X

വെറുതെ വിടൂ കേരളത്തെയെങ്കിലും-എഡിറ്റോറിയല്‍

സ്വതന്ത്രമായി പൊതുവഴിയിലൂടെ നടക്കാനും നഗ്നത മറയ്ക്കാനും ആരാധനായലങ്ങളിലേക്ക് കടന്നുചെല്ലാനുംവരെ ചിലരുടെ തിട്ടൂരം വേണ്ടിടത്തുനിന്ന് കേരളം നടന്നുതുടങ്ങിയിട്ട് കാലം കുറച്ചായി. അജ്ഞതയുടെയും അവിശ്വാസത്തിന്റെയും തീണ്ടാപ്പാടകലങ്ങളില്‍നിന്ന് നവോത്ഥാനത്തിന്റെ സമാധാനപൂര്‍ണമായ പോരാട്ടത്തിലൂടെ മലയാളി ഏറെ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ആരും സമ്മതിക്കും. മറിച്ച് ഇതല്ല ഇന്ത്യയുടെ പൊതുവായ സ്ഥിതി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും രാജ്യത്തെ ജനതയില്‍ വലിയൊരു ശതമാനം ജാതീയവും അന്ധവിശ്വാസജടിലവുമായ അടിമത്തത്തിന്റെ നുകങ്ങള്‍ക്കുകീഴില്‍ അമര്‍ന്നുകഴിയുകയാണ്. അപരരെ ശത്രുവായി സങ്കല്‍പിച്ച് അടിച്ചമര്‍ത്താനും തെരുവുകളില്‍ മര്‍ദിച്ച് കൊലപ്പെടുത്താനുംവരെ മടിയില്ലാത്ത ആള്‍ക്കൂട്ട മന:ശാസ്ത്രമാണ് ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലുമിപ്പോഴും. ഇങ്ങ് കര്‍ണാടകയില്‍വരെ എത്തിനില്‍ക്കുന്നു ആ അക്രമപ്പേക്കൂത്തുകള്‍. മുസ്്‌ലിമാണെന്ന് തെറ്റിദ്ധരിച്ച് ബന്‍വാരിലാല്‍ എന്ന മനോരോഗിയെ വഴിയരികില്‍ അടിച്ചുകൊന്നതും കൈയില്‍ 786 എന്ന് പച്ചകുത്തിയതിന് കൈ വെട്ടിമാറ്റപ്പെടുകയുംചെയ്ത ദാരുണാനുഭവങ്ങള്‍ ഏതാനും ദിവസം മുമ്പുണ്ടായി. ഇക്കൂട്ടര്‍ തന്നെയാണ് മുസ്‌ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കുമേല്‍ നിരന്തരം അവകാശവാദങ്ങളുമായും അക്രമങ്ങളുമായും ചാടിവീഴുന്നതും. ഇതിനിടെയാണ് ഇവയിലെ ചെറിയൊരംശമെങ്കിലും പ്രബുദ്ധ കേരളത്തിലേക്കും തലനീട്ടിത്തുടങ്ങിയതായി ഞെട്ടലോടെ നമുക്ക് തിരിച്ചറിയാനിടവന്നിരിക്കുന്നത്.

കഴിഞ്ഞദിവസങ്ങളില്‍ കേരളം കേട്ടതും കണ്ടതുമായ അത്യന്തം വിഷലിപ്തമായ വര്‍ഗീയ സാമുദായിക പ്രചാരണങ്ങളാണ് മേല്‍ആധികളെ പ്രസക്തമാക്കുന്നത.് ഏപ്രിലില്‍ തിരുവനന്തപുരത്ത് ഹിന്ദുമതത്തിന്റെ പേരില്‍ നടന്ന സമ്മേളനത്തില്‍ മുസ്്‌ലിംകള്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ഒരു മുന്‍നിയമസഭാ സാമാജികനില്‍നിന്നുണ്ടായതെങ്കില്‍, മെയ് 21ന് ആലപ്പുഴ നഗരത്തില്‍ നടന്ന മറ്റൊരു സംഘടനയുടെ സമ്മേളനത്തില്‍ ഉയര്‍ന്നുകേട്ടത് അതിലുമേറെ ഞെട്ടിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു. ആദ്യ സംഭവത്തില്‍ കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെതിരെ വൈകിയാണെങ്കിലും കോടതിയുത്തരവിനെതുടര്‍ന്ന് നിയമനടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ബന്ധിക്കപ്പെടുകയുണ്ടായി. തിരുവനന്തപുരത്തും പിന്നീട് ജാമ്യവ്യവസ്ഥ ലംഘിച്ച് എറണാകുളത്തും നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാലാണ് മുന്‍ ഗവ. ചീഫ് വിപ്പ് കൂടിയായ ജോര്‍ജിന് ജയിലിലേക്ക് പോകേണ്ടിവന്നത്. കേസില്‍ യഥാവിധി തെളിവുകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാലേ ഇദ്ദേഹത്തിന് ശിക്ഷ ലഭിക്കൂ. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നടത്തിയ റാലിയില്‍ പത്തു വയസ്സുകാരന്‍ ചൊല്ലിക്കൊടുത്ത വിഷം നിറഞ്ഞ മുദ്രാവാക്യത്തിന്റെ പേരിലും പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കാന്‍ സര്‍ക്കാരിന് കഴിയണം. പക്ഷേ അരുംകൊലകള്‍ നടന്നിടത്ത് മാസങ്ങള്‍ക്കകം രണ്ട് വര്‍ഗീയ സംഘടനകള്‍ക്ക് ശക്തിപ്രകടനം നടത്താന്‍ അനുമതി നല്‍കിയവരില്‍നിന്നത് പ്രതീക്ഷിക്കാനാകുമോ? ഒരധികാരവും രാഷ്ട്രത്തിനും ജനത്തിനും മേലാകരുത്.

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിനുപിന്നില്‍ അധികാരവുമായി ബന്ധപ്പെട്ട സ്വാര്‍ത്ഥ ഘടകങ്ങളാണുള്ളത്. നീചമായ സൃഗാല വിദ്യയാണത്. രാജ്യം ഭരിക്കുന്ന കക്ഷിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ആര്‍.എസ്.എസ് ഉള്‍പെടുന്ന സംഘ്പരിവാരം വര്‍ഗീയ വിഷം പ്രവഹിപ്പിക്കുന്നതെങ്കില്‍ അതിനെ ചെറുക്കാനെന്ന പേരിലാണ് മറ്റു ചിലര്‍ പ്രകോപനവുമായി പ്രത്യക്ഷപ്പെടുന്നത്. ഒന്നിനൊന്ന് ന്യായം പറയുമെങ്കിലും യഥാര്‍ഥത്തില്‍ ഇവ രണ്ടും പരസ്പരം തീറ്റിപ്പോറ്റുകയാണ്. ഭരണകൂടത്തിന്റെ സകലവിധ ഒത്താശകളും ഭൂരിപക്ഷ വിഭാഗത്തിനുമാത്രം ലഭിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളാദി സമൂഹത്തില്‍ നിരാശയും തീവ്ര ചിന്തയും മുളപൊട്ടുക സ്വാഭാവികം. ഇതിന് പരിഹാരം രാഷ്ട്ര പൂര്‍വസൂരികള്‍ മനനിച്ചും സംവദിച്ചും നിര്‍മിച്ചെടുത്ത മതേതരമായ ഭരണഘടനതന്നെയാണ്. ഭരണ-നീതിപീഠങ്ങള്‍ സത്തയില്‍നിന്നുകൊണ്ട് അതിനെ പ്രയോഗവല്‍കരിച്ചാല്‍ തീരാവുന്നതേയുള്ളൂ ഇതെല്ലാം. ഏതൊരു പാഴ്‌ചെടിയും മുള പൊട്ടുന്നത് അതിനനുയോജ്യമായ മണ്ണൊരുക്കപ്പെടുമ്പോഴാണ്. നവോത്ഥാന നായകരും മത നേതാക്കളും ജാതീയതയുടെ കാട്ടുവള്ളികളെ വെട്ടിയൊതുക്കിയെടുത്ത് മനുഷ്യസാഹോദര്യത്തിന്റെ പൂന്തോപ്പാക്കിമാറ്റിയ കേരളത്തിലെങ്കിലും വര്‍ഗീയ വിഷ ജന്തുക്കളെ വീണ്ടും മുളപൊട്ടാന്‍ അനുവദിച്ചൂകൂടാ. അതില്ലാതെ സൂക്ഷിക്കലാണ് ഓരോ വ്യക്തിയുടെയും സമാധാനപൂര്‍ണമായ ജീവിതത്തിന് അഭികാമ്യവും അനിവാര്യതയും. ഇല്ലാത്ത പുലിക്കുപിന്നില്‍ വടിയുമായി ഓടുന്നവരുടെ ലക്ഷ്യം മറ്റു ചിലതായിരിക്കും. അത് തിരിച്ചറിയാനുള്ള വിവേകം ശരാശരി മലയാളിക്കുണ്ടാകാതിരിക്കാന്‍ തരമില്ല.

Chandrika Web: