തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയനിഴലിലായിരിക്കെ സി.പി.എമ്മിലും എല്‍.ഡി.എഫിലും അസാധാരണ രാഷ്ട്രീയ പ്രതിസന്ധി. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലില്‍ പതറിയ പിണറായി, പതിവു മറുപടി കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇടതുമുന്നണിയുടെ ആഭ്യന്തരരാഷ്ട്രീയത്തിലും വലിയ ചര്‍ച്ചകള്‍ക്കാണ് വിവാദം വഴിതുറക്കുന്നത്. ഇതോടെ പിണറായിയെ ന്യായീകരിക്കാന്‍ സി.പി.എമ്മും എല്‍.ഡി.എഫ് കണ്‍വീനര്‍ എം.വി ജയരാജനും രംഗത്തെത്തി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇതാദ്യമായി ഇത്ര ഗുരുതരമായ ആരോപണം നേരിടുമ്പോള്‍ കാടടച്ച് വെടിവെക്കലല്ല വേണ്ടതെന്നും തെറ്റുകാരനല്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കണമെന്നും പാര്‍ട്ടിയിലെയും മുന്നണിയിലെയും ഒരുവിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
എന്നാല്‍ പരസ്യമായി പിണറായിയെ പിന്തുണക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നിരിക്കെ മുഖ്യമന്ത്രിക്കു വേണ്ടി മുണ്ടുമുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. വിവാദത്തെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമ്പോള്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ് സി.പി.എം. ഇതിനിടെ 27ന് നിയമസഭാ സമ്മേളനം കൂടി ചേരാനിരിക്കെ ഭരണബെഞ്ചിനുമേല്‍ കൂരമ്പുകള്‍ പതിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ അതിനുമുന്‍പുതന്നെ പരമാവധി പ്രതിരോധം തീര്‍ക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.
കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ വീണ്ടും പ്രചരിപ്പിക്കുകയാണെന്നും കഴമ്പില്ലെന്ന് കണ്ടെത്തിയ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും പറഞ്ഞാണ് മുഖ്യമന്ത്രിക്ക് സി.പി.എം കവചമൊരുക്കുന്നത്. നട്ടാല്‍ മുളക്കാത്ത നുണകളെ വീണ്ടും നനച്ച് വളര്‍ത്താനാണ് ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് കേരളീയ സമൂഹം പുച്ഛിച്ച് തള്ളുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കി.
ആരോപണം ബോധപൂര്‍വ്വം കെട്ടിചമച്ചതാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് എല്‍.ഡി.എഫ് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിക്കെതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചു.
അതേസമയം അന്വേഷണത്തെ അന്വേഷണം കൊണ്ടുതന്നെ നേരിടുന്ന ശൈലിയാണ് സര്‍ക്കാര്‍ പുറത്തെടുത്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തിലൂടെയുള്ള തിരിച്ചടിയാണ് പിണറായിയുടെ ആയുധം. ഇതിന്റെ ഭാഗമായാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുന്‍ മന്ത്രി കെ.ടി ജലീല്‍ പൊലീസിന് പരാതി നല്‍കിയതും ഇന്നലെ നാടകീയമായി സരിത്തിനെ വിജിലന്‍സ് കൊണ്ടുപോയതും.