പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുകക്ഷികളായ സിപിഎമ്മും സിപിഐയും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ ഒന്നിച്ചു മത്സരിക്കും. 243 സീറ്റില്‍ മുപ്പതോളം സീറ്റുകളാണ് ഇടതു കക്ഷികള്‍ക്കായി നീക്കി വച്ചിട്ടുള്ളത്. മറ്റൊരു ഇടതു പാര്‍ട്ടിയായ സിപിഐ (എംഎല്‍) സ്വന്തം നിലയില്‍ 30 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദളാണ് (ആര്‍ജെഡി) മഹാസഖ്യത്തിന് നേതൃത്വം നല്‍കുന്നത്.
പ്രാഥമിക ധാരണ പ്രകാരം ആര്‍ജെഡി 145 സീറ്റിലാണ് മത്സരിക്കുക. കോണ്‍ഗ്രസ് എഴുപതിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. മത്സരം നടക്കുന്ന ഏക ലോക്‌സഭാ സീറ്റായ ബാല്‍മീകി നഗറിനു വേണ്ടി കോണ്‍ഗ്രസും ആര്‍ജെഡിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കിയാല്‍ നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച ഏക പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണ്. നാല്‍പ്പതില്‍ 39 സീറ്റും ബിജെപി നേടിയപ്പോള്‍ കിഷന്‍ഗഞ്ച് സീറ്റില്‍ വിജയിച്ചു. കഴിഞ്ഞ തവണ ജെഡിയു കൂടി ഉള്‍പ്പെട്ട മഹാസഖ്യത്തില്‍ അങ്കത്തിനിറങ്ങിയ ആര്‍ജെഡിയും കോണ്‍ഗ്രസും യഥാക്രമം 101, 41 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്.
മഹാസഖ്യത്തിന്റെ സീറ്റുവിജഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 71 സീറ്റിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ സിപിഐ 91 സീറ്റിലാണ് മത്സരിച്ചത്. 3.82 ശതമാനം വോട്ടുനേടി. 38 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് കിട്ടിയത് 3.32 ശതമാനം വോട്ട്. രണ്ടു പാര്‍ട്ടികള്‍ക്കും വിജയിക്കാനായിരുന്നില്ല. എന്നാല്‍ 98 ഇടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സിപിഐ (എംഎല്‍) മൂന്നു മണ്ഡലങ്ങളില്‍ ജയിച്ചിരുന്നു. മറ്റു ഇടതു പാര്‍ട്ടികളായ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) പത്തിടത്തും ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക് എ്ട്ടിടത്തും മത്സരിച്ചിരുന്നു.
അതിനിടെ, എന്‍ഡിഎയിലെ സീറ്റു വിഭജനത്തില്‍ ചിരാഗ് പാസ്വാന്റെ എല്‍ജെപി ഇടഞ്ഞത് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. പാസ്വാനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി നേതാക്കളായ അമിത് ഷായും ജെപി നദ്ദയും ഇന്ന് പാസ്വാനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് തിയ്യതികളില്‍ മൂന്നു ഘട്ടമായാണ് ബിഹാര്‍ തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.