തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതുമുന്നണിക്ക് തലവേദനയായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോര്‍ജും തമ്മിലുള്ള പോര് മുറുകുന്നു. പരസ്യ വിഴുപ്പലക്കിന് പിന്നാലെ ഇരുവരും പരാതിയുമായി ഇടതു മുന്നണി നേതൃത്വത്തെ സമീപിച്ചു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരസ്യമായ ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കണമെന്ന് ഇരുവര്‍ക്കും മുന്നണി നേതൃത്വം നിര്‍ദേശം നല്‍കി.
പരസ്യമായി വിമര്‍ശിച്ച ചിറ്റയം ഗോപകുമാറിന് ഗൂഢ ലക്ഷ്യങ്ങളാണെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എല്‍.ഡി.എഫില്‍ പരാതി നല്‍കിയിരുന്നു. മന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും നിലപാട് എടുത്തു.
ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ അറിയിക്കാറില്ല. വിളിച്ചാല്‍ ഫോണെടുക്കില്ല. ഗുരുതര അവഗണന എന്നായിരുന്നു ചിറ്റയത്തിന്റെ പരസ്യ വിമര്‍ശനം. വിമര്‍ശനം ആരോഗ്യമന്ത്രിക്കു കൊണ്ടു. ചിറ്റയത്തിന് ഗൂഢലക്ഷ്യമുണ്ടെന്നായിരുന്നു മറുപടി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ‘എന്റെ കേരളം’ പരിപാടിയിലാണ് ചിറ്റയം വീണാ ജോര്‍ജിനെതിരെ വെടി പൊട്ടിച്ചത്. വേണമെങ്കില്‍ ഫോണ്‍കോള്‍ രേഖകള്‍ വരെ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. അതേസമയം ആരോഗ്യമന്ത്രിക്ക് സി.പി.എം ജില്ലാ നേതൃത്വം പിന്തുണ അറിയിച്ചു. മകളുടെ കല്യാണത്തിന് വിളിച്ചില്ലെന്ന് പിതാവ് പരാതി പറയുന്നത് പോലെ വിചിത്രമാണ് അടൂര്‍ എം.എല്‍.എയുടെ ആരോപണമെന്നാണ് സി.പി .എം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.