X
    Categories: keralaNews

മുഖ്യന്‍ എത്തിയിട്ടും പ്രതിഷേധം മാറാതെ ഇടതു കേന്ദ്രങ്ങള്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയിട്ടും ആലസ്യം വിട്ടുമാറാതെ ഇടതു കേന്ദ്രങ്ങള്‍. ‘താര പ്രചാരക’നായി മുഖ്യമന്ത്രി എത്തുന്നതോടെ മാന്ദ്യത്തില്‍ ആയിരുന്ന മുഴുവന്‍ ഇടതു കേന്ദ്രങ്ങളും ഉണര്‍ന്നെണീക്കുമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ വിവിധ വിഷയങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ഇന്നലെ നടന്ന ഇടതുപക്ഷ കണ്‍വന്‍ഷനും ആയില്ലെന്നത് സി.പി.എമ്മിനെ അലട്ടുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് മൂര്‍ധന്യവേളയിത്തിലെത്തിയിട്ടും സജീവമായി രംഗത്തിറങ്ങാത്ത ജില്ലാ നേതാക്കളേയും പ്രാദേശിക നേതാക്കളെയും കളത്തില്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി ഇടതുമുന്നണി കണ്‍വന്‍ഷന് ഒരു ദിവസം മുമ്പേ കൊച്ചിയിലെത്തിയത്. ബുധനാഴ്ച വൈകിട്ട് നിരവധി നേതാക്കളുമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയെങ്കിലും ഇതൊന്നും ഫലം ചെയ്തില്ലെന്നാണ് തിരഞ്ഞെടുപ്പു രംഗം വ്യക്തമാക്കുന്നത്.

ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണയം, കെ റെയില്‍, കെ വി തോമസിന്റെ ഇടതു പ്രവേശനം എന്നീ വിഷയങ്ങളിലാണ് സിപിഎം അണികള്‍ പ്രധാനമായും ഉടക്കി നില്‍ക്കുന്നത്. സഭയുടെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജോ ജോസഫിനെ അവതരിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനറും ജില്ലയിലെ സിപിഎം നേതൃത്വവും നടത്തിയ നാടകങ്ങള്‍ അംഗീകരിക്കാന്‍ ഇനിയും സിപിഎം പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. വൈദികന്റെ നേതൃത്വത്തില്‍ സഭാസ്ഥാപനത്തില്‍ വെച്ച് ഇടതു സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച രീതി സിപിഎമ്മിനെ അപഹാസ്യരാക്കിയെന്ന് മുഖ്യമന്ത്രിയെ കണ്ട നേതാക്കള്‍ തുറന്നടിച്ചിരുന്നു. കെ റെയില്‍ സര്‍വേയും കല്ലിടലും നിര്‍ത്തി വെച്ചതാണ് മറ്റൊരു തിരിച്ചടിയായിസിപിഎം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുവേ കെ റെയിലിനോട് എതിര്‍പ്പ് ഉള്ളവരാണ് ഇടത് അണികളില്‍ ഭൂരിഭാഗവും.കുറ്റിയിടല്‍ നിര്‍ത്തിയതോടെ വികസന മുദ്രാവാക്യം നാടകമായിരുന്നെന്ന യു.ഡി.എഫ് ആക്ഷേപത്തിന് ശക്തിപകര്‍ന്നിരിക്കുകയാണെന്ന് ജില്ലാ നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട കെ റെയില്‍ കടന്നുപോകുന്ന മണ്ഡലം കൂടി ആയതിനാല്‍ തൃക്കാക്കരയില്‍ വിജയിക്കേണ്ടത് ഇടതുപക്ഷത്തിന് അനിവാര്യമാണ്. ഇതിന്റെ ഭാഗമായാണ് തൊഴിലാളിവര്‍ഗ പാര്‍ട്ടിയെയും അണികളെയും മറന്നുകൊണ്ടുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് സിപിഎം മുതിര്‍ന്നത്.

കെ വി തോമസിനെ കൊട്ടിഘോഷിച്ച് ഇടതുമുന്നണിയിലേക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലേക്കും കൊണ്ടുവന്നത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കെ വി തോമസിന് വാഗ്ദാനം ചെയ്തിരിക്കുന്ന പദവികള്‍ സംബന്ധിച്ച ആശങ്കയാണ് ജില്ലാ നേതാക്കള്‍ക്കെങ്കില്‍ അധികാരമോഹിയായ കെ.വിതോമസിനെ നിര്‍ണായക സമയത്ത് ഉയര്‍ത്തിപ്പിടിക്കുന്നതിനെ വോട്ടര്‍മാര്‍ക്കിടയില്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന പ്രയാസമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അധികാരമോഹം കൊണ്ടാണ് കെ വി തോമസ് ചെങ്കൊടിയുടെ തണലില്‍ എത്തുന്നതെന്നും ഇതിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത് നാണക്കേടാണെന്നും സിപിഎം അണികള്‍ പറയുന്നൂ. യു.ഡി.എഫിന്റെ സിറ്റിങ് മണ്ഡലമായ തൃക്കാക്കരയില്‍ സി.പി.എം പ്രവര്‍ത്തകരും അണികളും ഉടക്കി നിന്നാല്‍ തിരിച്ചടിയുടെ വ്യാപ്തി കൂടുമെന്നാണ് ഇപ്പോഴത്തെ ഇടതു ആശങ്ക. സിപിഎമ്മിന്റെ സീറ്റായതിനാല്‍ സി.പി.ഐ പ്രവര്‍ത്തകര്‍ സ്വാഭാവിക നിസംഗത പാലിക്കുകയും ചെയ്യും. എങ്ങനെയും തൃക്കാക്കര വിജയിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായി സി.പി.എം നേതാക്കള്‍ കൈക്കൊണ്ട നടപടികള്‍ തിരിഞ്ഞുകൊത്തുന്ന അനുഭവമാണ് ഇപ്പോള്‍.

Chandrika Web: