കൊല്‍ക്കത്ത: ഒടുവില്‍ അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യാഴാഴ്ചയാണ് പച്ചക്കൊടി കാണിച്ചത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണയ്ക്ക് ഒക്ടോബറില്‍ തന്നെ സിപിഎം കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നു.
ഒരു കാലത്ത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ ശക്തിദുര്‍ഗമായിരുന്നു പശ്ചിമബംഗാള്‍. സംസ്ഥാനത്ത് തുടര്‍ച്ചയായി 34 വര്‍ഷമാണ് ഇടതു മുന്നണി അധികാരത്തിലിരുന്നത്. 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി ഏഴു തവണ!
തകര്‍ന്നടിഞ്ഞ ഇടതുപക്ഷം
2011ല്‍ മമത ബാനര്‍ജിക്കു മുമ്പിലാണ് ഇടതുമുന്നണിയുടെ അജയ്യയാത്ര അവസാനിച്ചത്. അതിന് വഴിയൊരുക്കിയത് സിംഗൂരിലെയും നന്ദിഗ്രാമിലെയും പ്രക്ഷോഭങ്ങള്‍. 2006ല്‍ 294ല്‍ 234 സീറ്റില്‍ ജയിച്ച് അധികാരത്തിലെത്തിയ ഇടതിന് 2011ല്‍ കിട്ടിയത് വെറും 62 സീറ്റ്. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ച 2016ല്‍ ഇടതിന് ജയിക്കാനായത് 32 ഇടത്ത്. 147 സീറ്റില്‍ മത്സരിച്ച സിപിഎം നേടിയത് 26 സീറ്റും. 20 ശതമാനം വോട്ടു വിഹിതം മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്.
2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതു മുന്നണിയും കൂടി നേടിയത് 76 സീറ്റാണ്. 92 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 44 സീറ്റുകള്‍ നേടി. സിപിഐ മത്സരിച്ച 11ല്‍ ഒരു സീറ്റിലും ജയിച്ചു. ആര്‍എസ്പി മൂന്നും എഐഎഫ്ബി രണ്ടും സീറ്റു നേടി. 291 സീറ്റില്‍ മത്സരിച്ച ബിജെപി ജയിച്ചത് മൂന്നു സീറ്റിലാണ്. 219 സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം സ്വന്തമാക്കി.
സിപിഎമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമായിരുന്നു 2016ലേത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം എട്ടു ശതമാനം വര്‍ധിച്ച് 46.7 ശതമാനമായപ്പോള്‍ ഇടതിന്റേത് 28ല്‍ നിന്ന് 25 ശതമാനമായി കുറഞ്ഞു. ബിജെപിയുടെ വോട്ടുവിഹിതത്തിലും കുറവുണ്ടായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17 ശതമാനമായിരുന്ന വിഹിതം നിയമസഭയില്‍ ഏഴു ശതമാനമായി മാറി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും ഔദ്യോഗികമായി ധാരണയിലെത്താന്‍ ഇരുകക്ഷികള്‍ക്കും ആയിരുന്നില്ല. ലോക്‌സഭയില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് വിജയിക്കാനായിരുന്നില്ല. 39 സീറ്റില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് രണ്ടു സീറ്റിലാണ് ജയിച്ചത്. 38 ഇടങ്ങളില്‍ കെട്ടിവച്ച കാശ് നഷ്ടമായി. 42 ലോക്‌സഭാ സീറ്റുകളില്‍ 18 ഇടത്ത് ബിജെപി ജയിച്ചു. ഭരണകക്ഷിയായ തൃണമൂലിന് 22 സീറ്റു കിട്ടി.