കൊച്ചി: നിയമവിരുദ്ധമായി സര്‍ക്കാര്‍ വാഹനങ്ങളില്‍ എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്.
വാഹനം വാങ്ങുമ്പോള്‍ അതിലുണ്ടാകുന്ന ലൈറ്റുകള്‍ക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ലെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, മന്ത്രിമാരുടെ വാഹനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കും. സര്‍ക്കാര്‍ വാഹനങ്ങളാണെങ്കില്‍ വാഹനങ്ങളുടെ ഉടമ എന്ന നിലയില്‍ സര്‍ക്കാരാവും പിഴത്തുക നല്‍കേണ്ടിവരിക. മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ എല്‍ഇഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാല്‍ അവയ്ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.