എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ പതിവുള്ള ആവലാതികളും പരിദേവനങ്ങളും വീണ്ടും അന്തരീക്ഷത്തില്‍ ഉയര്‍ന്നിരിക്കുകയാണ്. പത്താം തരക്കാര്‍ക്ക് സ്‌കൂളുകളില്‍ തുടര്‍ന്ന് പ്ലസ്‌വണ്‍ ഉപരിപഠനം നടത്തുന്നതിനായി മതിയായ സീറ്റുകളില്ലാത്തതാണ് പരാതിക്കടിസ്ഥാനം. കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ പരാതികള്‍ ഉയര്‍ന്നതാണെങ്കിലും സര്‍ക്കാരിന് ഇക്കാര്യത്തില്‍ വേണ്ടത്ര സൂക്ഷ്മതയും ശ്രദ്ധയും ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് വീണ്ടും ഉപരിപഠനം നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത.് പ്ലസ്ടു പാസായ കുട്ടികള്‍ക്ക് ബിരുദത്തിന് സര്‍വകലാശാലകളില്‍ മതിയായ സീറ്റുകളില്ലെന്നതും പതിവുപോലെ പരാതിയായി ഉയര്‍ന്നിട്ടുണ്ട്. അത്തരക്കാര്‍ സമാന്തര-ഓപ്പണ്‍ സമ്പ്രദായത്തെയാണ് ആശ്രയിക്കുന്നത്. അതും അനിശ്ചതിത്വത്തിലാണിപ്പോള്‍. പതിനാലും പതിനഞ്ചും വയസ്സ് മാത്രം പ്രായമായ പത്താംതരം പിന്നിട്ടവരുടെ കാര്യമാണ് ഏറെ ആശങ്കയായി നമ്മുടെ തൊട്ടുമുന്നില്‍നില്‍ക്കുന്നത്.
പ്ലസ്‌വണ്‍ സീറ്റുകളുടെ കുറവ് പൊതുവില്‍ സംസ്ഥാനത്തുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് മിക്കതും വടക്കന്‍ജില്ലകളിലാണെന്നതാണ് ഇതിലെ ഞെട്ടിക്കുന്ന വസ്തുത. അറുപതിനായിരത്തിലധികം സീറ്റുകളുടെ കുറവ് തൃശൂര്‍ മുതലുള്ള വടക്കന്‍ ജില്ലകളിലുണ്ടാകുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ ഇരുപതിനായിരത്തോളം അധികമാണെന്നത് സംസ്ഥാനത്തെ മറ്റെല്ലാ കാര്യത്തിലുമെന്നതുപോലുള്ള തെക്ക്-വടക്ക് അസന്തുലിതാവസ്ഥ ഇതിലും പച്ചയായി മുന്നില്‍നില്‍ക്കുന്നു. അധികമായി സീറ്റുകള്‍ അനുവദിച്ച് താല്‍കാലികമായി പരിഹാരം കാണുന്ന രീതിയാണ് സര്‍ക്കാര്‍ മുമ്പ് സ്വീകരിച്ചിട്ടുള്ളതെങ്കിലും ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസ മേഖലയെയും വിദ്യാര്‍ത്ഥി-അധ്യാപക രംഗത്തെയും അലട്ടുന്നതാണ്. ബാച്ചുകള്‍ വര്‍ധിപ്പിക്കാതെ സീറ്റുകള്‍മാത്രം വര്‍ധിപ്പിക്കുന്ന രീതിയാണ് കഴിഞ്ഞ ആറു വര്‍ഷമായി ഇടതു സര്‍ക്കാര്‍ കൈക്കൊള്ളുന്ന രീതി. ഇത് കുട്ടികളുടെ പഠനത്തെയും ക്ലാസിലെ പഠനാന്തരീക്ഷത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കുറവുള്ള സീറ്റുകളുടെ ജില്ലതിരിച്ചുള്ള കണക്കിങ്ങനെയാണ്: മലപ്പുറം-30941, കോഴിക്കോട്-8579, പാലക്കാട്-10132, വയനാട്-2232, കണ്ണൂര്‍- 5356, കാസര്‍കോട്- 3723, തൃശൂര്‍- 1330. ഇതേസമയം തെക്കന്‍ ജില്ലകളില്‍ പത്തനംതിട്ടയില്‍മാത്രം 6074 സീറ്റുകളാണ് അധികമായി ഒഴിഞ്ഞുകിടക്കുന്നത്. കോട്ടയം-4990, ഇടുക്കി-1845, എറണാകുളം-673, ആലപ്പുഴ- 3164, തിരുവനന്തപുരം 848, കൊല്ലം-1796. ഇതിനര്‍ത്ഥമെന്താണ്? സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമായി ഈ അസന്തുലിതാവസ്ഥയെ കാണാനാകുമോ? തെക്കന്‍കേരളത്തിലേതുപോലുള്ള എണ്ണം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ എന്തുകൊണ്ട് മലബാര്‍ മേഖലയിലുണ്ടാവുന്നില്ല. ഇക്കാര്യത്തില്‍ കുറച്ചെങ്കിലും സന്തുലുതാവസ്ഥ നിര്‍വഹിച്ചത് മുന്‍ യു.ഡി.എഫ് സര്‍ക്കാരുകളാണ്.
എന്നിട്ടും ഒറ്റപ്പന്തിയിലെ രണ്ടു തരം വിളമ്പല്‍ തുടരുകയാണിന്നും. 2016ല്‍ ഇതുസബന്ധിച്ച പരാതി നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുപറഞ്ഞത്, സംസ്ഥാനത്തെ പ്ലസ്ടു പഠനത്തെ ഘടനാപരമായി പരിഷ്‌കരിക്കുമെന്നായിരുന്നു. അതിന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, വിശന്നുകരയുന്ന കുഞ്ഞിന് ഭക്ഷണത്തിന്പകരം കളിപ്പാട്ടം നല്‍കുന്ന രീതിയാണ ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. എന്തുകൊണ്ടാണ് മലബാര്‍ മേഖലയോട് സര്‍ക്കാനിത്ര ചതുര്‍ത്ഥിയെന്ന ചോദ്യത്തിനുത്തരം സര്‍ക്കാരോ ബന്ധപ്പെട്ട ഭരണകക്ഷിക്കാരോ വ്യക്തമായൊട്ട് നല്‍കുന്നുമില്ല. സംസ്ഥാനത്തെ റവന്യൂവരുമാനത്തിന്റെ 75 ശതമാനത്തിലധികം ഖജനാവിലേക്ക് തരുന്നത് മലബാര്‍ മേഖലയാണെന്നത് മറന്നുകൊണ്ടാണ് ഇവിടത്തുകാരോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മനയം. ഇത്തവണത്തെ കണക്കുപ്രകാരം ഏഴ് തെക്കന്‍ ജില്ലകളില്‍ 19,390 സീറ്റുകളാണ് അധികമായി അവശേഷിക്കുന്നതെങ്കില്‍ തൃശൂര്‍ മുതലുള്ള വടക്കന്‍ ജില്ലകളില്‍ കുറവുള്ള സീറ്റുകളുടെ സംഖ്യ 62,293 ആണ്. ഇതില്‍ ഞെട്ടിക്കുന്ന കുറവുള്ള ജില്ലയാണ ് മലപ്പുറം-30,941 സീറ്റുകള്‍. ഇത്രയും കുട്ടികള്‍ ഭാവിയില്‍ എവിടേക്ക്, ഏത് കോഴ്‌സുകളിലേക്കാണ് പോകുകയെന്ന് സര്‍ക്കാര്‍ പറഞ്ഞുതരണം. പോളിടെക്‌നിക്, ഐ. ടി.ഐ തുടങ്ങിയ കോഴ്‌സുകളുടെ എണ്ണമെടുത്താലും മലപ്പുറം ജില്ലയില്‍മാത്രം കാല്‍ലക്ഷത്തോളം കുട്ടികളാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരിക.
പഴയകാലത്തേതില്‍നിന്ന് വ്യതിരിക്തമായി പുതിയതലമുറ പ്രത്യേകിച്ച് മലബാറിലെ ന്യൂനപക്ഷ സമുദായ കുടുംബങ്ങളിലെ കുട്ടികള്‍, കൂടുതല്‍ പഠിക്കാനും പുതിയ തൊഴിലുകള്‍ തേടാനും തയ്യാറാണെന്നാണ് അനുഭവം. അതിന് അവസരമൊരുക്കുന്നതിനുപകരം ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ചെയ്യുന്നത് പണ്ടത്തെപോലെ അവരെ താഴ്ന്ന തൊഴിലിലേക്കും പ്രവാസത്തിലേക്കും വീണ്ടും കയറ്റിവിടാനൊരുങ്ങുകയാണെന്നുവേണം അനുമാനിക്കാന്‍. ഇക്കാര്യത്തില്‍ പ്രതിപക്ഷകക്ഷികളും സംഘടനകളും കെ.കെ.എന്‍ കുറുപ്പിനെപോലുള്ള വിദ്യാഭ്യാസ വിദഗ്ധരും ഉയര്‍ത്തിയിരിക്കുന്ന ആശങ്കയും ആവശ്യവും മുഖ്യമന്ത്രിയും വിദ്യാഭ്യാസവകുപ്പും കണ്ണു തുറന്നു കണ്ടേതീരൂ. കയ്യൂക്കുള്ളവര്‍ക്കും കരയുന്ന കുട്ടികള്‍ക്കും മാത്രമാകുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നാടിന്റെ മൊത്തം പരോഗതിയെയാണ് ബാധിക്കുകയെന്നത് ഇനിയും പഠിപ്പിക്കണോ? പുതിയ ബാച്ചുകള്‍ അനുവദിക്കുകയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനേക്കാള്‍ വേണ്ടത്. സര്‍ക്കാരാകട്ടെ അതിനുള്ള തയ്യാറെടുപ്പിലല്ല. ഇത് ഒരു സമൂഹത്തോടും പ്രദേശത്തോടുമുള്ള വഞ്ചനയും ഭരണഘടനാവിരുദ്ധവുമാണ്.