X

സ്വപ്നയുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ നിയമ നടപടി സ്വീകരിക്കട്ടെ: വി.ഡി സതീശന്‍

സ്വപ്നയുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ നിയമ നടപടി സ്വീകരിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ പേരും നേരത്തെ പുറത്ത് വന്നിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും എ.ഡി.ജി.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ പൊലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയത്. നിലവിലെ വെളിപ്പെടുത്തലില്‍ പ്രാഥമികമായി സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല. അവരുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കട്ടേ. എത്രയോ വെളിപ്പെടുത്തലുകളുണ്ടായി. എന്നിട്ടും നിയമ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്. നിയമനടപടി സ്വീകരിച്ചാല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയമാണ്. ഷാജ് കിരണിനെ ഉപയോഗിച്ച് സര്‍ക്കാരും പൊലീസും സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും ജയിലിലാകുകയും അഡീഷണല്‍ പി.എസിനെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ കാര്യം സംസാരിക്കാന്‍ പോയെന്നു പറയുന്നത് വിശ്വസനീയമല്ല. സാമാന്യം ബുദ്ധിയെ വെല്ലുവിളിക്കലാണ്. വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും എം.വി ഗോവിന്ദനുമാണ് മറുപടി പറയേണ്ടത്. ആരോപണം തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കണം. നേരത്തെ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മാനനഷ്ട നോട്ടീസ് പോലും അയച്ചില്ല. അതിന് പകരം സ്വപ്നയെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. വിജേഷ് പിള്ളയുമായി ഒരു ബന്ധവും ഇല്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരാണ്. എം.വി ഗോവിന്ദനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് മാധ്യമങ്ങളും അന്വേഷിക്കട്ടേ. പണ്ട് സി.ഡി കണ്ടെത്താന്‍ നിങ്ങളും കോയമ്പത്തൂരിലേക്ക് പോയവരല്ലേ അ്‌ദ്ദേഹം കൂട്ടിചേര്‍ത്തു.

webdesk11: