിൽ കോടതിയെ സമീപിച്ച തദ്ദേശസ്ഥാപനങ്ങളിലെ വിഭജനം കോടതി റദ്ദാക്കിയിട്ടുണ്ട്. സമാന സാഹചര്യമുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് കൂടി വിധി ബാധകമാക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ഇടപെടൽ നടത്തും.
വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്ത 63 തദ്ദേശസ്ഥാപനങ്ങളിൽ വാർഡിൻറെ അതിരുകൾ പുനർനിർണ്ണയിക്കുന്നത് എന്തിന് വേണ്ടിയാണ് എന്ന് സർക്കാർ വ്യക്തമാക്കണം. വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കണമെന്നാണ് ജനകീയ ആവശ്യം. അധികാര വി കേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിലെ ജനസംഖ്യ തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിനും ഇത് അനിവാര്യമാണ്.
എന്നാൽ ഈ ആവശ്യം പൂർണമായും തിരസ്‌കരിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇതിനെതിരെയും കോടതിയെ സമീപിച്ചിട്ടുണ്ട്. അന്തിമ വിജ്ഞാപനത്തിലും മാറ്റമില്ലെങ്കിൽ ഇക്കാര്യത്തിലും കോടതിയെ സമീപിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, എൽ ജി എം എൽ ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ സംബന്ധിച്ചു.