കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാതെ കേവലം പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്ന ഇടത് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ തടഞ്ഞുവെക്കുകയാണെന്നും പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തിലെ ബജറ്റില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച അതെ തുക തന്നെ ഈ വര്‍ഷവും ധനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ തവണ തുക പ്രഖ്യാപിച്ച ശേഷം അപേക്ഷ ക്ഷണിക്കുക പോലും ചെയ്തിരുന്നില്ല. സ്‌കോളര്‍ഷിപ്പിന് പുറമെ ന്യൂനപക്ഷ ക്ഷേമത്തിനായി കഴിഞ്ഞ വര്‍ഷം വകയിരുത്തിയ തുകയില്‍ 75 ശതമാനവും ചെലവഴിച്ചിരുന്നില്ല. അദേഹം വ്യക്തമാക്കി.
സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാത്തതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഒന്ന് പരിഗണിക്കാന്‍ പോലും തയ്യാറായില്ലെന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പുകളുടെ വിതരണം മുറക്ക് നടക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.