കൊച്ചി: വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെ എന്ന തരത്തില്‍ ചില എംഎല്‍എമാര്‍ വാദഗതികള്‍ ഉന്നയിക്കുന്നത് അവര്‍ക്ക് ശാസ്ത്രീയമായുള്ള ധാരണയുടെ കുറവു മൂലമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം പ്രളയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഇടതുപക്ഷ എംഎല്‍എമാരായ പി.വി അന്‍വര്‍, എസ്.രാജേന്ദ്രന്‍, തോമസ് ചാണ്ടി തുടങ്ങിയവര്‍ നടത്തിയ പരാമര്‍ശം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ ചോദ്യം ചോദിക്കുന്നവരുടെ ശാസ്ത്രീയ ബോധം എത്രത്തോളമുണ്ട് എന്ന് ജനങ്ങള്‍ കണക്കാക്കും എന്നല്ലാതെ താനതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കാനം പറഞ്ഞു.പരിസ്ഥിതി നയം സംസ്ഥാനത്ത് ആവശ്യമല്ലേയെന്ന ചോദ്യത്തിന് അത്തരത്തില്‍ ഒരു നയം വേണമെന്നത് സംബന്ധിച്ച് എല്ലാവരും ഒരു പോലെ ചിന്തിക്കുമോ എന്നായിരുന്നു കാനത്തിന്റെ മറുചോദ്യം. അത്തരത്തില്‍ നമ്മള്‍ക്ക് ആരെയും നിര്‍ബന്ധിക്കാന്‍ പറ്റില്ല. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ പ്രത്യേകിച്ച് മാര്‍ക്സും ഏംഗല്‍സും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്.
പ്രളയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിയമ സഭാ സമ്മേളനത്തില്‍ ചില എംഎല്‍മാര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലല്ലോയെന്ന ചോദ്യത്തിന് 140 എംഎല്‍എമാരും സംസാരിക്കുന്ന ഒരു സഭാ സമ്മേളനവും ഉണ്ടായിട്ടില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. അതാത് പാര്‍ട്ടികളാണ് ആരൊക്കെ സംസാരിക്കണമെന്ന്് തീരുമാനിക്കുന്നതെന്നും അതനുസരിച്ച് അവര്‍ സംസാരിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.