X

ഇടത് രാഷ്ട്രീയവും ചില അവഹേളന കഥകളും

വാസുദേവന്‍ കുപ്പാട്ട്

സ്വന്തം വകുപ്പുകള്‍ക്ക്പുറമെ മറ്റു വകുപ്പുകളും നന്നാക്കാനിറങ്ങുന്ന ഒരു മന്ത്രിയുണ്ട് പിണറായി വിജയന്‍ മന്ത്രിസഭയില്‍. അത് മറ്റാരുമല്ല, അഡ്വ. പി.എ മുഹമ്മദ് റിയാസ് തന്നെ. പൊതുമരാമത്ത് വകുപ്പ് ഒരു വഴിക്കായി എന്നാണ് ജനസംസാരം. റോഡില്‍ കുഴികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. എന്നാല്‍, മരാമത്തും ടൂറിസവും എന്തായാലും കെ.എസ്ആര്‍.ടി.സി നന്നാക്കണമെന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ആന്റണി രാജു അറിഞ്ഞും അറിയാതെയും റിയാസ് മന്ത്രി അവിടെയും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയാണ്. ശശീന്ദ്രന്‍ മിനിസ്റ്റര്‍ സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെപോയ കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ പുഷ്പം പോലെയല്ലെ മന്ത്രി റിയാസ് കരാറിന് കൊടുത്തത്.

നാളിതുവരെ വില്ലു കണ്ട കാക്കയെ പോലെ കരാറുകാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയില്‍ ടെണ്ടര്‍ നടക്കാതെപോയി. റിയാസ് മന്ത്രി ഇടപെട്ടതോടെ കരാര്‍ കമ്പനിക്കാര്‍ ഓടിവന്നു. കരാര്‍ ഉറപ്പിച്ചു. മന്ത്രി ആന്റണി രാജു ഇതുമായി ബന്ധപ്പെട്ട് ഒരു ഉദ്ഘാടനവും നടത്തി. ദോഷം പറയരുതല്ലോ സ്‌ക്വയര്‍ ഫീറ്റിന് 1000 രൂപ കിട്ടുന്നിടത്ത് കേവലം 13 രൂപക്കാണ് കരാര്‍ ഉറപ്പിച്ചത്. ഇതിന്റെ പിന്നില്‍ അഴിമതിയുണ്ടെന്നൊക്കെ ദോഷൈകദൃക്കുകള്‍ പറയുന്നുണ്ട്. അവര്‍ തോന്നും പോലെ പറയട്ടെ. അല്ലാതെന്ത്!

കരാര്‍ കമ്പനിയെ കെ.എസ്.ആര്‍.ടി.സിയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന മന്ത്രി റിയാസിന് പക്ഷേ, എം.എല്‍.എമാര്‍ പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍മാരെ കൈപിടിച്ചു സെക്രട്ടറിയേറ്റും മന്ത്രിമാരുടെ ഓഫീസും കയറിയിറങ്ങുന്നതില്‍ വലിയ അഭിപ്രായമില്ല. അത് അഴിമതിക്ക് ഇട നല്‍കുമെന്നാണ് പുതിയ കണ്ടുപിടിത്തം. ഏതായാലും കോണ്‍ട്രാക്ടര്‍ എം.എല്‍.എ ബാന്ധവത്തെപ്പറ്റി മന്ത്രി റിയാസ് പറഞ്ഞത് തന്നെ പറ്റിയാണെന്ന് എ.എന്‍ ഷംസീര്‍ ഉറപ്പിക്കുന്നു. അതിനെചൊല്ലിയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ വിവാദം പുകയുന്നത്. തലശേരിയില്‍ രണ്ടാംവട്ടം എം. എല്‍.എ ആയ ഷംസീറിന് ഇപ്പോള്‍ കഷ്ടകാലമാണ്. ന്യൂനപക്ഷ പ്രതിനിധിയായി രണ്ടാം പിണറായി മന്ത്രിസഭയില്‍ സ്ഥാനം പ്രതീക്ഷിച്ചതായിരുന്നു. അപ്പോഴാണ് ജൂണിയര്‍ ആയ മുഹമ്മദ് റിയാസിന് നറുക്ക് വീണത്. മുഖ്യമന്ത്രിയുടെ മരുമകന്‍ ആയതോടെ റിയാസിന് പാര്‍ട്ടിയില്‍ അല്ലറ ചില്ലറ ആനുകൂല്യങ്ങള്‍ കിട്ടുകയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷംസീര്‍ സീനിയര്‍ നേതാവാണ്. പലതരം കച്ചവടങ്ങള്‍ ഉണ്ടെങ്കിലും വായ തുറന്നാല്‍ പിണറായിയെയും പാര്‍ട്ടിയെയും ന്യായീകരിച്ച് മാത്രമെ സംസാരിക്കാറുള്ളു. എന്നിട്ടെന്ത്? കാര്യമടുത്തപ്പോള്‍ അമ്മായിയപ്പനും മരുമകനും ഒന്നായി. പാവം ഷംസീര്‍ പുറത്ത്! ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളൊന്നും വഹിക്കാത്ത റിയാസ് ദേശീയ പ്രസിഡണ്ടായി. അതുകൊണ്ട് അവസാനിച്ചില്ല. മന്ത്രിസ്ഥാനവും റിയാസിന് തന്നെ കൊടുത്തു. ഷംസീര്‍ ഇനിയെന്തു ചെയ്യും? കിട്ടാത്ത മുന്തിരി പുളിക്കും എന്നൊന്നും പറയുന്നില്ല. മുന്തിരിഎന്നെങ്കിലും കിട്ടും എന്നേ പ്രതീക്ഷിക്കാനുള്ളു. എം.എല്‍.എ പണിയും മറ്റു ചെറിയ ബിസിനസുകളും നടത്തി ജീവിച്ചുപോകുമ്പോഴാണ് മന്ത്രി റിയാസ് അടുത്ത വെടിപൊട്ടിച്ചത്. എം. എല്‍.എമാര്‍ കരാറുകാര്‍ക്കുള്ള വക്കാലത്തുമായി മന്ത്രിമന്ദിരങ്ങളില്‍ നിരങ്ങരുത് എന്നാണ് ഉത്തരവ്.

ഇതെന്താ വെള്ളരിക്കാപട്ടണമോ എന്നാണ് ഷംസീര്‍ ചോദിക്കുന്നത്. എം.എല്‍. എമാര്‍ പിന്നെ എന്തുചെയ്യും. പാവപ്പെട്ട കോണ്‍ട്രാക്ടര്‍മാരെ അങ്ങനെ ഉപേക്ഷിക്കാന്‍ പറ്റുമോ? കരാറുകാര്‍ കൂടുതല്‍ തുകക്ക് എസ്റ്റിമേറ്റ് തയാറാക്കുന്നുവെന്നും അത് നേടിയെടുക്കാന്‍ എം.എല്‍. എമാരെ സ്വാധീനിക്കുന്നുവെന്നുമാണ് റിയാസിന്റെ പരാതി. എം.എല്‍.എമാര്‍ ഏതായാലും ഈ പണിക്ക് നില്‍ക്കരുത് എന്നാണ് റിയാസ് ഉറപ്പിച്ചു പറയുന്നത്. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഷംസീര്‍ എം. എല്‍.എയുടെ കാലിനടിയിലെ മണ്ണാണ് ഒലിച്ചുപോയത്. കോണ്‍ട്രാക്ടറുടെ കക്ഷത്തിലുള്ള ബാഗിലായിരുന്നു എല്ലാ പ്രതീക്ഷയും അതിനി വേണ്ട എന്നാണ് മന്ത്രി പറയുന്നത്.

ഇതിന്റെ പേരില്‍ പാര്‍ട്ടിയുമായി യുദ്ധത്തിന് പോകുന്നത് മലയോട് ഏറ്റുമുട്ടുന്നത് പോലെയാകുമെന്ന് ഷംസീറിന് അറിയാം. അതുകൊണ്ട് പാര്‍ട്ടി വേദികളില്‍ ചില്ലറ പ്രതിഷേധമൊക്കെ നടത്തി. പക്ഷേ എന്തുഫലം? പാര്‍ട്ടി ഷംസീറിനെ കൈവിട്ടു. സംസ്ഥാന ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവന്‍ റിയാസിനെ പിന്തുണച്ചു രംഗത്ത് വന്നു. മുന്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സംസ്ഥാന കമ്മിറ്റിയില്‍ റിയാസിന്റെ കൂടെ നില്‍ക്കുകയായിരുന്നു. അതോടെ ഷംസീറിന് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി.

മുഹമ്മദ് റിയാസ് കോഴിക്കോട്ട് എം.കെ രാഘവനോട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റ നേതാവാണ്. 2014ല്‍ ഷംസീര്‍ വടകരയില്‍ മുല്ലപ്പള്ളിയോടും തോറ്റു. റിയാസിന്റെ തോല്‍വിക്ക്പിന്നില്‍ പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നുവെന്ന് പറയപ്പെട്ടിരുന്നു. ഷംസീറിന്റെ തോല്‍വിക്ക് കാരണം കോഴിക്കോട്ടെ നേതൃത്വമാണെന്ന ന്യായമാണ് ഉയര്‍ത്തിയിരുന്നത്. ഏതായാലും പാര്‍ട്ടിയില്‍ ന്യൂനപക്ഷ പ്രതിനിധി എന്ന നിലയില്‍ കിട്ടേണ്ട ആനുകൂല്യങ്ങള്‍ റിയാസ് തട്ടിയെടുത്തതിന്റെ വിഷമത്തിലാണ് ഷംസീര്‍. കോടിയേരിയുടെ ആശ്രിതവത്സലനായ ഷംസീര്‍ ഏതായാലും അടങ്ങിയിരിക്കില്ല. തന്നെ അവഹേളിച്ചവരോട് കാലം ചോദിക്കുമെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. വെള്ളം എന്ന സിനിമയിലെ ഒരു ഡയലോഗ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഉദ്ധരിക്കുന്നു: ‘ഇന്‍സള്‍ട്ട് ആണ് മുരളി ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്’

ഇത് മുഹമ്മദ് റിയാസിനെയും പാര്‍ട്ടി നേതൃത്വത്തെയും ഉദ്ദേശിച്ചാണോ എന്നൊന്നും ചോദിക്കരുത്. ഏതായാലും അവഹേളനം ഉണ്ടായിരിക്കുന്നു. താന്‍ അത് അനുഭവിച്ചു. പാര്‍ട്ടിക്കുവേണ്ടി ഇത്രയധികം വെള്ളം കോരിയിട്ടും രക്ഷയുണ്ടായില്ല. ഇങ്ങനെയാണെങ്കില്‍ മാറി ചിന്തിക്കേണ്ടിവരും എന്നാണ് ഷംസീര്‍ നല്‍കുന്ന സന്ദേശം. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി യോഗം അടുത്ത ആഴ്ച ഡല്‍ഹിയില്‍ നടക്കുകയാണ്. യോഗത്തില്‍ മന്ത്രി റിയാസ് ദേശീയ പ്രസിഡണ്ട് സ്ഥാനം ഒഴിയുമെന്നാണ് കരുതുന്നത്. അങ്ങനെ വരുമ്പോള്‍ എന്തെങ്കിലും സാധ്യത ഉണ്ടാവുമോ എന്നാണ് ഷംസീര്‍ ഉറ്റുനോക്കുന്നത്. അഴിച്ചുപണിയിലൂടെ നേതാക്കളുടെ ഇടയിലുള്ള ഭിന്നത ഒഴിവാക്കാന്‍ കഴിയുമോ എന്ന് പാര്‍ട്ടിയും പരിശോധിച്ചേക്കും.

ഏതായാലും കട്ടക്കു നില്‍ക്കുന്ന രണ്ടു നേതാക്കള്‍ പരസ്പരം വാളെടുത്തതോടെ ഡി. വൈ.എഫ്.ഐ അണികള്‍ ആശയക്കുഴപ്പത്തിലാണ്. ആരെ സ്വീകരിക്കണം, ആരെ തള്ളണം എന്ന് അറിയുന്നില്ല. മിസ്റ്റര്‍ മരുമകനെ തള്ളാന്‍ പാര്‍ട്ടി നേതൃത്വം തയാറായല്ല എന്നാണ് സൂചന. കന്നി എം.എല്‍.എയായപ്പോള്‍ തന്നെ മന്ത്രിസ്ഥാനം ഏല്‍പിച്ചു നല്‍കിയ റിയാസിന് ഇനിയും പിന്തുണ ഏറാനാണ് സാധ്യത. പിണറായിയുടെ വഴി പിന്തുടരുന്നതിന്റെ ഭാഗമാണത്രെ എം.എല്‍.എമാരുടെ കോണ്‍ട്രാക്ടര്‍ ബന്ധത്തെപ്പറ്റിയുള്ള പ്രസ്താവന. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതാവുമോ എന്നാണ് ജനം ചോദിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ ഒരുങ്ങുമ്പോള്‍ യുവനേതാക്കളുടെ ഭിന്നാഭിപ്രായം ഏതായാലും വരുംനാളുകളില്‍ പാര്‍ട്ടിയില്‍ പുതിയ വിഭാഗീയതക്ക് വഴിമരുന്നിടും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

 

 

 

Test User: