കെഎസ് മുസ്തഫ
വയനാടന്‍ ജനതയുടെ ജീവല്‍സ്വപ്‌നങ്ങളെ തകര്‍ക്കുകയും വികസനപദ്ധതികളെ തകിടം മറിക്കുകയും ചെയ്തത് കേരളത്തില്‍ പലഘട്ടങ്ങളിലായി അധികാരത്തിലിരുന്ന ഇടതുസര്‍ക്കാരുകള്‍. ജില്ലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിക്കുകയും വന്‍പ്രതീക്ഷകളായി മാറുകയും ചെയ്ത ഒരു ഡസനോളം പദ്ധതികളാണ് ഇടതുസര്‍ക്കാരുകള്‍ പാതിയിലുപേക്ഷിച്ചത്. മന്ത്രിസഭയിലടക്കം വയനാടിനെതിരായി തീരുമാനമെടുത്തും പദ്ധതികളില്‍ അനാവശ്യകാലതാമസം വരുത്തിയും വയനാടിനെ പെരുവഴിയിലിറക്കുകയാണ് സര്‍ക്കാര്‍.
സംരക്ഷിത വനാതിര്‍ത്തിയില്‍ നിന്നു കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് ഇടതുസര്‍ക്കാരിന്റെ നിലപാട് കാപട്യമെന്ന് തെളിഞ്ഞുകഴിഞ്ഞു. 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍, മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ച് കരട് വിജ്ഞാപന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ അംഗീകാരം നല്‍കിയതാണ് വയനാടിന് ഏറ്റവും വലിയ തിരിച്ചടിയായത്.
ദേശീയ പാത 766ലെ പൂര്‍ണ്ണയാത്രാനിരോധനം എന്ന അപകടത്തിലേക്ക് കാര്യങ്ങളെത്തിച്ചതും ഇടതുസര്‍ക്കാരുകളാണ്. 2009ല്‍ യാത്രാനിരോധനവുമായി കര്‍ണാടക ഹൈക്കോടതിയില്‍ കേസെത്തിയത് മുതല്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത് വയനാടിനെ അപമാനിക്കുന്ന നിലപാടുകളായിരുന്നു. വി.എസ് അച്യുതാന്ദന്‍ സര്‍ക്കാര്‍ ബദല്‍റോഡെന്ന വാദമാണ് കോടതിയില്‍ സ്വീകരിച്ചത്. ദേശീയ പാത അടച്ചുപൂട്ടണമെന്നുള്ള നിഗമനത്തിലേക്ക് സുപ്രീംകോടതി എത്താന്‍ സഹായകമാവും വിധം കോടതി നിയോഗിച്ച വിദഗ്ധസമിതിക്ക് മുമ്പാകെ കുട്ടഗോണിക്കുപ്പ റോഡ് ബദല്‍റോഡായി അംഗീകരിച്ച റിപ്പോര്‍ട്ട് നല്‍കിയത് പിണറായി സര്‍ക്കാരായിരുന്നു. വിമര്‍ശനങ്ങളെത്തുടര്‍ന്ന് തിരുത്തല്‍ കത്ത് നല്‍കിയെങ്കിലും മുന്‍നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല.
വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആര്‍) അനുമതി ലഭിച്ചതും 3000 കോടി രൂപ കേന്ദ്ര വിഹിതം പ്രഖ്യാപിക്കപ്പെട്ടതുമായ നിലമ്പൂര്‍നഞ്ചന്‍കോട് പാതക്ക് അനുവദിച്ച തുകപോലും നല്‍കാതെ പിണറായി സര്‍ക്കാര്‍ പദ്ധതി പാതിയിലുപേക്ഷിക്കുകയായിരുന്നു. ഡിപിആര്‍ തയ്യാറാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും ഇ. ശ്രീധരന്‍ പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുകയും ചെയ്തതാണ്. 2016ല്‍ ഡി.പി.ആര്‍ പ്രവര്‍ത്തി ആരംഭിച്ചെങ്കിലും കേരള സര്‍ക്കാര്‍ തുക നല്‍കാത്തതിനെതുടര്‍ന്ന് 2017ല്‍ ഡിഎംആര്‍സിക്ക് പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ഇതോടെ പദ്ധതി നിശ്ചലാവസ്ഥയിലുമായി.
ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രം, മക്കിമല മുനീശ്വരന്‍ കുന്നിലെ എന്‍.സി.സി അക്കാദമി, ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി, ചുരം ബദല്‍ റോഡുകള്‍ തുടങ്ങിയ പദ്ധതികളും ഇടതു സര്‍ക്കാര്‍ ഉപേക്ഷിച്ചു കഴിഞ്ഞമട്ടാണ്. ഇതിന്റെ രണ്ടിരട്ടിയെങ്കിലും പദ്ധതികള്‍ ഫയിലുറങ്ങുന്നുമുണ്ട്. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാതെയും പുതിയ പദ്ധതികളില്‍ ജനങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വയനാടിനെ അവജ്ഞയോടെയാണ് കാണുന്നത്.