X
    Categories: keralaNews

ഇടതുസര്‍ക്കാരിന്റെ ‘ഉപകാര സ്മരണ’; ടി.പി കേസ് പ്രതികള്‍ അകത്തോ പുറത്തോ

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പുറത്തിറങ്ങി വിഹരിക്കാന്‍ വഴിവിട്ട സഹായം ചെയ്ത് ഇടതുസര്‍ക്കാര്‍. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന കെ.സി രാമചന്ദ്രന് 924 ദിവസമാണ് സര്‍ക്കാര്‍ പരോളായി അനുവദിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് ഇവര്‍ക്ക് ചട്ടംലംഘിച്ച് പരോള്‍ നല്‍കിയതെന്നാണ് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരുടെ പക്ഷം. വിവരാവകാശനിയമപ്രകാരം നല്‍കിയ ചോദ്യത്തിന് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.

കിര്‍മാണി മനോജ് 826 ദിവസവും ടി.കെ രജീഷ് 819 ദിസവും പരോളിലായിരുന്നു. മുഹമ്മദ് ഷാഫിക്ക് 372 ദിവസവും സിജിത്തിനും ഷിനോജിനും 370 ദിവസം വീതവും പരോള്‍ കിട്ടി. പി.കെ.കുഞ്ഞനന്തന്‍ മരിച്ചതോടെ 10 പ്രതികളാണ് ഇപ്പോഴുള്ളത്. ജയില്‍വാസത്തിനിടെ കേസുകളില്‍പെട്ട കൊടി സുനി ഒഴികെയുള്ളവര്‍ക്കെല്ലാം ഒന്നാം കോവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ പ്രത്യേക അവധി നല്‍കി. 2020 മാര്‍ച്ചില്‍ ഇറങ്ങിയവര്‍ സെപ്റ്റംബറില്‍ തിരിച്ചുകയറി. രണ്ടാംഘട്ട കോവിഡ് വ്യാപനകാലത്ത് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം നിയമിക്കപ്പെട്ട ഉന്നതാധികാര സമിതി റിമാന്‍ഡ് തടവുകാര്‍ക്കു ജാമ്യവും 10 വര്‍ഷം വരെ തടവിനു ശിക്ഷിക്കപ്പെട്ട 70 പേര്‍ക്കു പ്രത്യേക അവധിയും നല്‍കി. പരോളിന് അര്‍ഹതയുള്ള 1201 ജീവപര്യന്തക്കാരെ 2021 മേയ് 5ന് പുറത്തുവിട്ടിരുന്നു. ഇതില്‍ 714 പേര്‍ സെപ്റ്റംബറില്‍ തിരിച്ചു കയറിയപ്പോള്‍ ഇവര്‍ ഉള്‍പ്പെടെ 487 പേര്‍ ഹാജരാകാതിരുന്നതും ഏറെ വിമര്‍ശനത്തിന് വഴിതെളിച്ചു. ജയിലില്‍ കയറാതിരിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാന്‍ മുന്‍പില്‍ നിന്നതും ടി.പി കേസ് പ്രതികളാണ്. ഇതിനും സര്‍ക്കാറിന്റെ ഒത്താശയുണ്ടായിരുന്നു.

അതിനിടെ, കൊഫേ പോസ പ്രതി ഫായിസിന് ടി.പി കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക സഹായം നല്‍കിയെന്നും പ്രത്യേക സംഘം കണ്ടെത്തിയിരുന്നു. സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തു. ഇത് പരിഗണിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറാത്തതിനുപിന്നില്‍ സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് ആക്ഷേപമുണ്ട്. ടി.പി വധക്കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Chandrika Web: