X

കാവി പൂശി ഇടതുസര്‍ക്കാറും

 

വിദ്യാഭ്യാസ രംഗം കാവിവല്‍ക്കരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്ക് കുടപിടിച്ച് ഇടത് സര്‍ക്കാര്‍. ജനസംഘം സ്ഥാപകനേതാവും ആര്‍.എസ്.എസ് താത്വികാചാര്യനുമായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയാണ് ഇടത് സര്‍ക്കാര്‍ സംഘ്പരിവാര്‍ അജണ്ടക്ക് കൂട്ടുനില്‍ക്കുന്നത്.
ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കാന്‍ എല്ലാ സ്‌കൂളുകളിലെ പ്രഥമ അധ്യാപകര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും വിദ്യാഭ്യാസ ഉപഡയരക്ടര്‍മാക്കും നിര്‍ദേശം നല്‍കികൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ സര്‍ക്കുലറാണ് വിവാദമായത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവിതത്തെ ആസ്പദമാക്കി കലാപരിപാടികളും ദേശഭക്തി ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം.
കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് പൊതുവിദ്യഭ്യാസ ഡയരക്ടറുടെ വിശദീകരണം. വിദ്യാഭ്യാസ മന്ത്രിയുടെയും സര്‍ക്കാറിന്റെയും അനുമതിയോടെയാണ് സര്‍ക്കുലറെന്നും വിശീദീകരിക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര മാനവ വിഭവ ശേഷി സെക്രട്ടറി അനില്‍ സ്വരൂപ് പൊതു വിദ്യാഭ്യാസസെക്രട്ടറി ഉഷടൈറ്റസിന് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് നടപടി ക്രമങ്ങളും മറ്റും വിവരിച്ചുകൊണ്ടുള്ള നിര്‍ദേശം ഉഷടൈറ്റസ് പൊതു വിദ്യാഭ്യസ ഡയരക്ടര്‍ക്ക് കൈമാറുകയായിരുന്നു. ഇതുപ്രകാരമാണ് സംഘ പരിവാര്‍ ആശയങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കുലര്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ ഇറക്കിയത്.
യു.പി ക്ലാസുകളിലും സെക്കന്ററി തലത്തിലും നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖയും സര്‍ക്കുലറിനൊപ്പമുണ്ട്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജീവിതവും ആശയങ്ങളും ഉള്‍കൊള്ളിച്ചാണ് പരിപാടികള്‍ നടത്തേണ്ടത്. യു.പി തലത്തില്‍, അദ്ദേഹത്തിന്റെ ജീവതമോ ആശയമോ വര്‍ണിച്ചു കൊണ്ടുള്ള പദ്യം ചൊല്ലല്‍, ദേശഭക്തി ഗാനം തുടങ്ങിയ സംഘടിപ്പിക്കണം. അസംബ്ലിക്കിടയില്‍ അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ജീവിത കഥ അവതരിപ്പിക്കുകയും വേണം. സെക്കന്ററി തലത്തില്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ആശയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. അദ്ദേഹത്തിന്റെ പേരിലുള്ള വിവിധ പദ്ധതികളേക്കുറിച്ച് ഉപന്യസിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ആഘോഷത്തിന് പ്രധാനാധ്യാപകര്‍ വേണ്ട നടപടിയെടുക്കണമെന്നും പരിപാടികളില്‍ എല്ലാ കുട്ടികളും പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഈ വര്‍ഷത്തെ പ്രഖ്യാപിത അജണ്ടകളിലൊന്നാണ് ദിന്‍ ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷം. സെപ്തംബറിലായിരുന്നു ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മദിനം. കേന്ദ്രസര്‍ക്കാര്‍ വിപുലമായ പരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജന്മശതാബ്ദി ആഘോഷിക്കണമെന്ന നിര്‍ദേശം കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനും നല്‍കിയത്. ഇതിന്റെ പിന്നിലെ രാഷ്ട്രീയം പോലും നോക്കാതെ, നിര്‍ദേശം അപ്പടി അനുസരിച്ച് കേന്ദ്ര സര്‍ക്കാറിനോടുള്ള വിധേയത്വം അരക്കിട്ടുറപ്പിക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ്.

chandrika: