ആദില്‍ മുഹമ്മദ്
സ്ത്രീ സുരക്ഷ എന്ന തലവാചകവുമായി രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്ത്രീകള്‍ക്കെതിരെ നടന്നത് നാല് ലൈംഗികാതിക്രമങ്ങള്‍. ഇവ നടന്നത് ഭൂരിഭാഗവും പൊതുഗതാഗത സംവിധാനങ്ങളിലും. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയിലാകുന്നത്. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നാണ് ഇയാള്‍ അതിക്രമം നടത്തിയത്. ഇതിനു തൊട്ടു മുന്‍പത്തെ ദിവസമാണ് കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികഅതിക്രമം നടത്തിയതിന് യുവാവ് അറസ്റ്റിലായത്. പത്തനംതിട്ടയിലേക്ക് പോകുന്ന ബസില്‍ മലപ്പുറം വളാഞ്ചേരിയില്‍ വെച്ചാണ് സംഭവം നടന്നത്. സി.പി.എമ്മുകാരുടെ ലൈംഗികാതിക്രമവും ഇക്കാലയളവില്‍ വര്‍ധിച്ചു.
യുവ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നേരെ കഴിഞ്ഞദിവസം ട്രെയിനില്‍ വെച്ചുണ്ടായ അതിക്രമവും ഞെട്ടിപ്പിക്കുന്നു. കെഎസ്ആര്‍ടിസി ബസില്‍ ഒപ്പം ഇരിക്കുന്ന യുവതിയോട് ലൈംഗിക അതിക്രമം നടത്തിയതിന് യുവാവിനെ കയ്യോടെ പിടികൂടുന്ന വീഡിയോയും കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.ഇത്തരത്തില്‍ ഒരാഴ്ചയ്ക്കിടെ നാലോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ ക്രമാതീതമായി കൂടിവരുന്നു എന്നാണ് പൊലീസിന്റെ വെബ്‌സൈറ്റിലെ വിവരങ്ങളും സൂചിപ്പിക്കുന്നത്. 2020ല്‍ മാത്രം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021 -ല്‍ 16,199 ലേക്ക് ഉയരുകയും, 2022 -ല്‍ അത് 18,943 ആയും ഉയര്‍ന്നു. അതായത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 2021 -നെ അപേക്ഷിച്ച് 2022 -ല്‍ സ്ത്രീപീഡന കേസുകളുടെ എണ്ണം 2339 ല്‍ നിന്ന് 2503 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകള്‍ വിവിധതരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തു സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ടും പോകാന്‍ മാത്രമായി പോലീസിനെ മാറ്റിയിരിക്കുകയാണ് ഈ സര്‍ക്കാര്‍.
പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാരും, ആക്രമിച്ചത് പാര്‍ട്ടിക്കാരന്‍ ആയതുകൊണ്ട് കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഭരണനേതൃത്വവും, രാഷ്ട്രീയം നോക്കി മാത്രം കേസെടുക്കുന്ന പോലീസുമെല്ലാം സ്ത്രീസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ജനക്കൂട്ടം നോക്കിനില്‍ക്കെ നാലുപേര്‍ ചേര്‍ന്ന് പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അടിച്ചുവീഴ്ത്തിയ സംഭവം കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ ഐ.സി.യു വില്‍ വരെ സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുന്ന അവസ്ഥയിലാണ് കേരളം. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാകാത്ത നഗരമായി തലസ്ഥാനം മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കുനേരെ ആയിരത്തിലധികം അക്രമങ്ങളാണ് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. പേരൂര്‍ക്കടയിലും അമ്പലമുക്കിലും കേശവദാസപുരത്തും തമ്പാനൂരിലും നടന്ന കൊലപാതകങ്ങള്‍ക്ക് പുറമെ നഗരത്തില്‍ സ്ത്രീകള്‍ക്ക് അരങ്ങേറിയ അതിക്രമങ്ങളുടെ എണ്ണം നിരവധിയാണ്. പ്രഭാത സവാരിക്കിറങ്ങിയ വനിതയെ സര്‍ക്കാര്‍ വാഹനത്തില്‍ വന്നു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ഉപദ്രവിച്ചിട്ടു നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചില്ല.