അടുത്തിടെ എറണാകുളത്തുനടന്ന സി.പി.എം സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ അവതരിപ്പിച്ച നവകേരള വികസനരേഖയില്‍ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള വലിയവീരവാദങ്ങളെല്ലാം ഉള്‍ചേര്‍ന്നിരുന്നു. ഇതും ഇന്നലെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റുംതമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ പ്രായോഗികമായി ഒന്നുമില്ലെന്നാണ ്ഉത്തരം. കേരളത്തിന്റെ വന്‍കടക്കെണിയെ അഭിമുഖീകരിക്കുന്നതോ ജനങ്ങളുടെ കോവിഡാനന്തരകാലത്തെ സാമ്പത്തിക-ജീവിതപ്രയാസങ്ങളെ പ്രതിരോധിക്കുന്നതോ ആയ കാര്യമായ യാതൊന്നുമില്ലാതെയാണ് പതിനഞ്ചാംകേരളനിയമസഭയുടെ നാലാംസമ്മേളനത്തില്‍ മന്ത്രി ബാലഗോപാല്‍ തന്റെ പ്രഥമബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്വതവേദുര്‍ബല, പോരാത്തതിന് ഗര്‍ഭിണിയും എന്ന അവസ്ഥയിലിരിക്കുന്ന കേരളത്തിന്റെ സാമ്പത്തികമേഖലക്ക് ഉത്തേജനം നല്‍കുന്നതിനുള്ള യാതൊന്നും ഈവാര്‍ഷികകണക്കെടുപ്പിലും പ്രഖ്യാപനങ്ങളിലും കാണുന്നില്ലെന്നാണ് 2022-23 ബജറ്റിനെക്കുറിച്ച് പറയാനുള്ളത്. അതേസമയം പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന ജനങ്ങളുടെയും സമ്പദ്‌വ്യവസ്ഥയുടെയും തലയില്‍ വലിയനികുതിഭാരം കൂടി കയറ്റിവെച്ചിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍.
രണ്ടുലക്ഷംരൂപയില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളുടെ നികുതി ഒരുശതമാനം വര്‍ധിപ്പിച്ചതും ഭൂനികുതിയിലെ വര്‍ധനവും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും തലയില്‍ കൂടുതല്‍ഭാരം കയറ്റിവെക്കുന്നതിന് തുല്യമാണ്. സാധാരണക്കാരോടല്ല, വന്‍കിടക്കാരോടാണ് പിണറായിസര്‍ക്കാരിന് താല്‍പര്യമെന്നതിന് ഉദാഹരണമാണ് സാധാരണക്കാര്‍ ആശ്രയിക്കുന്ന ഇരുചക്രവാഹനങ്ങളുടെ മേലുള്ള അധികനികുതി. ഭൂമിയുടെ ന്യായവിലയിലും പത്തുശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതിലൂടെ 200കോടി രൂപയുടെ അധികബാധ്യതയാണ് ജനങ്ങളുടെമേല്‍ സര്‍ക്കാര്‍ കയറ്റിവെക്കാന്‍പോകുന്നത്. 2020-21ലെ ബജറ്റിലും ഭൂമിവിലയിലും വാഹനികുതിയിലും സര്‍ക്കാര്‍ സമാനമായവര്‍ധന വരുത്തിയിരുന്നു. പെട്രോളിന്റെ വിലവര്‍ധന പരകോടിയിലെത്തുകയും ഇനിയും ഏതുനിമിഷവും വര്‍ധനയുണ്ടാകുമെന്ന് ഭയപ്പെട്ടിരിക്കുകയും ചെയ്യുമ്പോള്‍തന്നെ ഇത്തരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഇരുട്ടടി ജനജീവിതം തീര്‍ത്തും ദുസ്സഹമാക്കാനേ ഉപകരിക്കൂ. കോവിഡ്കാലത്ത് അടച്ചിട്ടും തൊഴില്‍നഷ്ടപ്പെടുത്തിയും ചികില്‍സാചെലവ് വര്‍ധിച്ചും പൊറുതിമുട്ടിയ ജനത്തിന് മേലുള്ള പുതിയഭാരം തൊഴിലാളിവര്‍ഗസര്‍ക്കാരെന്ന ഇടതുമുന്നണിയുടെ വാദത്തിന്റെ കൂമ്പൊടിക്കുന്നതാണ്.ഹരിതനികുതി എന്ന പേരില്‍ പഴയവാഹനങ്ങളിന്മേലുള്ള ഇരട്ടിനികുതിയും (10കോടി അധികവരുമാനം)ഭൂനികുതിയിലെ വര്‍ധനവും( 80 കോടി അധികവരുമാനം) സര്‍ക്കാരിന്റെ കണ്ണില്‍ചോരയില്ലായ്മക്ക് തെളിവാണ്. അതേസമയം ജനങ്ങളുടെ കീശയിലേക്ക് പണം വരുന്നതിനുള്ള യാതൊന്നും പ്രഖ്യാപനത്തില്‍ ഉള്‍പെട്ടതുമില്ല. പ്രതീക്ഷിച്ചതുപോലെ ക്ഷേമപെന്‍ഷനുകളില്‍ ഒരുരൂപപോലും കൂട്ടിയതുമില്ല.
സാമ്പത്തികനയത്തില്‍ കോര്‍പറേറ്റ് അനുകൂലനയമെന്ന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് അതേനയം സ്വീകരിക്കേണ്ടിവന്നിരിക്കുന്നുവെന്നാണ് തോട്ടഭൂമിയിലെയും വ്യവസായത്തിലെയും നയമാറ്റം തെളിയിക്കുന്നത്. കേരളത്തിന്റെ അഭിമാനമായ ഭൂപരിഷ്‌കരണനിയമത്തില്‍ വെളളംചേര്‍ക്കുന്നതാണ് ഈ പ്രഖ്യാപനം. കെ.റെയില്‍ പദ്ധതിക്ക് ഇനിയും പൂര്‍ണമായ കേന്ദ്രാനുമതി ലഭിക്കാതിരുന്നിട്ടും, ജനങ്ങളുടെ ഭാഗത്തുനിന്ന് അതിശക്തമായ എതിര്‍പ്പുണ്ടായിട്ടും പദ്ധതിക്ക് 2000കോടി രൂപ ഖജനാവില്‍നിന്ന് നീക്കിവെച്ചത് നികുതിദായകരോടും പദ്ധതികാരണം വഴിയാധാരമാകുന്നവരോടുമുള്ള വെല്ലുവിളിയാണ്. മറ്റൊരു 2000കോടി രൂപ വിലക്കയറ്റത്തിനെതിരായി നീക്കിവെക്കുമെന്ന പ്രഖ്യാപനമാകട്ടെ ഇരുട്ടില്‍നില്‍ക്കുന്നു. എങ്ങനെയാണ് സര്‍ക്കാര്‍ ഈ ചെറിയതുകയുമായി വിലക്കയറ്റം പിടിച്ചുനിര്‍ത്തുക എന്ന് വ്യക്തമല്ല. രാജ്യംകണ്ട റെക്കോര്‍ഡ് വിലയാണ് ജനം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. 88 ലക്ഷം വരുന്ന റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഈതുക മൈതാനത്തെ എലിയുടെ അവസ്ഥയേ ആകുന്നുള്ളൂ. ഭക്ഷ്യകിറ്റിന് പോലും പ്രതിമാസം 3000 കോടിയോളം രൂപ ചെലവഴിച്ചപ്പോഴാണ് ഈതുക വര്‍ഷംമുഴുവനായും നീക്കിവെക്കുന്നത്. കാര്‍ഷികമേഖലക്കും വിദ്യാഭ്യാസത്തിനും സ്ത്രീശാക്തീകരണത്തിനും ആരോഗ്യമേഖലക്കും മറ്റും നീക്കിവെച്ചത് പതിവിലുംകുറഞ്ഞ തുകയാണ്.
റബറിന് 500കോടി നല്‍കിയത് 160രൂപ വിലയുള്ളപ്പോള്‍ വലിയ ആശ്വാസമായി പറയാനാവില്ല. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചതിലും പകുതിതുകയാണ് ഈയിനത്തില്‍ ചെലവഴിച്ചത്. 1.34 ലക്ഷം കോടി രൂപ വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 3.35 ലക്ഷംകോടി പൊതുകടവുംകൊണ്ട് ഭാവനാരഹിതമാണെന്ന് തുറന്നുപറയുകയാണ് മന്ത്രി ചെയ്യേണ്ടിയിരുന്നത്. പകരം കിഫ്ബിയെക്കുറിച്ച് വാചാലനാകാനാണ് അദ്ദേഹം ശ്രമിച്ചത്. പ്രവാസി തിരിച്ചുവരവും വ്യവസായ-കാര്‍ഷികരംഗത്തെ മാന്ദ്യവുംകൂടി കേരളം നേരിടാന്‍ പോകുന്ന വന്‍കുരുക്കാണ് സത്യത്തില്‍ ഈബജറ്റിന്റെ അകക്കാമ്പ്. മുന്‍ധനമന്ത്രി തോമസ്‌ഐസക് വാക്കുകളുടെ ഗിമ്മിക്കിലൂടെ അത് അവതരിപ്പിച്ചപ്പോള്‍ ബാലഗോപാല്‍ ചെയ്തത് കണക്കുകളുടെ ലീലാവിലാസമാണെന്ന വ്യത്യാസമേയുള്ളൂ.