കര്‍ഷകര്‍ ഏറ്റവും വലിയ കഷ്ടപ്പാട് നേരിടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ആറു വര്‍ഷം മുമ്പ് കര്‍ഷകര്‍ അനുഭവിച്ചിരുന്ന, യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അനുവദിച്ചു തന്ന നേട്ടങ്ങള്‍ പോലും ഓരോന്നായി പിന്‍വലിച്ചുകൊണ്ടിരിക്കുന്ന ഭരണമാണ് ഇപ്പോള്‍.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞ് വരികയും, നിത്യോപയോഗ സാധനങ്ങള്‍ക്ക് വില ക്രമാതീതമായി ഉയര്‍ന്ന് വരികയും ചെയ്യുന്നു എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. സര്‍ക്കാരിന്റെ ബധിര കര്‍ണ്ണങ്ങളില്‍ സ്വതന്ത്ര കര്‍ഷക സംഘം തന്നെ പല ആവര്‍ത്തി കാര്‍ഷിക പ്രശ്‌നങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തിയിട്ടും അവര്‍ക്കത് ഉള്‍ക്കൊള്ളാനോ അതിനനുസരിച്ച് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനോ സാധിച്ചിട്ടില്ല. ഇടതുപക്ഷം കര്‍ഷകര്‍ക്ക് കൊടുത്ത വലിയ വാഗ്ദാനമാണ് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ അതിന്റെ ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി വില നല്‍കി സംഭരിക്കാന്‍ സംവിധാനമുണ്ടാക്കുമെന്ന്.
നാളികേര സംഭരണം 2012ല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ആരംഭിച്ചപ്പോള്‍ എല്ലാ പഞ്ചായത്തിലും സംഭരണം ആരംഭിക്കണം എന്ന് പറഞ്ഞു സമരം നടത്തിയവരാണ് ഇടതുമുന്നണി. എന്നാല്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മൂന്നിലൊന്ന് പഞ്ചായത്തുകളില്‍ അഥവാ 292 കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന കൃഷിഭവന്‍ മുഖേന നടന്നിരുന്ന സംഭരണം അവതാളത്തിലാക്കി, നിര്‍ത്തി.
മറ്റു ഏജന്‍സികളെ കണ്ടെത്തുമെന്ന് പറഞ്ഞിട്ട് ആ ഗവണ്‍മെന്റിന്റെ കാലം കഴിഞ്ഞു, പുതിയ സര്‍ക്കാര്‍ വന്നു ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ പോകുന്നു. ഇനിയും നാളികേര സംഭരണം കൃത്യമായി തുടങ്ങാന്‍ സര്‍ക്കാരിനായിട്ടില്ല. ഇത് സംബന്ധിച്ച് ഞാന്‍ നിയമസഭയില്‍ ഇടപെട്ടു. മന്ത്രി പ്രത്യേക മീറ്റിങ് ഇതുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ക്കുകയുണ്ടായി. മൂന്നുമാസം മുമ്പ് കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് സംഭരണം ആരംഭിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തും, തൃശൂരിലും, മലപ്പുറം ജില്ലയിലെ പൊന്നാനിയിലും. അതിനെതിരായി പ്രതിഷേധിച്ച് വീണ്ടും സഭയില്‍ ചോദ്യമുന്നയിച്ചപ്പോള്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞുവെങ്കിലും സംഭരണകേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ചില്ല. പിന്നീട് രണ്ടു മാസങ്ങള്‍ക്ക് മുമ്പെ രണ്ടു കേന്ദ്രങ്ങള്‍കൂടി പ്രഖ്യാപിച്ചു. കൊല്ലത്തും കോഴിക്കോട്ടും. കാസര്‍കോട്ടെ കര്‍ഷകര്‍ കോഴിക്കോട് കൊണ്ടുപോയി വില്‍ക്കണമെന്ന് സാരം.
മലപ്പുറം ജില്ലയില്‍ വഴിക്കടവിലുള്ളവര്‍ പൊന്നാനിയില്‍ കൊണ്ടുപോയി വില്‍ക്കണം. തിരുവനന്തപുരത്തുകാര്‍ കൊല്ലത്തും, കൊല്ലത്തിനും തൃശൂരിനും ഇടയിലുള്ള ആളുകള്‍ ഈ രണ്ടാലൊരു ജില്ലയില്‍ കൊണ്ടുപോയി വില്‍ക്കണമെന്നതാണ് അവസ്ഥ. ഇതിന്റെ ട്രാന്‍സ്‌പോര്‍ട്ടിങ്ങ് ചെലവ് നികത്താന്‍ കര്‍ഷകര്‍ എന്തുചെയ്യും. 82 ശതമാനവും നാമമാത്ര പരിമിത കര്‍ഷകരാണ്. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതായിരിക്കണം സര്‍ക്കാരിന്റെ പദ്ധതികള്‍. വലിയ സമ്പന്ന ലോബിക്ക് സൗകര്യങ്ങള്‍ ലഭിക്കുന്ന കോര്‍പറേറ്റ് അനുകൂല നയങ്ങളല്ല സ്വീകരിക്കേണ്ടത്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മൂന്ന് പഞ്ചായത്തിനെ കേന്ദ്രീകരിച്ച് ഒരിടത്ത് തുടങ്ങിയപ്പോള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയും അത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്നും പറഞ്ഞവരാണ് മൂന്നും നാലും ജില്ലകള്‍ക്ക് ഒരു കേന്ദ്രം വച്ച് തുടങ്ങിയിരിക്കുന്നത്.
റബ്ബര്‍ കര്‍ഷകരുടെ കാര്യവും ഇതുപോലെ തന്നെയാണ്. റബ്ബര്‍ തൊണ്ണൂറ് രൂപയിലേക്ക് താഴ്ന്നപ്പോഴാണ് 150 രൂപവച്ച് റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ വച്ച് സംഭരിക്കാന്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് തീരുമാനിച്ചത്. ആദ്യം 300 കോടിയും പിന്നീട് 500 കോടിയും നീക്കിവെക്കുകയും ചെയ്തു. ഇന്നും സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റിലും 500 കോടിയും നീക്കിവെച്ചിട്ടുണ്ടെങ്കിലും സംഭരണം മാത്രം നടക്കുന്നില്ല. 170ന് മുകളില്‍ റബറിന് വില വന്നപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞു 170 രൂപക്ക് സംഭരിക്കുമെന്ന്. 90 രൂപ വിലയുള്ളപ്പോഴാണ് 60 രൂപ വര്‍ധിപ്പിച്ച് 150 രൂപക്ക് സംഭരിക്കാന്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് തീരുമാനിച്ചത്. പുറത്ത് 42 രൂപ വില കിട്ടുമ്പോള്‍ സര്‍ക്കാര്‍ 32 രൂപക്ക് സംഭരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് കച്ചവട ലോബിക്ക് വലിയ ആശ്വാസമായി. അവര്‍ക്ക് വലിയ ലാഭം കൊയ്യാന്‍ സര്‍ക്കാന്‍ വഴിതുറന്നുകൊടുത്തു.
റബ്ബര്‍ 200 രൂപയ്‌ക്കെങ്കിലും സംഭരിച്ചാല്‍ ചെറിയ ആശ്വാസം കിട്ടും. നെല്ലുസംഭരണവും അതുപോലെ തന്നെയാണ്. കരുണാകരന്റെ കാലത്ത് തുടങ്ങിയതാണ്. കേന്ദ്രത്തിന്റെ വിഹിതം ലഭിച്ചിട്ടല്ല സംഭരണം തുടങ്ങിയത്. പച്ചത്തേങ്ങ സംഭരണം ഉമ്മന്‍ചാണ്ടി ആരംഭിച്ചതും അങ്ങനെതന്നെയാണ്. കേന്ദ്രാനുകൂല്യങ്ങള്‍ കിട്ടും എന്നതിനാലല്ല തുടങ്ങിയത്. നെല്ലിന് 72 രൂപ കേന്ദ്രം കൊടുക്കുന്നതാണ്. സര്‍ക്കാര്‍ അത് കൈവശം വച്ച് പോക്കറ്റിലിട്ടു. അത് തിരിച്ച് കര്‍ഷകര്‍ക്ക് കൊടുക്കുന്നില്ല. അതിന് പറയുന്നത് ഞങ്ങള്‍ നാല്‍പത് രൂപ വര്‍ധിപ്പിച്ചു എന്നത് കള്ളക്കണക്കാണ്. കഴിഞ്ഞ തവണ കുറച്ചത് ഇത്തവണ കൂട്ടുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് കേന്ദ്രം അനുവദിച്ച തുക പൂര്‍ണമായും കൊടുക്കാന്‍ സന്നദ്ധമാകണം.
(സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)