X

മരിച്ചവരോടും കരുണയില്ലാതെ ഇടതുസര്‍ക്കാര്‍; സഹകരണ ബാങ്കുകള്‍ക്ക് റിസ്‌ക്ഫണ്ട് നല്‍കാതെ സര്‍ക്കാര്‍

ഷഹബാസ് വെള്ളില

മലപ്പുറം: സഹകരണ ബാങ്കുകളില്‍ ഇടപാടുണ്ടായിരിക്കെ മരണപ്പെടുന്നവരുടെ ബാധ്യതകള്‍ എഴുതി തള്ളുന്ന റിസ്‌ക്ക് ഫണ്ട് സഹകരണ ബാങ്കുകള്‍ക്ക് നല്‍കാതെ ഇടതുസര്‍ക്കാര്‍. ഇതോടെ മരണപ്പെട്ടവരുടെ വായ്പകള്‍ എഴുതി തള്ളാനാവാതെ സഹകരണ ബാങ്കുകളും സംഘങ്ങളും. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും വനിതാ സംഘങ്ങളിലും ക്രെഡിറ്റ് സൊസൈറ്റികളിലും ഇത്തരത്തില്‍ ആയിരക്കണക്കിന് അപേക്ഷകളാണ് കെട്ടികിടക്കുന്നത്. പണമില്ലെന്ന വാദം ഉയര്‍ത്തിയാണ് ഇവിടെയും സഹകരണ വകുപ്പ് കൈമലര്‍ത്തുന്നത്.

അപേക്ഷകര്‍ എത്തുമ്പോള്‍ മറുപടി പറയാനില്ലാതെ കുഴങ്ങുകയാണ് സഹകരണ ബാങ്കുകളും സംഘങ്ങളും. വായ്പ എടുക്കുമ്പോള്‍ തന്നെ കേരള കോപറേറ്റീവ് ഡെവലപ്പ്മെന്റ് ആന്റ് വെല്‍ഫയര്‍ ബോര്‍ഡിന് ഓരോരുത്തരും വായ്പ തുകയുടെ .7 ശതമാനം ഇന്‍ഷൂറന്‍സ് തുകയായി നല്‍കുന്നുണ്ട്. ഒറ്റത്തവണയായിട്ടാണ് ഈ തുക നല്‍കേണ്ടത്. ഇത് കൃത്യമായി ഓരോ സഹകരണ ബാങ്കുകളും ബോര്‍ഡിലേക്ക് അടക്കുന്നുമുണ്ട്. എന്നാല്‍ ഇതിന് അര്‍ഹരായവരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ സമയബന്ധിതമായി തുക ബോര്‍ഡ് സഹകരണ ബാങ്കുകള്‍ക്ക് നല്‍കാത്തതോടെയാണ് അപേക്ഷകള്‍ കെട്ടികിടക്കുന്ന അവസ്ഥയുണ്ടാകുന്നത്. ഓരോ ബാങ്കുകളിലും ശരാശരി പത്തോളം ഇത്തരത്തിലുള്ള അപേക്ഷകളില്‍ തീരുമാനമാകാതെ കിടക്കുന്നുണ്ടെന്നാണ് വിവരം.

മലപ്പുറം ജില്ലയിലെ 130 സഹകരണ ബാങ്കുകളിലായി മാത്രം ആയിരക്കണക്കിന് അപേക്ഷകളാണ് സര്‍ക്കാര്‍ കനിവും കാത്ത് കഴിയുന്നത്. വനിതാ സംഘങ്ങളും ക്രെഡിറ്റ് സൊസൈറ്റികളും ഇതിന് പുറമെ വരും. റിസ്‌ക് ഫണ്ട് നേരത്തെ വായ്പ തുകയുടെ .5 ശതമാനമായിരുന്നു. ഇത് .7 ശതമാനമാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. വായ്പ കുടിശികക്ക് മുമ്പോ കുടിശികയായി ആറുമാസത്തിനാലോ മരണപ്പെട്ടാല്‍ പരമാവധി 3 ലക്ഷം വരെ എഴുതി തള്ളും. വായ്പയെടുക്കുമ്പോള്‍ നല്‍കുന്ന ഇന്‍ഷൂറന്‍സ് തുകയില്‍ നിന്നാണ് സര്‍ക്കാര്‍ ഈ പണം നല്‍കുന്നത്. മാരക രോഗം പിടിപ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. പകുതി തുകയാണ് ലഭിക്കുക.

Test User: